

വാഷിംഗ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന വിപ്ലവ സാങ്കേതികവിദ്യയുടെ പേരിൽ സിലിക്കൺ വാലിയിലെ വൻകിട ടെക് ഭീമന്മാരും വാൾസ്ട്രീറ്റ് നിക്ഷേപകരും കണ്ണുമടച്ച് പണമൊഴുക്കുമ്പോൾ, തൊട്ടുമുൻപ് ഇതേ അത്യാവേശത്തിന് പിന്നാലെ ചൈനീസ് വിപണിയിൽ സർവ്വതും തകർത്തെറിഞ്ഞ് പൊട്ടിത്തെറിച്ച 'എഐ കുമിള' അമേരിക്കയെയും കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിടുമോ എന്ന ഞെട്ടിക്കുന്ന യാഥാർത്ഥ്യങ്ങൾ നിലനില്‍ക്കുകയാണ്.
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് അപേക്ഷ സമർപ്പിച്ച ക്ലോഡ് എഐയുടെ നിർമ്മാതാക്കളായ ആന്ത്രോപിക്കും, അത്യാധുനിക എഐ ചിപ്പുകൾ പാട്ടത്തിനെടുക്കാനായി 40 ബില്യൺ ഡോളറിന്റെ ധനസഹായം ഉറപ്പാക്കിയ ഇലോൺ മസ്കിന്റെ സ്പേസ് എക്സും, തങ്ങളുടെ എഐ അടിസ്ഥാന സൗകര്യങ്ങൾക്കായി 95 ബില്യൺ ഡോളറിന്റെ മൂലധന സമാഹരണത്തിന് നീക്കം നടത്തുന്ന മാർക്ക് സക്കർബർഗിന്റെ മെറ്റയും ചേർന്ന് യുഎസ് വിപണിയിൽ സൃഷ്ടിച്ചിരിക്കുന്നത് എഐ അധിഷ്ഠിതമായ സമാനതകളില്ലാത്ത ധനപ്രവാഹമാണ്.
യുഎസ് വിപണിയിൽ വിവിധ എഐ കരാറുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടത് ഏകദേശം ഏകദേശം 19.7 ലക്ഷം കോടി രൂപ. അതായത് അമേരിക്കയുടെ മൊത്തം വാർഷിക ആഭ്യന്തര ഉത്പാദനത്തിന്റെ ഏതാണ്ട് ഒരു ശതമാനത്തോളം വരുന്ന ഭീമമായ തുകയാണിത്. എന്നാൽ, എൻവിഡിയയുടെ ഗ്രാഫിക്സ് പ്രോസസറുകൾക്കും , ആണവോർജ്ജം അടക്കമുള്ള വമ്പൻ പവർ പ്ലാന്റുകൾക്കും, പടുകൂറ്റൻ ഡാറ്റാ സെന്ററുകൾക്കുമായി ലക്ഷക്കണക്കിന് കോടി ഡോളറുകൾ വാരിയെറിയുന്ന അമേരിക്കൻ കോർപ്പറേറ്റ് ലോകം കണ്ണടച്ചുനിൽക്കുന്നത് ചൈനയിൽ തൊട്ടുമുമ്പ് സംഭവിച്ച കഠിനമായ യാഥാർത്ഥ്യങ്ങൾക്ക് നേരെയാണെന്ന് സാമ്പത്തിക-സാങ്കേതിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
തൊണ്ണൂറുകളിലെ ഇന്റർനെറ്റ് കുതിച്ചുചാട്ടത്തിന് പിന്നാലെ ഉണ്ടായ കുപ്രസിദ്ധമായ 'ഡോട്ട്-കോം' തകർച്ചയ്ക്ക് സമാനമായി, ചൈനയിൽ എഐ മേഖലയിൽ അടുത്തിടെ അരങ്ങേറിയത് സമാനതകളില്ലാത്ത തിരിച്ചടിയാണ്. വെറും നാല് മാസത്തിനുള്ളിൽ ചൈനീസ് എഐ, സെമികണ്ടക്ടർ ഓഹരികളിൽ നിന്ന് ആവിയായിപ്പോയത് 480 ബില്യൺ ഡോളർ അതായത് ഏകദേശം 40 ലക്ഷം കോടി രൂപയാണ്. 'നൂറ് മോഡലുകളുടെ യുദ്ധം' എന്ന് വിശേഷിപ്പിക്കപ്പെട്ട ചൈനീസ് എഐ വിപ്ലവത്തിൽ ബൈഡുവിന്റെ 'ഏണി'യും, അലിബാബയുടെ 'ക്വെൻ' മോഡലുകളും, ടെൻസെന്റും, ടിക്ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാൻസും തമ്മിൽ കടുത്ത മത്സരമാണ് നടന്നത്.
