മൊബൈൽ സിം കണക്ഷൻ പ്രീപെയ്‌ഡിൽ നിന്ന് പോസ്റ്റ്‌പെയ്‌ഡിലേക്കോ പോസ്റ്റ്‌പെയ്‌ഡിൽ നിന്നും പ്രീപെയ്‌ഡിലേക്കോ മാറ്റാനുള്ള നടപടികൾ എളുപ്പത്തിലാക്കി ടെലികോം വകുപ്പ്. പ്രീപെയ്‌ഡ്, പോസ്റ്റ്‌പെയ്‌ഡ് മൊബൈൽ കണക്ഷനുകൾക്കിടയിൽ മാറാനായി ഇനി ഒടിപി മാത്രം മതിയാകും. 90 ദിവസങ്ങൾക്ക് പകരം 30 ദിവസത്തിന് ശേഷം സിം മാറ്റാനും കഴിയും.
2021ൽ പുറത്തിറക്കിയ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ ടെലികോം നടപടി. 2021ലെ മാർഗനിർദേശം പ്രകാരം ഒരു തവണ സിം മാറി കഴിഞ്ഞ് 90 ദിവസങ്ങൾക്ക് ശേഷം മാത്രമേ മറ്റൊരു കണക്ഷനിലേക്ക് മാറാൻ കഴിയൂ.
ടെലികോം ഇതിൽ നിന്നും ചില പരിഷ്കരണങ്ങൾ വരുത്തിയിട്ടുണ്ട്. ഇനി കണക്ഷൻ മാറ്റി 30 ദിവസങ്ങൾക്ക് ശേഷം ഉപയോക്താവിന് വീണ്ടും സിം മാറാൻ കഴിയും. എന്നാൽ തുടർച്ചയായി ഒടിപി അടിസ്ഥാന പരിവർത്തനം തിരഞ്ഞെടുക്കുകയാണെങ്കിൽ,90 ദിവസത്തിനുശേഷം മാത്രമേ അവർക്ക് വീണ്ടും കണക്ഷൻ മാറ്റാൻ കഴിയൂ. ഓരോ പരിവർത്തനവും ആരംഭിക്കുന്നതിന് മുമ്പ് ഇത് ഉപഭോക്താവിനെ വ്യക്തമായി അറിയിക്കും.
ഒരു ഉപഭോക്താവ് 30 അല്ലെങ്കിൽ 90 ദിവസത്തെ ലോക്ക്-ഇൻ കാലയളവിനുള്ളിൽ പരിവർത്തനം ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, PoS-ലോ ലൈസൻസുള്ളവരുടെ അംഗീകൃത ഔട്ട്‌ലെറ്റുകളിലോ KYC പ്രക്രിയ പിന്തുടർന്ന് കണക്ഷൻ മാറ്റാൻ സാധിക്കും.