മറ്റുള്ളവരുടെ വീഡിയോ ആശയങ്ങൾ മോഷ്ടിച്ച് പുതിയ വീഡിയോ ചെയ്യുന്നവരെ പിടിക്കുന്നതടക്കമുള്ള നയം മാറ്റവുമായി യൂട്യൂബ്. മൊണെറ്റൈസേഷൻ പോളിസിയിൽ പുതിയ മാറ്റങ്ങൾ അവതരിപ്പിച്ചിരിക്കുകയാണ് യൂട്യൂബ്. ഒറിജിനൽ കണ്ടന്റിനേ ഇനി പണം ലഭിക്കൂ. ജൂലൈ 15 മുതൽ നയമാറ്റം പ്രാബല്യത്തിൽ വന്നേക്കും.
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കാണുകയും ഉപയോഗിക്കുകയും നല്ലൊരു ശതമാനം പേർക്ക് വരുമാനം ലഭിക്കുന്നതുമായ വ്യൂവിങ് പ്ലാറ്റ്ഫോമാണ് യൂട്യൂബ്. എന്നാൽ മറ്റുള്ളവരുടെ ഒറിജനൽ കണ്ടന്റ് അടിച്ച് മറ്റൊരു വീഡിയോ ഉണ്ടാക്കി ഹിറ്റടിച്ച് പൈസയുണ്ടാക്കാമെന്നിനി കരുതണ്ട. മൊണെറ്റൈസേഷൻ പോളിസിയിൽ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണിപ്പോൾ യൂട്യൂബ്.
മറ്റുള്ളവരിൽ നിന്ന് ഉള്ളടക്കം എടുത്ത് വീഡിയോ ക്രിയേറ്റ് ചെയ്യുകയാണെങ്കിൽ അതിൽ നിങ്ങളുടെ യഥാർഥ ഇൻപുട്ട് ഉണ്ടായിരിക്കണം എന്നതാണ് പ്രധാനം. ഒരു കണ്ടന്റും ആവർത്തിക്കരുത് എന്നാണ് മറ്റൊന്ന്. അതേപോലെ എഐ ജനറേറ്റഡ് വീഡിയോസും വോയിസ് ഉപയോഗിച്ച് വീഡിയോ ഉണ്ടാക്കുന്ന കണ്ടന്റ് ക്രിയേറ്റേഴ്സിനും ഇനി മുതൽ മോണിറ്റൈസേഷൻ ഉണ്ടാവില്ല.
ജൂലൈ 15 മുതലാണ് പുതിയ പോളിസി നടപ്പാക്കുക എന്നാണ് റിപ്പോർട്ടുകൾ. യൂട്യൂബ് മൊണെറ്റൈസേഷൻ അംഗീകരിക്കാൻ ഒരു ചാനലിന് കുറഞ്ഞത് 1000 സബ്സ്ക്രൈബർമാർ വേണം. ഒരു വർഷത്തിൽ 4000 പബ്ലിക് വാച്ച് മണിക്കൂറുകൾ, അല്ലെങ്കിൽ 10 മില്ല്യൺ പബ്ലിക് ഷോർട്ട് വ്യൂ മിനിമം വേണം എന്നും നിബന്ധനയുണ്ട്.
അടുത്തിടെ 16 വയസിന് താഴെയുള്ള ഒരു യൂട്യൂബർക്ക് ലൈവ് സ്ട്രീമിങ് ചെയ്യാൻ മുതിർന്നവർ ആ ലൈവ് സ്ട്രീമിങ്ങിൽ ഉണ്ടാകണം എന്ന നയം യൂട്യൂബ് നടപ്പാക്കിയിരുന്നു. അതിന് പിന്നാലെയാണ് മൊണെറ്റൈസേഷൻ പോളിസിയിലെ പുതിയ മാറ്റം. ഇനി മുതൽ യൂട്യൂബിൽ നിന്ന് വരുമാനം കണ്ടെത്താൻ ഇൻഫ്ലുവൻസർമാർ കുറച്ചധികം കഷ്ടപ്പെടേണ്ടിവരുമെന്ന് ചുരുക്കം.