അൻവർ Vs റിയാസ് Source: News Malayalam 24x7
ASSEMBLY ELECTION 2026

റിയാസും അൻവറും നേർക്കുനേർ; ആരാകും ബേപ്പൂർ സുൽത്താൻ?

ഭരണപക്ഷത്തെ ഏറ്റവും കരുത്തനായ യുവമന്ത്രി മുഹമ്മദ് റിയാസും, ഇടതുമുന്നണി വിട്ട് യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന പി.വി അൻവറും നേർക്കുനേർ മത്സരിക്കുമ്പോൾ ബേപ്പൂരിലേത് തെരഞ്ഞെടുപ്പ് പോരാട്ടത്തിനപ്പുറം, നിലനിൽപ്പിൻ്റെയും വിശ്വാസ്യതയുടെയും അഗ്നിപരീക്ഷ കൂടിയാണ്...

Author : അഹല്യ മണി

ബേപ്പൂർ... അറബിക്കടലിൻ്റെ തീരത്തെ ഈ മണ്ണിൽ ഇപ്പോൾ വീശുന്നത് രാഷ്ട്രീയ പോരാട്ടത്തിന്റെ ചൂടുകാറ്റാണ്! നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ മത്സരം അരങ്ങേറുന്ന മണ്ഡലം കൂടിയാണ് ബേപ്പൂർ. ഭരണപക്ഷത്തെ ഏറ്റവും കരുത്തനായ യുവമന്ത്രി മുഹമ്മദ് റിയാസും, ഇടതുമുന്നണി വിട്ട് യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന പി.വി അൻവറും നേർക്കുനേർ വരുമ്പോൾ ബേപ്പൂരിലേത് തെരഞ്ഞെടുപ്പ് പോരാട്ടത്തിനപ്പുറം, നിലനിൽപ്പിൻ്റെയും വിശ്വാസ്യതയുടെയും അഗ്നിപരീക്ഷ കൂടിയാണ്. 40 വർഷത്തിലേറെ ഇടതുപക്ഷത്തിന് മാത്രം വഴങ്ങിയ ബേപ്പൂർ കോട്ട ഇത്തവണ ഇളകുമോ, അതോ മന്ത്രി മുഹമ്മദ് റിയാസ് തന്റെ കരുത്ത് വീണ്ടും തെളിയിക്കുമോയെന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം...

എൽഡിഎഫ് വിട്ടതിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് രൂപീകരിച്ച് പിണറായിസവും മരുമോനിസവും അവസാനിപ്പിക്കുമെന്ന് നാഴികയ്ക്ക് നാൽപത് വട്ടം ആണയിടുന്ന അൻവറിന് റിയാസിനെ പരാജയപ്പെടുത്തുന്നത് ഒരു രാഷ്ട്രീയ പകപോക്കൽ കൂടിയാണ്. 'മരുമകൻ രാഷ്ട്രീയത്തിന്' അന്ത്യം കുറിക്കുമെന്ന് ആവർത്തിച്ച് പ്രഖ്യാപിക്കുന്ന അൻവ‍ർ സിപിഐഎമ്മിന്റെ ഉറച്ച കോട്ടയായ ബേപ്പൂരിലേക്ക് എത്തുന്നത് കൃത്യമായ കണക്കുകൂട്ടലുകളോടെ തന്നെയായിരിക്കും എന്ന കാര്യത്തിലും സംശയമില്ല. മണ്ഡലത്തിലേക്കുള്ള അൻവറിൻ്റെ വരവ് യുഡിഎഫ് ക്യാംപിനെയും മുൻപൊന്നുമില്ലാത്ത വിധം ആവേശത്തിലാക്കിയിട്ടുണ്ട്.

