WORLD MATTERS | ഇറാന്‍: ട്രംപ് പറയുന്നതും യാഥാര്‍ഥ്യവും
ഏറ്റവും വലിയൊരു നുണ പറഞ്ഞാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റത്. ലോകത്തെ യുദ്ധങ്ങള്‍ അവസാനിപ്പിക്കുമെന്നും, യുഎസ് ഒരു യുദ്ധത്തിനും തുടക്കമിടില്ലെന്നും ആയിരുന്നു ആ നുണ. അധികാരത്തിലേറി 13 മാസം പിന്നിടുമ്പോള്‍, ലോകക്രമത്തെയാകെ തകിടം മറിച്ചുകൊണ്ടാണ് ട്രംപ് യുദ്ധങ്ങളില്‍ ഇടപെടുന്നത്. ലോകത്തെ എട്ട് യുദ്ധങ്ങളെങ്കിലും അവസാനിപ്പിച്ചെന്ന് അവകാശവാദം ഉന്നയിക്കുന്ന ട്രംപിന്, ഇറാനില്‍ നടക്കുന്ന യുദ്ധത്തെക്കുറിച്ച് സാമാന്യ ധാരണ പോലുമില്ല എന്നതാണ് യാഥാര്‍ഥ്യം. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കീ കൊടുക്കുന്നതിനനുസരിച്ചാണ് ട്രംപിന്റെ ചാട്ടങ്ങള്‍. യുദ്ധവെറിയനും മുസ്ലീം വിരുദ്ധനും വംശീയവാദിയുമായ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്താണ് കൊടൂര ആക്രമണങ്ങളുടെ കെട്ടഴിച്ചുവിടുന്നത്. ഇതിനിടെ, ഇറാനെ സംബന്ധിച്ച് ട്രംപ് നടത്തുന്ന അവകാശവാദങ്ങള്‍ അത്രയും ശുദ്ധ ഭോഷ്കാണ്.
