THE ORIGINALS | സൂക്ഷിക്കുക, ഇയാൾ നിങ്ങളെ പ്രകോപിപ്പിക്കും...

വിമതനെന്നും പ്രതിഭയെന്നും വിമതനായ പ്രതിഭയെന്നും പേരെടുത്ത മാർട്ടിൻ മക്ഡോണ

1996ലെ ഈവനിങ് സ്റ്റാൻഡേർഡ് തിയേറ്റർ അവാർഡ്സ്. അവാർഡ് വിതരണം കഴിഞ്ഞ് സവോയ് ഹോട്ടലിൽ പാർട്ടി നടക്കുകയാണ്. മാക്സ് ഹേസ്റ്റിംഗ്സ് എന്ന ജേണലിസ്റ്റ് രാജ്ഞിക്ക് വേണ്ടി ടോസ്റ്റ് പറഞ്ഞു. ചുറ്റും കൂടിയവർ തങ്ങളുടെ കയ്യിലെ മദ്യ ​ഗ്ലാസ് ഉയർത്തി അതിൽ പങ്കാളികളായി. രണ്ട് പേർ ഒഴിച്ച്. അവാർഡ് നിശയിൽ 'മോസ്റ്റ് പ്രോമിസിങ് ന്യൂകമർ' പുരസ്കാരം നേടിയ മാർട്ടിൻ മക്ഡോണയും സഹോദരൻ ജോണും. അവർ ആ ജേണലിസ്റ്റിന്റെ അടുത്തേക്ക് ചെന്നു. ആ ടോസ്റ്റ് ശുദ്ധ അസംബന്ധമാണെന്ന് പറഞ്ഞു. ഇവിടെയുള്ളവരെല്ലാം ബ്രിട്ടീഷുകാരല്ലെന്നും രാഞ്ജിയെ പിന്തുണയ്ക്കുന്നവരല്ലെന്നും വ്യക്തമാക്കി. സംസാരം പതിയെ തർക്കത്തിലേക്കും ഒച്ചപ്പാടിലേക്കും കടന്നു. പെട്ടെന്നാണ് ഒരാൾ മാർട്ടിന്റെ തോളിൽ കൈവച്ചത്. അവൻ തിരിഞ്ഞു നോക്കുമ്പോൾ സാക്ഷാൽ ബോണ്ട്, ജെയിംസ് ബോണ്ട്! ഷോൺ കോണറിയാണ് മുന്നിൽ നിൽക്കുന്നത്. "ഒന്നുകിൽ മിണ്ടാതിരിക്കുക, അല്ലെങ്കിൽ ഇവിടുന്ന് പോവുക," തന്റെ ജയിംസ് ബോണ്ട് സ്വരത്തിൽ നടൻ പറഞ്ഞു. മാർട്ടിൻ ക്ഷമ ചോദിച്ചു. പക്ഷേ പെട്ടെന്ന് അതിൽ അയാൾക്ക് കുറ്റബോധം തോന്നി. എന്നോട് മിണ്ടാതിരിക്കാൻ പറയാൻ ഇവൻ ആരെന്ന തോന്നൽ. മാർട്ടിൻ തന്റെ മറുപടി ഒന്ന് പരിഷ്കരിച്ചു. ഒരു എഫ് ബോംബ്! ചുറ്റും ഭീകരമായ നിശബ്ദത പരന്നു. പിന്നീട് ആ രാത്രി നടന്നതൊന്നും മാർട്ടിന് ഒർമയില്ല.

അതവിടെ അവസാനിച്ചില്ല. പിറ്റേന്ന് വെളുപ്പിനെ ഏതോ പത്രക്കാരൻ മാർട്ടിന്റെ ഫോൺ നമ്പർ സംഘടിപ്പിച്ച് വിളിച്ചു. അപ്പോഴും മദ്യലഹരിയിലായിരുന്ന മക്ഡോണ, കോണറിയെ വീണ്ടും ആക്ഷേപിച്ചു. സം​ഗതി വാർത്തയായി. വലിയ വാർത്ത. ഈ സംഭവകഥയിലെ മാർട്ടിൻ മക്ഡൊണ പിന്നെയും നാടകങ്ങൾ എഴുതി. ക്രൂരവും, പ്രകോപനപരവും, അപകടകരവുമെന്ന് മുദ്രകുത്തപ്പെട്ട നാടകങ്ങൾ. സിനിമകളെടുത്തു. ഓസ്കാർ നേടി. സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും കാണികളോടും തർക്കിച്ചു. പോരാടി. വിമതനെന്നും പ്രതിഭയെന്നും വിമതനായ പ്രതിഭയെന്നും പേരെടുത്തു. വീഡിയോ കാണാം

News Malayalam 24x7
newsmalayalam.com