

ദില്ലി: രാജ്യത്തെ ഡിജിറ്റൽ പണമിടപാട് രംഗത്ത് നിർണായക മാറ്റമാണ ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നത്. 2,000 രൂപയ്ക്ക് മുകളിലുള്ള ചില വ്യാപാരി ഉപയോക്താവ് യുപിഐ ഇടപാടുകൾക്ക് ഒക്ടോബർ 15 മുതൽ 0.4 ശതമാനം വ്യാപാരി ഇടപാട് നിരക്ക് (MDR) ഏർപ്പെടുത്തും. ദേശീയ പേയ്മെന്റ് കോർപ്പറേഷൻ പുറത്തിറക്കിയ പുതിയ മാർഗനിർദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
എന്നാൽ പുതിയ നിരക്ക് ഉപഭോക്താവിൽ നിന്ന് നേരിട്ട് ഈടാക്കില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം. ഒരാളിൽ നിന്ന് മറ്റൊരാളിലേക്കുള്ള യുപിഐ ഇടപാടുകൾക്ക് തുക എത്രയായാലും ഈ നിരക്കുണ്ടാകില്ല. 2,000 രൂപ വരെയുള്ള ഉപയോക്താവ് വ്യാപാരി ഇടപാടുകൾക്കും പുതിയ നിരക്ക് ബാധകമല്ല. എന്നാല്‍ 2000ത്തിന് മുകളിലുള്ള എല്ലാ ഇടപാടുകള്‍ക്കും വ്യാപാരിയില്‍ നിന്നും ചാര്‍ജ് ഈടാക്കും.
2,000 രൂപയ്ക്ക് മുകളിലുള്ള വ്യക്തിയിൽ നിന്ന് വ്യാപാരിയിലേക്കുള്ള ഇടപാടുകൾക്കാണ് (Person-to-Merchant -P2M) യുപിഐ ഇടപാടുകൾക്കാണ് 0.4 ശതമാനം നിരക്ക് ബാധകമാകുക. ഉദാഹരണത്തിന്, 3,000 രൂപയുടെ ഒരു ഇടപാടിന് 12 രൂപയും 50,000 രൂപയുടെ ഇടപാടിന് 200 രൂപയും നിരക്കായി വരും. എന്നാൽ 75,000 രൂപയ്ക്കും അതിന് മുകളിലുമുള്ള ഇടപാടുകൾക്ക് പരമാവധി 300 രൂപ മാത്രമായിരിക്കും ഈടാക്കുക. റെയിൽവേ, ടെലികോം, ഇൻഷുറൻസ്, ഇന്ധനം തുടങ്ങിയ ചില മേഖലകളിൽ 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് 5 രൂപയുടെ നിശ്ചിത നിരക്കായിരിക്കും എംഡിആര്‍.
സാധാരണ ഉപയോക്താക്കളെ ഈ ചാര്‍ജ് ബാധിക്കില്ലെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. സുഹൃത്തിനോ ബന്ധുവിനോ പണം അയയ്ക്കുന്ന ഇടപാടുകൾക്ക് പുതിയ നിരക്ക് ബാധകമല്ല. ഇടപാട് തുക എത്രയായാലും ഇത്തരം ഇടപാടുകൾ സൗജന്യമായി തുടരും.
അതുപോലെ 2,000 രൂപ വരെയുള്ള വ്യാപാരി ഇടപാടുകൾക്കും നിരക്കുണ്ടാകില്ല. ചെറുകിട വ്യാപാരികൾക്കും ഇളവുകൾ തുടരും. കുറഞ്ഞ തുകയിലുള്ള യുപിഐ ഇടപാടുകളിൽ വലിയൊരു ഭാഗവും സൗജന്യമായി തുടരുമെന്നാണ് സർക്കാർ പറയുന്നത്.
യുപിഐ സംവിധാനത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ, സൈബർ സുരക്ഷ, ബാങ്കുകൾ, പേയ്മെന്റ് സേവനദാതാക്കൾ, യുപിഐ ആപ്പുകൾ എന്നിവയുടെ പ്രവർത്തനച്ചെലവുകൾക്കായി പേയ്മെന്റ് ഇക്കോസിസ്റ്റത്തിന് വരുമാനം ഉറപ്പാക്കുകയാണ് പുതിയ നിരക്കിലൂടെ സംവിധാനത്തിന്റെ ലക്ഷ്യമെന്നാണ് സർക്കാർ വിശദീകരണം.
ഇത് സർക്കാർ ഈടാക്കുന്ന നികുതിയല്ലെന്നും, എംഡിആര്‍ വഴി ലഭിക്കുന്ന തുക പേയ്മെന്റ് സംവിധാനത്തിലെ വിവിധ പങ്കാളികൾക്കിടയിൽ വിതരണം ചെയ്യുമെന്നും ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
നിലവിൽ യുപിഐയുടെ പ്രധാന ആകർഷണങ്ങളിലൊന്ന് ഇടപാടുകൾക്ക് പ്രത്യേക നിരക്ക് ഇല്ല എന്നതാണ്. 2020 മുതൽ വ്യാപാരി ഇടപാടുകളിൽ ഇത്തരം നിരക്ക് ഇല്ലാതിരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ വലിയ തുകയുള്ള ചില ഇടപാടുകൾക്ക് വീണ്ടും നിരക്ക് ഏർപ്പെടുത്തുന്നത്.