ഉപഭോക്താക്കളെയും ബിസിനസുകളെയും ആകർഷിക്കാനായി കമ്പനികൾ അന്ധമായ വിലയുദ്ധത്തിലേക്ക് നീങ്ങുകയും, എഐ ടോക്കണുകളുടെയും എപിഐകളുടെയും നിരക്കുകൾ 90 ശതമാനത്തിലധികം വെട്ടിക്കുറച്ച് സൗജന്യമായോ നാമമാത്രമായ തുകയ്ക്കോ നൽകാൻ തുടങ്ങുകയും ചെയ്തു. എന്നാൽ ഉത്പന്നങ്ങൾ സൗജന്യമായി ലഭിച്ചുതുടങ്ങിയതോടെ കമ്പനികൾക്കോ ഉപഭോക്താക്കൾക്കോ പണം നൽകി എഐ സർവീസുകൾ വാങ്ങാൻ താല്പര്യമില്ലാതായി മാറുകയും ഭീമമായ സർവർ ചെലവുകൾക്ക് ആനുപാതികമായി വരുമാനം കണ്ടെത്താൻ ഒരു കമ്പനിക്കും സാധിക്കാതെ വരികയും ചെയ്തു.
ഒപ്പം അമേരിക്കയുടെ കടുത്ത ഉപരോധങ്ങളും ചൈനീസ് എഐ കമ്പനികള്‍ക്ക് തിരിച്ചടിയായി. ലോകത്തെ ഏറ്റവും മികച്ച എൻവിഡിയ എഐ ചിപ്പുകൾ ചൈനയ്ക്ക് നൽകുന്നത് വാഷിംഗ്ടൺ പൂർണ്ണമായി തടഞ്ഞു. ഇതോടെ ചൈനീസ് കമ്പനികൾക്ക് സ്വന്തം ചിപ്പുകൾ ഉപയോഗിച്ച് എഐ പരിശീലിപ്പിക്കേണ്ടി വന്നു. ഇത് കമ്പ്യൂട്ടിംഗ് ചെലവ് ഇരട്ടിയാക്കി. ഇതിനുപുറമെ, അമേരിക്കൻ ഡാറ്റാ സെന്ററുകളിൽ ചൈനീസ് നിർമ്മിത ഒപ്റ്റിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് നിരോധിക്കാൻ അമേരിക്ക നീക്കം തുടങ്ങിയതോടെ ചൈനീസ് ടെക് കമ്പനികളുടെ ആഗോള വിപണിയും അടഞ്ഞു.
ഇതിനൊപ്പം ചൈനീസ് സർക്കാർ നൽകിയിരുന്ന സബ്‌സിഡികൾ നിലയ്ക്കുകയും വെഞ്ചർ കാപ്പിറ്റൽ നിക്ഷേപകർ പിൻവാങ്ങുകയും ചെയ്തതോടെ നൂറുകണക്കിന് ചൈനീസ് എഐ സ്റ്റാർട്ടപ്പുകളാണ് ഒന്നൊന്നായി പൂട്ടിപ്പോവുകയോ തുച്ഛമായ വിലയ്ക്ക് വിറ്റഴിയുകയോ ചെയ്തത്. സാങ്കേതികവിദ്യ മികച്ചതാണെങ്കിൽപ്പോലും അതിലൂടെ സുസ്ഥിരമായ വരുമാനമുണ്ടാക്കാൻ കഴിയാത്തതാണ് ചൈനീസ് എഐ കുമിള പൊട്ടിത്തെറിക്കാൻ കാരണമായത്.
