'എഐ നോക്കുകൂലി': സ്മാർട്ട്‌ഫോണോ ലാപ്ടോപ്പോ വാങ്ങിയാൽ പോക്കറ്റ് കീറുമോ?

ബേസ് മോഡലുകൾക്ക് പകരം, വിപണി ഇന്ന് സാധാരണ ഉപഭോക്താവിനെ എത്തിക്കുന്നത് 30,000 രൂപയ്ക്കും മുകളിലുള്ള വിഭാഗങ്ങളിലേക്കാണ്. പലരും കരുതുംപോലെ ഇതിന് കാരണം വെറും പണപ്പെരുപ്പമോ നികുതിവർധനവോ മാത്രമല്ല. സാങ്കേതിക ലോകത്തെ മാറ്റിമറിക്കുന്ന പുതിയ വിപ്ലവം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) തന്നെയാണ് ഈ വിലക്കയറ്റത്തിന് പിന്നിലെ പ്രധാന കാരണം.
Wondering why gadget prices are soaring? Discover how data center demand, memory chip shortages, and on-device AI requirements are driving up smartphone and laptop costs.
Why Are Smartphones and Laptops Getting So Expensive? The Hidden Cost of the AI BoomNews Malayalam 24x7
Published on: 
Updated on: 

പുതിയൊരു സ്മാർട്ട്‌ഫോണോ ലാപ്ടോപ്പോ വാങ്ങാൻ ആലോചിക്കുന്നുണ്ടെങ്കിൽ പോക്കറ്റിൽ കരുതേണ്ട തുക മുൻപുള്ളതിനേക്കാൾ ഏറെ ഉയർന്നിരിക്കുന്നു. 15,000 അല്ലെങ്കിൽ 20,000 രൂപയ്ക്ക് മികച്ച ഫീച്ചറുകളോടെ ലഭിച്ചിരുന്ന ബേസ് മോഡലുകൾക്ക് പകരം, വിപണി ഇന്ന് സാധാരണ ഉപഭോക്താവിനെ എത്തിക്കുന്നത് 30,000 രൂപയ്ക്കും മുകളിലുള്ള വിഭാഗങ്ങളിലേക്കാണ്. പലരും കരുതുംപോലെ ഇതിന് കാരണം വെറും പണപ്പെരുപ്പമോ നികുതിവർധനവോ മാത്രമല്ല. സാങ്കേതിക ലോകത്തെ മാറ്റിമറിക്കുന്ന പുതിയ വിപ്ലവം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) തന്നെയാണ് ഈ വിലക്കയറ്റത്തിന് പിന്നിലെ പ്രധാന കാരണം.

ക്ലൗഡ് ഡാറ്റാ സെന്ററുകളുടെ കുതിപ്പും റാം ക്ഷാമവും

ഒരു സാധാരണ ഉപഭോക്താവിന്റെ കണ്ണിൽ എളുപ്പം പെടാത്തതാണ് ഇതിന്റെ പ്രാഥമിക കാരണം. മൈക്രോസോഫ്റ്റ്, ഗൂഗിൾ, മെറ്റ, ഓപ്പൺ എഐ തുടങ്ങിയ ആഗോള ഭീമന്മാർ തങ്ങളുടെ എഐ മോഡലുകളെ പരിശീലിപ്പിക്കാനായി ലോകമെമ്പാടും കൂറ്റൻ ക്ലൗഡ് ഡാറ്റാ സെന്ററുകളാണ് സ്ഥാപിക്കുന്നത്. ഇതിനായി ലക്ഷക്കണക്കിന് സെർവറുകളും അവയ്ക്ക് ആവശ്യമായ ഉയർന്ന ശേഷിയുള്ള 'ഹൈ ബാൻഡ്‌വിഡ്ത്ത് മെമ്മറി' (എച്ച്ബിഎം), അത്യാധുനിക റാം ചിപ്പുകൾ എന്നിവയും വലിയ തോതിൽ ആവശ്യമായി വരുന്നു.

ലോകത്തെ മുൻനിര മെമ്മറി ചിപ്പ് നിർമ്മാതാക്കളായ സാംസങ്, മൈക്രോൺ, എസ്കെ ഹൈനിക്സ് തുടങ്ങിയ കമ്പനികൾ തങ്ങളുടെ ഉൽപ്പാദന ശേഷിയുടെ സിംഹഭാഗവും ഇപ്പോൾ ഈ കോർപ്പറേറ്റ് ക്ലയന്റുകൾക്കായി മാറ്റിവെച്ചിരിക്കുകയാണ്. ക്ലൗഡ് കമ്പനികളിൽ നിന്നുള്ള ലാഭം വളരെ കൂടുതലായതാണ് ഇതിന് കാരണം. ഇതിന്റെ പ്രത്യാഘാതം നേരിടുന്നത് സാധാരണ ഇലക്ട്രോണിക്സ് വിപണിയാണ്; കൺസ്യൂമർ ഫോണുകളിലും ലാപ്ടോപ്പുകളിലും ഉപയോഗിക്കുന്ന സാധാരണ ഡിഡിആർ (ഡിഡിആർ) റാം, സ്റ്റോറേജ് ചിപ്പുകളുടെ ലഭ്യത കുറഞ്ഞു. ആവശ്യക്കാർ ഏറുകയും ലഭ്യത കുറയുകയും ചെയ്തതോടെ ഘടകഭാഗങ്ങളുടെ വില കുതിച്ചുയർന്നു. സ്വാഭാവികമായും ഈ അധികച്ചെലവ് സ്മാർട്ട്‌ഫോൺ–ലാപ്ടോപ്പ് നിർമ്മാതാക്കൾ ഉപഭോക്താക്കളുടെ തലയിലേക്കാണ് മാറ്റിവെക്കുന്നത്.

