ഇനിയും അവസാനിക്കാത്ത റഷ്യ-യുക്രെയ്‌ന്‍ യുദ്ധത്തിനു പിന്നില്‍
സോവിയറ്റ് കാലത്തേതിനു സമാനമായ, വിശാലമായ റഷ്യന്‍ ആധിപത്യമുള്ള 'ഒരു സുരക്ഷിത മേഖല' സ്ഥാപിക്കുക എന്നതായിരുന്നു പുടിന്റെ പ്രാഥമിക ലക്ഷ്യം. അതിനുമപ്പുറം, 4.4 കോടി ജനങ്ങളുള്ള യുക്രെയ്‌നെ റഷ്യയുടെ സ്വാധീന വലയത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്കാണ് രാഷ്ട്രീയ ജീവിതത്തിന്റെ സായാഹ്നത്തിലും പുടിന്‍ തിടുക്കം കൂട്ടുന്നത്. യുക്രെയ്ന് നാറ്റോ അംഗത്വം നല്‍കരുത്, നാറ്റോ സേന കൂടുതല്‍ കിഴക്കോട്ട് വിന്യസിക്കപ്പെടില്ലെന്നും, യുക്രെയ്നിലേക്കോ മറ്റു അയല്‍രാജ്യങ്ങളിലേക്കോ പ്രതിരോധ ആയുധങ്ങള്‍ നല്‍കപ്പെടില്ലെന്നുമുള്ള നിയമപരമായ ഉറപ്പ് നല്‍കണം, യുക്രെയ്നിലെ റഷ്യന്‍ സംസാരിക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ച്, സംരക്ഷണം നല്‍കണം എന്നിങ്ങനെ ആവശ്യങ്ങള്‍ പുടിന്‍ ഓരോ ചര്‍ച്ചയ്ക്കും വെടിവെപ്പിനുമിടയില്‍ ആവര്‍ത്തിക്കുന്നതും അതുകൊണ്ടാണ്. യുക്രെയ്നുനേരെ മിസൈല്‍ ചൂണ്ടി, പടിഞ്ഞാറന്‍ നേതാക്കള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തിയാല്‍ ആവശ്യങ്ങള്‍ നേടിയെടുക്കാമെന്ന് പുടിന് അറിയാം. അതുവരെ യുദ്ധം തുടരേണ്ടതും പുടിന്റെ മാത്രം ആവശ്യമാണ്.