പ്രജിൻ ബാബുവിനെതിരായ നടപടി:ചെന്നിത്തലപക്ഷത്തിന് അതൃപ്തി 
ASSEMBLY ELECTION 2026

പ്രജിൻ ബാബുവിനെതിരായ നടപടി: ചെന്നിത്തലപക്ഷത്തിന് അതൃപ്തി; പക്ഷപാതപരമെന്ന് വിമർശനം

ചെന്നിത്തലയ്ക്ക് അനുകൂലമായി പരസ്യം നൽകിയതിനാണ് അച്ചടക്കനടപടി

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തിനായി പോര് മുറുകുന്നതിനിടെ പ്രജിൻ ബാബുവിന് കെപിസിസി അച്ചടക്ക ലംഘന നോട്ടീസ് നൽകിയതിനെതിരെ ചെന്നിത്തല പക്ഷത്തിന് അതൃപ്തി. പ്രജിൻ പാർട്ടി അച്ചടക്കം ലംഘിച്ചുവെന്ന് കാട്ടിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച ഒരു ഇംഗ്ലീഷ് പത്രത്തിൽ രമേശ് ചെന്നിത്തലയെ പുകഴ്ത്തി ഫുൾ പേജ് പരസ്യം ചെയ്തുവെന്നാണ് ആരോപണം.

പക്ഷേ പത്രത്തിൽ വന്നത് പരസ്യമല്ല, ലേഖനമാണെന്നാണ് പ്രജിൻ ബാബുവിൻ്റെ വിശദീകരണം. പ്രജിൻ ബാബുവിന് നോട്ടീസ് നൽകിയതിൽ ചെന്നിത്തല പക്ഷം അതൃപ്തി രേഖപ്പെടുത്തി. ഇതിന് മുൻപും ചെന്നിത്തലയെ പുകഴ്ത്തി ലേഖനം വന്നിരുന്നതായും ചെന്നിത്തല പക്ഷം ചൂണ്ടിക്കാട്ടി.

ദീപ ദാസ് മുൻഷിയുടെ നിർദേശപ്രകാരമാണ് കെപിസിസി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. അടുത്തിടെ വി.ഡി സതീശനെതിരെ വന്ന ലേഖനവുമായി ഇതിന് ബന്ധമില്ലെന്നും ചെന്നിത്തല പക്ഷം വ്യക്തമാക്കി. ചെന്നിത്തല പക്ഷത്തിനെതിരെ പക്ഷപാതപരമായ നിലപാടാണ് കെപിസിസി സ്വീകരിക്കുന്നതെന്നാണ് നേതാക്കളുടെ ആരോപണം.

ഇതിനിടെ കോഴിക്കോട് നഗരത്തിലും, മൂവാറ്റുപുഴയിലും വി.ഡി. സതീശനെ അനുകൂലിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കോഴിക്കോട് ഡിസി ഓഫീസ് സമീപത്താണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ടൂർണമെൻ്റ് ജയിച്ചാൽ കപ്പ്‌ വാങ്ങുന്നത് ക്യാപ്റ്റൻ, സതീശൻ മലയാളക്കരയെ നയിക്കട്ടെ എന്നിങ്ങനെയുള്ള വാചകങ്ങളാണ് പോസ്റ്ററിലുള്ളത്. സേവ് കോൺഗ്രസ് ഫോറം എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

വി.ഡി. സതീശൻ 'നിയുക്ത മുഖ്യമന്ത്രി എന്ന് എഴുതിയ പോസ്റ്ററാണ് മൂവാറ്റുപുഴയുടെ നഗരമധ്യേയിൽ വച്ചിട്ടുള്ളത്. കിഴക്കേക്കര മണിയംകുളം കവലയിലാണ് "നിയുക്‌ത മുഖ്യമന്ത്രി വി. ഡി. സതീശന് അഭിവാദ്യങ്ങൾ" എന്നെഴുതിയ ബോർഡ് സ്‌ഥാപിച്ചിരിക്കുന്നത്.

SCROLL FOR NEXT