'ഓൺ-ഡിവൈസ് എഐ' ആവശ്യപ്പെടുന്ന ഉയർന്ന ഹാർഡ്‌വെയർ

നേരത്തെ ഇന്റർനെറ്റ് വഴിയായിരുന്നു എഐ പ്രവർത്തനങ്ങൾ നടന്നിരുന്നതെങ്കിൽ, പുതിയ ഡിവൈസുകളിൽ കാര്യങ്ങൾ അങ്ങനെയല്ല. ഇന്റർനെറ്റ് ഇല്ലാതെ തന്നെ ഫോട്ടോകൾ റീ-ടച്ച് ചെയ്യാനും, തത്സമയം കോളുകൾ തർജ്ജമ ചെയ്യാനും, ദീർഘമായ വോയ്‌സ് റെക്കോർഡിങ്ങുകൾ സമ്മറൈസ് ചെയ്യാനുമൊക്കെ ഫോണുകൾക്ക് സാധിക്കുന്ന 'ഓൺ-ഡിവൈസ് എഐ' (On-Device AI) സംവിധാനങ്ങളാണ് ഇപ്പോൾ കമ്പനികൾ നൽകുന്നത്. സാംസങ്ങിന്റെ 'ഗ്യാലക്സി എഐ', ആപ്പിളിന്റെ 'ആപ്പിൾ ഇന്റലിജൻസ്' എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.

ഇത്തരം പ്രവർത്തനങ്ങൾക്ക് സാധാരണ പ്രോസസ്സറുകൾ മതിയാകില്ല. സെക്കൻഡിൽ ലക്ഷക്കണക്കിന് കണക്കുകൂട്ടലുകൾ നടത്താൻ സാധിക്കുന്ന പ്രത്യേക എൻപിയു (NPU - Neural Processing Unit) പ്രോസസ്സറുകൾ കൂടിയേ തീരൂ. കൂടാതെ, ഇവ പശ്ചാത്തലത്തിൽ തടസ്സമില്ലാതെ പ്രവർത്തിക്കാൻ ഉയർന്ന മെമ്മറി ശേഷി അനിവാര്യമാണ്:

ലാപ്ടോപ്പുകളുടെ കാര്യത്തിലെ ഒരു ഉദാഹരണം എടുത്താൽ‌ മൈക്രോസോഫ്റ്റിന്റെ വിൻഡോസ് 'കോപൈലറ്റ് പ്ലസ്' സംവിധാനം പ്രവർത്തിക്കണമെങ്കിൽ കുറഞ്ഞത് 16 ജിബി റാമും 40 ടോപ്സ് (TOPS) ശേഷിയുള്ള എൻപിയുവും നിർബന്ധമാണ്. ഇതോടെ കുറഞ്ഞ വിലയിൽ വിറ്റിരുന്ന 8 ജിബി റാം ലാപ്ടോപ്പുകൾ വിപണിയിൽ നിന്ന് വേഗത്തിൽ പിന്തള്ളപ്പെടുന്നു. മറ്റു ലാപ്ടോപ് നിർമ്മാതക്കളുടെ കാര്യത്തിലും ഇതേ രീതിയാണ് നിലനിൽക്കുന്നത്.

സ്മാർട്ട്‌ഫോണുകളിലേക്ക് വന്നാൽ 6 ജിബി അല്ലെങ്കിൽ 8 ജിബി റാമിൽ സുഗമമായി പ്രവർത്തിച്ചിരുന്ന മിഡ്-റേഞ്ച് സ്മാർട്ട്‌‌ഫോണുകൾക്ക് പോലും ഇന്ന് 12 ജിബിയോ 16 ജിബിയോ റാം നൽകാൻ നിർമ്മാതാക്കൾ നിർബന്ധിതരാകുന്നു. ഹാർഡ്‌വെയർ നിലവാരം ഉയർത്തേണ്ടി വരുന്നതോടെ ബേസിക് വേരിയന്റുകളുടെ പ്രാരംഭ വില തന്നെ കുത്തനെ ഉയരുന്നു.

