

യുഎസ് നിക്ഷേപകരുമായി ഒത്തുതീർപ്പിലെത്തി ടിക് ടോക് ഉടമകൾ. ടിക്ടോക്കിൻ്റെ ചൈനീസ് ഉടമയായ ബൈറ്റ് ഡാൻസ് ആപ്പിൻ്റെ പ്രവർത്തനങ്ങളുടെ നിയന്ത്രണം അമേരിക്കൻ ആഗോള നിക്ഷേപകർക്ക് കൈമാറുന്നതിനുള്ള കരാറിൽ ഒപ്പുവച്ചു. ടിക് ടോകിൻ്റെ പകുതിയിലേറെ ഉടമസ്ഥാവകാശം ഓറക്കിൾ, സിൽവർ ലേക്ക്, എംജിഎക്സ് എന്നിവർക്ക് കൈമാറുവാനുള്ള കരാറിലാണ് ടിക് ടോക് ഒപ്പുവച്ചത്. ഇതോടെ അമേരിക്കയിൽ വീണ്ടും വീഡിയോ പ്ലാറ്റ്ഫോമായ ടിക് ടോക് പ്രവർത്തനം ആരംഭിച്ചേക്കും.
കരാർ പ്രകാരം ടിക് ടോക്കിൻ്റെ 50 ശതമാനം ഓഹരികൾ പുതിയ നിക്ഷേപകർക്കായിരിക്കും. ജനുവരി 22നാണ് ഇത് സംബന്ധിച്ച കരാർ പ്രാബല്യത്തിൽ വരിക. ഇതോടെ ടിക് ടോക്കിൻ്റെ അൽഗോരിതം നിയന്ത്രിക്കാൻ ചൈനീസ് കമ്പനിക്ക് പുറമേ അമേരിക്കൻ കമ്പനിക്കും സാധിക്കും. അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണിയെന്ന് ചൂണ്ടിക്കാണിച്ചാണ് ടിക് ടോക് നിരോധിക്കാൻ അമേരിക്കൻ കോൺഗ്രസ് 2024 ൽ തീരുമാനിച്ചത്.
കരാറനുസരിച്ച് ബൈറ്റ് ഡാൻസ് ബിസിനസിൻ്റെ 19.9% നിലനിർത്തുമ്പോൾ അമേരിക്കൻ കമ്പനികൾ 15% ഓഹരി വീതം കൈയാളും. ബാക്കി ഉള്ള 30.1% ബൈറ്റ് ഡാൻസിന് കീഴിലുള്ള അംഗീകൃത നിക്ഷേപകരുടെ അനുബന്ധ സ്ഥാപനങ്ങൾക്ക് കീഴിലാവും.
തുടർച്ചയായി കാലതാമസം നേരിട്ട ശേഷമാണ് കരാർ നിലവിൽ വരുന്നത്.2024 ഏപ്രിലിൽ, ജോ ബൈഡൻ്റെ ഭരണകാലത്താണ് ദേശീയ സുരക്ഷാ കാരണങ്ങളാൽ ആപ്പ് നിരോധിക്കുന്നതിനുള്ള നിയമം യുഎസ് കോൺഗ്രസ് പാസാക്കിയത്. 2025 ജനുവരി 20 മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് കരുതിയിരുന്നെങ്കിലും ഇത് പിന്നീട് പല തവണയായി മാറ്റി വെക്കുകയായിരുന്നു.
ഒക്ടോബറിൽ ട്രംപും ഷീ ജിൻപിങും പരസ്പരം കണ്ടതിനുശേഷവും പ്ലാറ്റ്‌ഫോമിൻ്റെ ഭാവി അവ്യക്തമായി തന്നെ തുടർന്നു.വ്യാപാര കാര്യങ്ങളിലും മറ്റും ഇരു രാജ്യങ്ങളും തമ്മിലുണ്ടായ സംഘർഷങ്ങളും ആപ്പിൻ്റെ ഭാവി അനിശ്ചിതത്വത്തിലാക്കുകയായിരുന്നു.