

2022 ല്‍ ചാറ്റ്ജിപിടി രംഗത്തെത്തിയപ്പോള്‍ ഞെട്ടിയത് സാധാരണക്കാര്‍ മാത്രമല്ല, ടെക് ഭീമന്മാര്‍ക്ക് അടക്കം അത്ഭുതപ്പെട്ടുവെന്ന് പറയുകയാണ് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. അടുത്തിടെ നല്‍കിയ അഭിമുഖത്തിലാണ് ചാറ്റ്ജിപിടി തന്നെ അമ്പരപ്പിച്ചുവെന്ന് സുന്ദര്‍ പിച്ചൈ തുറന്നു പറഞ്ഞത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ മത്സരം ആരംഭിച്ചു കഴിഞ്ഞുവെന്ന് താന്‍ തിരിച്ചറിഞ്ഞ നിമിഷത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു സുന്ദര്‍ പിച്ചൈ. 2015 ല്‍ തന്നെ ഗൂഗിള്‍ ഗൂഗിള്‍ എഐ ഫസ്റ്റ് കമ്പനിയായി പ്രഖ്യാപിച്ചിരുന്നെങ്കിലും മാറ്റത്തിന്റെ വേഗത തന്നെ അത്ഭുതപ്പെടുത്തിയെന്നും ഗൂഗിള്‍ സിഇഒ പറഞ്ഞു.
ഓപ്പണ്‍ എഐയുടെ ചാറ്റ്ജിപിടി ആദ്യമായി കണ്ടപ്പോഴുള്ള തന്റെ പ്രതികരണം എന്തായിരുന്നുവെന്നും സുന്ദര്‍ പിച്ചൈ വെളിപ്പെടുത്തി. "കൊള്ളാം, ഈ സാങ്കേതികവിദ്യ നമ്മള്‍ പ്രതീക്ഷിച്ചതിലും നേരത്തെയും വേഗത്തിലും വ്യാപിക്കാന്‍ പോകുന്നു". എന്നായിരുന്നു തന്റെ ആദ്യ പ്രതികരണം എന്നാണ് അദ്ദേഹം പറഞ്ഞത്.
'അസ്വസ്ഥതയുണ്ടാക്കുന്ന ആവേശം' എന്നാണ് ഇതിനെ പിച്ചൈ വിശേഷിപ്പിച്ചത്. എഐ ചാറ്റ്‌ബോട്ട് നിര്‍മ്മിക്കുന്നതിന് ആവശ്യമായ എല്ലാ സാങ്കേതിക വിദ്യകളും ഗൂഗിളിന്റെ സ്വന്തം റിസര്‍ച്ച് ലാബുകളില്‍ ഉണ്ടായിരുന്നെങ്കിലും അത് ഉല്‍പ്പന്നമാക്കി മാറ്റി വാര്‍ത്തകളില്‍ വേഗത്തില്‍ ഇടംപിടിച്ചത് ഓപ്പണ്‍ എഐ ആയിരുന്നു.