THE ORIGINALS | 'അമേരിക്കൻ ബ്യൂട്ടി' മുതൽ ബീറ്റിൽസ് ബയോപ്പിക് വരെ; സാം മെൻഡസിന്റെ സിനിമ ജീവിതം
ലോസ് ഏഞ്ചൽസിൽ ഒരു ഹോളിവുഡ് സിനിമയുടെ ഷൂട്ടിങ് നടക്കുകയാണ്. നിർമാണം ഡ്രീം വർക്‌സ് പ്രൊഡക്ഷൻ. സംവിധായകൻ ഒരു തുടക്കകാരനാണ്. അയാളിങ്ങനെ സ്തബ്ധനായി ഇരിക്കുകയാണ്. ഊണിലും ഉറക്കത്തിലും കണ്ട സ്വപ്നമാണ് മുന്നിൽ യാഥാർഥ്യമായിരിക്കുന്നത്. ആദ്യ സിനിമ. എപ്പോഴോ, അയാൾ ഉച്ചത്തിൽ ആക്ഷൻ വിളിച്ചു. ചുറ്റും നിന്ന അണിയറപ്രവർത്തകർ ആ 33കാരനെ തുറിച്ചുനോക്കി. അയാൾ എന്തുപറ്റി എന്ന് തിരക്കി? ആരും ഒന്നും മിണ്ടിയില്ല. കട്ട് പറയേണ്ടിടത്ത് ആക്ഷൻ പറയുന്ന സംവിധായകനോട് എന്ത് പറയാൻ.
രാത്രിയിൽ, അന്ന് ചിത്രീകരിച്ച ദൃശ്യങ്ങൾ കണ്ടപ്പോൾ ആ യുവ സംവിധായകന് ഒരു കാര്യം മനസിലായി. തനിക്ക് എല്ലാം പിഴച്ചിരിക്കുന്നു. അഭിനേതാക്കളുടെ പ്രകടനം, അവരുടെ കോസ്റ്റ്യൂം, ലൊക്കേഷനുകൾ, വിഷ്വൽ സ്റ്റൈൽ എല്ലാം മോശം. പിറ്റേന്നുതന്നെ അയാൾ നിർമാതാക്കളുടെ ഓഫീസിലെത്തി. തന്റെ തെറ്റുകൾ അക്കമിട്ട് നിരത്തി. റീ ഷൂട്ട് ചെയ്യാൻ അനുവാദം ചോദിച്ചു. അവർ അനുമതി നൽകില്ലെന്ന് അയാൾക്ക് ഉറപ്പായിരുന്നു. പക്ഷേ സംഭവിച്ചത് മറിച്ചാണ്. ആ നിമിഷം അയാളുടെ ജീവിതം മാറി. അയാൾ ആത്മവിശ്വാസത്തോടെ ആ സിനിമ പൂർത്തിയാക്കി. ചിത്രം 356 മില്യൺ ഡോളറിലധികം കളക്ഷൻ നേടി. എട്ട് ഓസ്കാർ നാമനിർദേശങ്ങൾ നേടുകയും മികച്ച സംവിധായകൻ ഉൾപ്പെടെ ആറ് വിഭാഗങ്ങളിൽ പുരസ്കാരം സ്വന്തമാക്കുകയും ചെയ്തു. ഈ സിനിമ നിങ്ങളിൽ ഭൂരിപക്ഷവും കണ്ടിരിക്കും - 'അമേരിക്കൻ ബ്യൂട്ടി'. ഈ സിനിമയുടെ സംവിധായകൻ ഇന്ന് സിനിമാപ്രേമികൾക്ക് പ്രിയപ്പെട്ടവനാണ് - സാം മെൻഡസ്. വീഡിയോ കാണാം