ചൈനയിൽ നടന്ന ഇതേ ദുരന്തത്തിലേക്ക് തന്നെയാണ് അമേരിക്കൻ ടെക് കമ്പനികളും ഇപ്പോൾ അതിവേഗം പാഞ്ഞുകൊണ്ടിരിക്കുന്നതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. മൈക്രോസോഫ്റ്റ്, ഗൂഗിൾ, ആമസോൺ, മെറ്റാ തുടങ്ങിയ വൻകിട കമ്പനികൾ എഐക്ക് വേണ്ടി നടത്തുന്ന ഭീമമായ മൂലധന ചെലവുകൾക്ക് അനുസൃതമായ വരുമാനം നിലവിൽ ഒരു കമ്പനിക്കും തിരിച്ചുപിടിക്കാൻ സാധിക്കുന്നില്ല. കോടിക്കണക്കിന് രൂപ ചെലവഴിക്കുന്ന മൈക്രോസോഫ്റ്റ് തങ്ങളുടെ എഐ പരീക്ഷണങ്ങൾക്ക് പണം കണ്ടെത്താനായി 60000 ജീവനക്കാർക്ക് ഒരേസമയം സ്വയം വിരമിക്കൽ പാക്കേജ് നൽകി പടിയിറക്കാൻ നിർബന്ധിതമായത് ഈ കടുത്ത സാമ്പത്തിക സമ്മർദ്ദത്തിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ്.
എഐ സാങ്കേതികവിദ്യയിൽ മനുഷ്യന്റെ ചിന്താശേഷിയെ വെല്ലുന്ന 'ജനറൽ ഇന്റലിജൻസ്' നേടുമെന്ന് പ്രഖ്യാപിച്ച് സിലിക്കൺ വാലി മുന്നേറുമ്പോഴും, യഥാർത്ഥ വ്യവസായ രംഗത്ത് ഇത്തരം ടൂളുകൾ വരുത്തിവെക്കുന്ന പിഴവുകളും കൃത്യതയില്ലായ്മയും സുരക്ഷാ പ്രശ്നങ്ങളും കമ്പനികളെ ഇവയ്ക്ക് വലിയ തുക മുടക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നുണ്ട്.
കൂടാതെ, മെറ്റയുടെ 'ലാമ' പോലെയുള്ള ഓപ്പൺ സോഴ്സ് എഐ മോഡലുകൾ തികച്ചും സൗജന്യമായി ലഭ്യമാകുന്നതോടെ പണം നൽകി ഉപയോഗിക്കുന്ന വാണിജ്യ മോഡലുകളുടെ വിപണിമൂല്യം ചൈനയിലേതുപോലെ കുത്തനെ ഇടിയുകയാണ്. വാൾസ്ട്രീറ്റ് വിപണിയിലെ നിക്ഷേപങ്ങൾ വൻതോതിൽ എഐ കേന്ദ്രീകൃതമായി മാറിയിരിക്കുന്നതിനാൽ, ഈ കുമിള പൊട്ടിത്തെറിച്ചാൽ അത് കേവലം ടെക് കമ്പനികളെ മാത്രമല്ല, ലോകമെമ്പാടുമുള്ള ഓഹരി വിപണികളെയും സാധാരണക്കാരുടെ പെൻഷൻ ഫണ്ടുകളെയും ആഗോള സാമ്പത്തിക ഭദ്രതയെത്തന്നെയും തകിടം മറിക്കുമെന്ന കടുത്ത മുന്നറിയിപ്പാണ് സാമ്പത്തിക വിദഗ്ദ്ധർ നൽകുന്നത്.