ASSEMBLY ELECTION 2026

ബേപ്പൂരില്‍ റിയാസിന് വിജയം; മൊട്ടയടിച്ച് കമ്മലിടുമോ അന്‍വര്‍?

ഇക്കുറി അന്‍വറിനെ സംബന്ധിച്ചിടത്തോളം ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം വ്യക്തിപരവുമായിരുന്നു.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് 25 വര്‍ഷത്തിനിടെ ആദ്യമായി യുഡിഎഫ് മുന്നേറ്റമുണ്ടായപ്പോഴും ഏറെ ചര്‍ച്ചകളില്‍ ഇടം നേടിയ ബേപ്പൂര്‍ മാത്രം ചുവന്നു തന്നെ നിന്നു. 7487 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പിഎ മുഹമ്മദ് റിയാസ് ബേപ്പൂരില്‍ വിജയിച്ചത്. ഇതോടെ ഇനി ചര്‍ച്ചയാവുക പി.വി. അന്‍വര്‍ മൊട്ടയടിക്കുമോ എന്നാണ്. പി.വി. അന്‍വര്‍ മുഖ്യമന്ത്രിയുടെ 'മരുമകനെ'തിരെ സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് രംഗത്തെത്തിയതോടെയാണ് എല്‍ഡിഎഫിന് ഈസി വാക്ക് ഓവര്‍ ആയി കണക്കാക്കിയിരുന്ന ബേപ്പൂര്‍ മണ്ഡലം ചര്‍ച്ചകളില്‍ ഇടംപിടിച്ചത്. പിന്നാലെ യുഡിഎഫ് പി.വി. അന്‍വറിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തുകയും ചെയ്തു.

കഴിഞ്ഞ തവണ മികച്ച ഭൂരിപക്ഷത്തിന് വിജയിച്ച പി.എ. മുഹമ്മദ് റിയാസിന് ഇക്കുറി വിജയിച്ചു കയറല്‍ അത്ര എളുപ്പമായിരുന്നില്ല. പി.വി. അന്‍വര്‍ സിപിഐഎമ്മുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത് മുഖ്യമന്ത്രിക്കെതിരെയും മരുമോനിസത്തിനെതിരെയും സംസാരിച്ചുകൊണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇക്കുറി അന്‍വറിനെ സംബന്ധിച്ചിടത്തോളം ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം വ്യക്തിപരവുമായിരുന്നു. എന്നാല്‍ വിജയിക്കാന്‍ കഴിഞ്ഞില്ല.

താന്‍ പരാജയപ്പെട്ടാല്‍ മൊട്ടയടിച്ച് കമ്മലിട്ട് എസ് എം സ്ട്രീറ്റിലൂടെ നടക്കുമെന്നായിരുന്നു ആദ്യം പി.വി. അന്‍വര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് അത് മാറി താന്‍ റിയാസിനെ വെല്ലുവിളിച്ചതാണെന്നും റിയാസ് പറഞ്ഞു. എന്തു തന്നെയായാലും യുഡിഎഫ് തരംഗം ആഞ്ഞടിക്കുമ്പോവും അന്‍വറിന്റെ പോരാട്ടം ഇത്തവണ നിയമസഭയ്ക്ക് പുറത്തു നിന്നാവും.

SCROLL FOR NEXT