Wondering why gadget prices are soaring? Discover how data center demand, memory chip shortages, and on-device AI requirements are driving up smartphone and laptop costs.
AI പണി തെറിപ്പിക്കും! അടുത്ത ഒന്നര വർഷത്തിൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന് യുഎസ് സംരംഭകൻ

നിർമ്മാണച്ചെലവ്, കൂളിങ് സംവിധാനങ്ങൾ, ആർ ആന്‍റ് ഡി ചിലവ്

ചിപ്പ് നിർമ്മാണ രംഗത്തെ ചെലവുകളാണ് മറ്റൊരു ഘടകം. കൂടുതൽ ശക്തിയേറിയ എഐ പ്രോസസ്സറുകൾ രൂപകൽപ്പന ചെയ്യുന്നത് 3-നാനോമീറ്റർ, 4-നാനോമീറ്റർ തുടങ്ങിയ അത്യാധുനിക ഫാബ്രിക്കേഷൻ പ്രക്രിയകളിലൂടെയാണ്. ലോകത്തെ ഏറ്റവും വലിയ ചിപ്പ് നിർമ്മാതാക്കളായ ടിഎസ്എംസി തുടങ്ങിയ കമ്പനികൾ തങ്ങളുടെ നിർമ്മാണച്ചാർജ് വർധിപ്പിച്ചതോടെ ക്വാൽകോം, ആപ്പിൾ, ഇന്റൽ, മീഡിയടെക് തുടങ്ങിയ കമ്പനികൾക്ക് ചിപ്പുകൾക്കായി കൂടുതൽ പണം മുടക്കേണ്ടിവരുന്നു.

ഇതിനുപുറമെ, ഡിവൈസുകളിൽ എഐ പ്രോസസ്സറുകൾ തുടർച്ചയായി പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന കടുത്ത ചൂട് നിയന്ത്രിക്കാൻ വലിയ വേപ്പർ ചേമ്പർ കൂളിങ് സിസ്റ്റങ്ങളും കൂടുതൽ പവർ നൽകാൻ ഉയർന്ന ശേഷിയുള്ള ബാറ്ററികളും നൽകേണ്ടിവരുന്നുണ്ട്. ഇവയ്‌ക്കെല്ലാം പുറമെ, കമ്പനികൾ എഐ ഗവേഷണത്തിനും സോഫ്റ്റ്‌വെയർ വികസനത്തിനുമായി ഒഴുക്കുന്ന ശതകോടിക്കണക്കിന് ഡോളറിന്റെ അധികബാധ്യത തിരിച്ചുപിടിക്കുന്നത് ഉപഭോക്താവിൽ നിന്നാണ്.

സാധാരണക്കാരന് വേണ്ടാത്ത 'നോക്കുകൂലി'?

ചുരുക്കത്തിൽ, നിത്യജീവിതത്തിൽ ഒരു സാധാരണ ഉപഭോക്താവ് സ്ഥിരമായി ഉപയോഗിക്കാൻ സാധ്യതയില്ലാത്ത പല അത്യാധുനിക എഐ ഫീച്ചറുകൾക്കും കൂടിയാണ് ഇന്നത്തെ വിപണിയിൽ അധികവില നൽകേണ്ടിവരുന്നത്. ഭാവിയിൽ ഈ സാങ്കേതികവിദ്യ കൂടുതൽ വ്യാപകമാവുകയും ഉൽപ്പാദനം വർധിക്കുകയും ചെയ്യുമ്പോൾ ഒരുപക്ഷേ വില കുറഞ്ഞേക്കാം. എന്നാൽ നിലവിൽ, പുതിയൊരു ലാപ്ടോപ്പോ ഫോണോ വാങ്ങുമ്പോൾ നാം നൽകുന്ന ഈ അധികത്തുക എഐ വിപ്ലവത്തിലേക്ക് പ്രവേശിക്കാൻ ടെക് ലോകം ഈടാക്കുന്ന ഒരു 'എൻട്രി ഫീസ്' അഥവാ പരോക്ഷമായ ഒരു 'നോക്കുകൂലി' തന്നെയാണ്.

ഇപ്പോൾ നിങ്ങളുടെ കൈയിലുള്ള ഫോണിലേക്ക് ഒന്ന് നോക്കൂ അതിൽ എത്ര എഐ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്? അതിൽ എത്രയെണ്ണം നിങ്ങൾ ദിവസേന ഉപയോഗിക്കുന്നുണ്ട്? ഒരു സാധാരണ ഫോട്ടോ എഡിറ്റിങ്ങിനോ ടെക്സ്റ്റ് സമ്മറിക്കോ വേണ്ടി ഉപകരണങ്ങൾക്ക് ഇത്രയധികം അധികവില നൽകുന്നത് ന്യായമാണോ എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Wondering why gadget prices are soaring? Discover how data center demand, memory chip shortages, and on-device AI requirements are driving up smartphone and laptop costs.
AI യുഗം ചരിത്രത്തിന് ഒരു ഭീഷണി മാത്രമല്ല, വെല്ലുവിളി കൂടിയാണ്
News Malayalam 24x7
newsmalayalam.com