അതുകൊണ്ടുതന്നെ തീരുമാനം രാഷ്ട്രീയമായും സാമ്പത്തികമായും വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം തീരുമാനത്തെ ശക്തമായി വിമർശിച്ചു. വ്യാപാരികൾക്ക് വരുന്ന അധിക ചെലവ് പിന്നീട് ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും വിലയിൽ ഉൾപ്പെടുത്തി ഉപഭോക്താക്കളിൽ നിന്ന് തന്നെ തിരിച്ചുപിടിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. കോൺഗ്രസ് പുതിയ നടപടിയെ ‘മോദി ടാക്സ്’ എന്നാണ് വിശേഷിപ്പിച്ചത്.
യുപിഐയിലെ പുതിയ നിരക്കിനെതിരെ ഭാരത്‌പേയുടെ മുൻ സഹസ്ഥാപകൻ അഷ്നീർ ഗ്രോവറും ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. യുപിഐ പോലുള്ള രാജ്യത്തിന്റെ വിജയകരമായ ഡിജിറ്റൽ പണമിടപാട് സംവിധാനത്തിന് നിരക്ക് ഏർപ്പെടുത്തുന്നത് എന്തിനാണെന്ന ചോദ്യമാണ് ഗ്രോവർ ഉയർത്തിയത്.
എടിഎം, പണം കൈകാര്യം ചെയ്യൽ തുടങ്ങിയ പരമ്പരാഗത പണമിടപാട് സംവിധാനങ്ങൾക്ക് രാജ്യത്ത് വലിയ ചെലവുണ്ടാകുന്ന സാഹചര്യത്തിൽ, ഡിജിറ്റൽ പണമിടപാടായ യുപിഐയെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും അതിന് പകരം നിരക്ക് ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം.
യുപിഐയിലെ നിരക്ക് ഒടുവിൽ ഉപഭോക്താക്കളിലേക്ക് എത്താനുള്ള സാധ്യതയും അദ്ദേഹം ചൂണ്ടിക്കാട്ടി. യുപിഐ രാജ്യത്തിന്റെ വിജയകരമായ സാങ്കേതിക സംവിധാനമാണെന്നും അതിന് മേൽ നിരക്ക് ചുമത്തുന്നത് തിരിച്ചടിയാകുമെന്നും ഗ്രോവർ വിമർശിച്ചു.
യുപിഐ നിരക്ക് ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യകത തന്നെ അദ്ദേഹം ചോദ്യം ചെയ്തു. ബാങ്കുകളും പണമിടപാട് സംവിധാനവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും യുപിഐയുടെ വളർച്ചയിൽ നിന്ന് സാമ്പത്തിക നേട്ടം നേടുന്ന സാഹചര്യത്തിൽ വ്യാപാരി ഇടപാട് നിരക്ക് കൊണ്ടുവരേണ്ടതിന്റെ ആവശ്യകത എന്താണെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.
യുപിഐ പണമിടപാടുകളുടെ എണ്ണവും മൂല്യവും വലിയ തോതിൽ ഉയർന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. 2026 ഓഗസ്റ്റിൽ മാത്രം യുപിഐ വഴി ഏകദേശം 24 ബില്യൺ ഇടപാടുകളാണ് നടന്നത്. ഈ ഇടപാടുകളുടെ ആകെ മൂല്യം ഏകദേശം 311 ബില്യൺ അമേരിക്കൻ ഡോളറായിരുന്നു. ഇത്രയും വലിയ സംവിധാനത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും നിലനിർത്താൻ ആവശ്യമായ ചെലവ് കണ്ടെത്തുക എന്നതും പുതിയ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വരുന്ന റിപ്പോര്‍ട്ട്.
എന്നാൽ വ്യാപാരികൾക്ക് വരുന്ന അധിക ചെലവ് ഭാവിയിൽ സാധനങ്ങളുടെയും സേവനങ്ങളുടെയും വിലയെ എങ്ങനെ ബാധിക്കും എന്നതാണ് ഇനി ശ്രദ്ധിക്കേണ്ട പ്രധാന കാര്യമാണ്. ഒപ്പം ഇത് വിജയകരമായി വരുകയാണെങ്കില്‍ തുടര്‍ന്ന് ഇത് സാധാരണക്കാരുടെ ഉപയോഗത്തിലേക്ക് വരുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. പുതിയ നിരക്ക് സംവിധാനം പ്രാബല്യത്തിൽ വരുമ്പോൾ യുപിഐ ഉപയോഗിക്കുന്ന സാധാരണക്കാരനും വ്യാപാരികൾക്കും യഥാർഥത്തിൽ എന്ത് മാറ്റമാണ് ഉണ്ടാകുന്നത് എന്നതാകും ഇനി നിർണായകം.