
ജെയിംസ് കാമറൂണ്‍ 'ടെർമിനേറ്റർ' ആദ്യ ഭാഗം എടുക്കുമ്പോള്‍ നിർമിത ബുദ്ധി ഒരു ഫിക്ഷണല്‍ കഥാപരിസരം മാത്രമായിരുന്നു. എന്നാല്‍ ഇന്ന് ടെർമിനേറ്റർ 7ന്റെ തിരക്കഥ എഴുതാന്‍ ഇരിക്കുമ്പോള്‍ കാമറൂണിന്റെ ഭാവനയെ പരിമിതപ്പെടുത്തുകയാണ് എഐയുടെ വളർച്ച.
'സ്കൈനെറ്റ്' എന്ന കമ്പ്യൂട്ടർ ശൃംഖല എഐ സംവിധാനം വഴി മനുഷ്യ ബുദ്ധിക്ക് മുകളില്‍ വളർന്ന് ലോകം കീഴടക്കാന്‍ ശ്രമിക്കുന്നതായിരുന്നു ആർനോൾഡ് ഷ്വാസ്‌നെഗർ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച കാമറൂണിന്റെ 1984 ലെ ടെർമിനേറ്ററിന്റെ ഇതിവൃത്തം. അന്ന് കാമറൂണിന്റെ ഭാവനയില്‍ വിരിഞ്ഞ ഈ ഡിസ്റ്റോപ്യന്‍ ഭാവിയെപ്പറ്റി ഇന്ന് ചർച്ചകളും ഗവേഷണങ്ങളും വരെ നടക്കുന്നു.
ആധുനിക സാങ്കേതികവിദ്യ താന്‍ എഴുതാനിരിക്കുന്ന ഏതൊരു സാങ്കൽപ്പിക ലോകത്തെയും മറികടന്നിരിക്കുകയാണെന്നും ഈക്കാലത്ത് സയൻസ് ഫിക്ഷൻ എഴുതുന്നത് കൂടുതൽ ബുദ്ധിമുട്ടായിക്കൊണ്ടിരിക്കുകയാണെന്നുമാണ് ജയിംസ് കാമറൂണ്‍ പറയുന്നത്. എഐയെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു 'ടെർമിനേറ്റർ' സ്റ്റൈല്‍ അപ്പോക്കലിപ്സിന്റെ ഭീഷണി നിലനില്‍ക്കുന്നുവെന്ന് റോളിങ് സ്റ്റോണിന് നല്‍കിയ അഭിമുഖത്തില്‍ കാമറൂണ്‍ ചൂണ്ടിക്കാട്ടി.
മൂന്ന് പ്രധാന അസ്തിത്വ പ്രതിസന്ധികളാണ് ഒരേസമയം ഉയർന്നുവന്നുകൊണ്ടിരിക്കുന്നതെന്നും ഇത് മുഴുവന്‍ മനുഷ്യരാശിക്കും വലിയ വെല്ലുവിളിയാണെന്നും കാമണൂന്‍ മുന്നറിയിപ്പ് നല്‍കുന്നു.
"മനുഷ്യ വികാസത്തിന്റെ പരകോടിയില്‍ എത്തി നില്‍ക്കുകയാണ് നമ്മള്‍ എന്നാണ് എനിക്ക് തോന്നുന്നത്. അവിടെ, മൂന്ന് അസ്തിത്വ ഭീഷണികളാണ് നമുക്ക് നേരിടേണ്ടി വരുന്നത്. പ്രകൃതിയുടെ തകർച്ചയെ തുടർന്നുള്ള കാലാവസ്ഥാ മാറ്റം, ആണവായുധങ്ങൾ, അതി ബുദ്ധി. ഇവയെല്ലാം ഒരേ സമയമാണ് രൂപപ്പെടുന്നതും ഉയർന്നുവന്നുകൊണ്ടിരിക്കുന്നതും," കാമറൂണ്‍ പറഞ്ഞു.
കാമറൂണ്‍ മാത്രമല്ല എഐ ഭീഷണിയാണെന്ന മുന്നറിയിപ്പ് നല്‍കുന്നത്. അടുത്തിടെ 'എഐയുടെ ഗോഡ് ഫാദർ' എന്ന് അറിയപ്പെടുന്ന ജോഫ്രി ഹിന്റണ്‍ നടത്തിയ പ്രസ്താവന തന്നെ നോക്കാം. വൈകാതെ, സാങ്കേതിക വിദ്യ തനത് ഭാഷ വികസിപ്പിക്കുമെന്നും ഇതുവഴി മനുഷ്യർക്ക് യന്ത്രങ്ങളെ പിന്തുടരാന്‍ സാധിക്കാത്ത സ്ഥിതി വരുമെന്നുമാണ് ജോഫ്രി പറഞ്ഞത്. ഭയാനകമായ ചിന്തകളും എഐകള്‍ക്ക് ഉണ്ടെന്ന് തെളിഞ്ഞതാണെന്നും മനുഷ്യന് വ്യാഖ്യാനിക്കാന്‍ കഴിയാത്ത വിധത്തില്‍ യന്ത്രങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയുമെന്നും ഹിന്റണ്‍ കൂട്ടിച്ചേർത്തു.