
പുതിയ ബിസിനസ് സംരംഭവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വ്യക്തിപരമായി സ്മാര്‍ട്ട് ഫോണ്‍ വിപണിയിലിറക്കാനും മൊബൈല്‍ സേവനങ്ങള്‍ ആരംഭിക്കാനുമാണ് പദ്ധതി. ട്രംപ് മൊബൈല്‍ എന്നാണ് മൊബൈല്‍ ഫോണിന്റെ പേര്. ട്രംപിന്റെ ഉടമസ്ഥതയിലുള്ള ദ് ട്രംപ് ഓർഗനൈസേഷനാണ് സ്മാർട്ട് ഫോൺ അവതരിപ്പിക്കുന്നത്. അമേരിക്കയില്‍ നിര്‍മിച്ച ഫോണുകളാവും വിപണിയിലിറക്കുകയെന്നാണ് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.
499 ഡോളർ (43,000 രൂപ) വിലയുള്ള ‘ടി1’ സ്മാർട്ട് ഫോണാണ് ‘ട്രംപ് മൊബൈൽ’ ബ്രാൻഡിൽ വിപണിയിലിറക്കുന്നത്. സെപ്റ്റംബറിലാകും ഫോൺ വിൽപനയ്ക്ക് എത്തുക. 100 ഡോളർ നൽകി ഫോൺ ഇപ്പോൾ ബുക്ക് ചെയ്യാനുള്ള അവസരവും ട്രംപ് ഓർഗനൈസേഷൻ നൽകുന്നുണ്ട്. ഇതിനോടകം നിരവധിയാളുകളാണ് ഫോൺ ബുക്ക് ചെയ്യാനായി കമ്പനിയുടെ വെബ്സൈറ്റ് സന്ദർശിക്കുന്നത്.
സ്വർണ നിറമാണ് ടി1 സ്മാർട്ഫോണിന് കമ്പനി നൽകിയിരിക്കുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേളയിലെ ‘മെയ്ക്ക് അമേരിക്ക ഗ്രെയ്റ്റ് എഗെയ്ൻ’ എന്ന മുദ്രാവാക്യവും അമേരിക്കയുടെ പതാകയും ഫോണിൽ കാണാം. ടി1 മൊബൈലിൽ ആൻഡ്രോയിഡ് 15 ഓപ്പറേറ്റിങ് സിസ്റ്റമാണുള്ളത്. 6.8 ഇഞ്ച് അമൊലെഡ് സ്ക്രീൻ, 16 മെഗാപിക്സൽ സെൽഫി ക്യാമറ, 50 എംപി ബാക്ക് ക്യാമറ, 12 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്, ഫിംഗർപ്രിന്റ് സെൻസർ, എഐ ഫെയ്സ് അൺലോക്ക് തുടങ്ങിയ ഫീച്ചറുകൾ ഫോണിന് നൽകിയിട്ടുണ്ട്. 5,000 എംഎഎച്ച് ബാറ്ററിയും ഫാസ്റ്റ് ചാർജിങ് സൗകര്യവും ഫോണിന് നൽകിയിട്ടുണ്ട്.
യുഎസിൻ്റെ അഭിമാനം ഉയർത്തിപ്പിടിക്കുന്നതും ഒരു കുടുംബാംഗത്തെപ്പോലെ ഒപ്പം നിൽക്കുന്നതും വലിയ നിരക്ക് ഈടാക്കാത്തതുമായ സേവനമാണ് കമ്പനി നൽകുകയെന്നാണ് കമ്പനി വെബ്സൈറ്റിൽ പറയുന്നത്. ലൈസൻസിങ് കരാർ പ്രകാരമാണ് ഫോൺ വിപണിയിലിറക്കുന്നത്. ഫോണിന്റെ രൂപകൽപന, നിർമാണം, വിതരണം എന്നിവയ്ക്ക് ട്രംപ് ഓർഗനൈസേഷനോ അനുബന്ധ സ്ഥാപനങ്ങൾക്കോ ബന്ധമുണ്ടാകില്ലെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്.
പ്രതിമാസം 47.45 ഡോളറിന്റെ റീചാർജ് പ്ലാനും ട്രംപ് ഓർഗനൈസേഷൻ അവതരിപ്പിച്ചിട്ടുണ്ട്. അൺലിമിറ്റഡ് കോൾ, എസ്എംഎസ്, ഡേറ്റയും കൂടാതെ 24*7 റോഡ്സൈഡ് അസിസ്റ്റൻസും ടെലിഹെൽത്ത് സേവനവും മറ്റും ‘ദ് 47 പ്ലാൻ’ ഉറപ്പുനൽകുന്നുണ്ട്. ഇന്ത്യയിലേക്ക് അടക്കം 100ഓളം രാജ്യങ്ങളിലേക്ക് അൺലിമിറ്റഡ് കോളും വാഗ്ദാനം ചെയ്യുന്നുണ്ട്.