
കോഴിക്കോട്: കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന ഹ്രസ്വ എഐ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. 'KL കിനാവ്' എന്ന് പേരിട്ടിരിക്കുന്ന ഈ വീഡിയോയില്‍, അന്യഗ്രഹത്തില്‍ നിന്നുള്ള ഒരു കുടുംബം കേരളത്തിന്റെ സൗന്ദര്യത്തില്‍ ആകൃഷ്ടരായി ഇവിടേക്ക് അവധിക്കാലം ആഘോഷിക്കാന്‍ വരുന്നതാണ് പ്രമേയം.
കേരളത്തില്‍ നിന്നുള്ള സിഗ്നല്‍ ലഭിക്കുന്നതോടെയാണ് അന്യഗ്രഹ ജീവികള്‍ കേരളത്തെക്കുറിച്ച് അറിയുന്നത്. തുടര്‍ന്ന് വെക്കേഷന്‍ ആഘോഷിക്കുന്നതിനായി കേരളത്തിലേക്ക് എത്തുന്നു. കേരളത്തിലെ ഒരു ഗൈഡിന്റെ സഹായത്തോടെ അവര്‍ കെ.എസ്.ആര്‍.ടി.സി ബസ്സില്‍ യാത്ര ചെയ്യാനും പത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിക്കാനും മൂന്നാറിലെ മലനിരകളുടെ സൗന്ദര്യമാസ്വദിക്കാനും കുട്ടനാട്ടിലെ ഹൗസ്‌ബോട്ടില്‍ കറങ്ങാനുമെല്ലാം പോകുന്നു.
കപ്പയും കരിമീനും പോലുള്ള തനത് വിഭവങ്ങള്‍ ആസ്വദിക്കുന്നതും, കൊച്ചി മെട്രോയുടെ ആധുനിക കാഴ്ചകളും, പാലക്കാടിന്റെ ഗ്രാമീണ കാഴ്ച്ചകളും, തൃശ്ശൂര്‍ പൂരത്തിന്റെ വര്‍ണ്ണാഭമായ നിമിഷങ്ങളും, മലപ്പുറത്തെ ഫുട്‌ബോള്‍ ആവേശവും വീഡിയോയില്‍ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ഇതിനൊപ്പം കോഴിക്കോടിന്റെ രുചിവൈവിധ്യവും കണ്ണൂരിന്റെ തെയ്യവും തിറയും വീഡിയോയുടെ മാറ്റുകൂട്ടുന്നു.
കേരളത്തിന്റെ പച്ചപ്പും സംസ്‌കാരവും ഗ്രാമീണതയും ഭക്ഷണവും മാത്രമല്ല, മഹാപ്രളയം, നിപ, കോവിഡ് തുടങ്ങിയ പ്രതിസന്ധികളെ കേരളം അതിജീവിച്ച കഥകളും വീഡിയോയില്‍ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്നുണ്ട്. കേരളത്തിന്റെ അതിജീവനത്തിന്റെയും സൗന്ദര്യത്തിന്റെയും ആവിഷ്‌കാരം ലോകമെമ്പാടുമുള്ള സഞ്ചാരികള്‍ക്ക് ഒരു പുതിയ അനുഭവം നല്‍കും. പൂര്‍ണ്ണമായും എഐ സാങ്കേതിക വിദ്യയിലൂടെ ചിത്രീകരിച്ച ഈ വീഡിയോ തയ്യാറാക്കിയത് കോഴിക്കോട് ആസ്ഥാനമായുള്ള പരസ്യ ഏജന്‍സിയായ ക്യാപ്പിയോ ഇന്ററാക്റ്റീവ് ആണ്.