1980 മുതൽ ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്ന മണ്ഡലമാണ് ബേപ്പൂർ. മണ്ഡലത്തിൽ കഴിഞ്ഞ അഞ്ച് വർഷം മന്ത്രിയെന്ന നിലയിൽ നടത്തിയ അടിസ്ഥാന സൗകര്യ വികസനങ്ങൾ, ​സർക്കാരിന്റെ നേട്ടങ്ങൾ, ജനകീയത, ബേപ്പൂ‍രിലെ സിപിഐഎമ്മിൻ്റെ കരുത്ത്, വ്യക്തി ബന്ധങ്ങൾ തുടങ്ങിയവയാകും പ്രധാനമായും മുഹമ്മദ് റിയാസിന് തെരഞ്ഞെടുപ്പിൽ തുണയാകുക. തുറമുഖ വികസനം അടക്കം ബേപ്പൂരിനെ ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തി വിസ്മയിപ്പിച്ച 1500ഓളം കോടിയുടെ പദ്ധതികൾ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ എൽഡിഎഫ് ക്യാംപ് ഉയർത്തിക്കാട്ടുന്നുണ്ട്. 2021ൽ 28,747 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കോൺഗ്രസിൻ്റെ പി.എം. നിയാസിനെതിരെ വിജയിച്ചാണ് റിയാസ് നിയമസഭയിലെത്തിയത്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ലീഡ് ലഭിച്ച ജില്ലയിലെ നാല് മണ്ഡലങ്ങളിൽ ഒന്ന് ബേപ്പൂരാണെന്നതും ശ്രദ്ധേയമാണ്.

നേരത്തെ യുഡിഎഫിന്റെ കുത്തക സീറ്റെന്ന് അറിയപ്പെട്ടിരുന്ന നിലമ്പൂരില്‍ അട്ടിമറി വിജയം നേടിയതിന്റെ ചരിത്രവുമായാണ് അന്‍വറെത്തുന്നത്. ആര്യാടന്‍ കോട്ട തകര്‍ത്ത അതേ അന്‍വര്‍ ഇത്തവണ ബേപ്പൂര്‍ കോട്ട തകര്‍ക്കാനുള്ള നീക്കത്തിലാണ്. മലബാറിലെ ന്യൂനപക്ഷ വോട്ടുകളിൽ അൻവറിൻ്റെ സ്വാധീനം തെരഞ്ഞെടുപ്പിൽ നിർണായകമാകും. സ‍ർക്കാരിനെതിരായ ​ഭരണവിരുദ്ധ വികാരവും യുഡിഎഫ് പിന്തുണയും തുണച്ചേക്കുമെന്നാണ് ടീമിൻ്റെ വിശ്വാസം. സർക്കാരിനെതിരെ താൻ ഉയർത്തിയ ആരോപണങ്ങളൊക്കെയും വോട്ടായി മാറുമെന്ന പ്രതീക്ഷയും അൻവ‍റിനുണ്ട്. വോട്ടുവിഹിതത്തിൽ ഉണ്ടാകുന്ന ചെറിയ മാറ്റം പോലും ഫലത്തെ അട്ടിമറിക്കാൻ പ്രാപ്തവുമാണ്. അതേസമയം, അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ എത്രത്തോളം ജനങ്ങളില്‍ എത്തിയിട്ടുണ്ട്, രാഷ്ട്രീയമായി അന്‍വറിന് ഇനി മുന്നോട്ട് പോവാന്‍ കഴിയുമോ തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം കൂടിയാകും ഈ തെരഞ്ഞെടുപ്പ്.

സൈബർ പോരാട്ടത്തിലും ഇരുവരും ഒട്ടും പിന്നിലല്ല. റിയാസിനെ 'റീൽസ് മന്ത്രി' എന്ന് അൻവർ പരിഹസിക്കുമ്പോൾ, അൻവറിനെ 'രാഷ്ട്രീയ അവസരവാദി' എന്നാണ് സിപിഐഎം വിശേഷിപ്പിക്കുന്നത്.

അഡ്വ കെ.പി. പ്രകാശ് ബാബുവാണ് ബേപ്പൂരിൽ ബിജെപിക്ക് വേണ്ടി രംഗത്തിറങ്ങുന്നത്. കഴിഞ്ഞ രണ്ട് തവണയും ഇവിടുത്തെ ബിജെപി സ്ഥാനാർഥിയായിരുന്ന പ്രകാശ് ബാബുവിന് 2021ൽ ഏകദേശം 28,000ത്തിനടുത്ത് വോട്ടുകളാണ് നേടാൻ സാധിച്ചത്.

എന്ത് തന്നെ ആയാലും, തീപാറുന്ന മത്സരത്തിനാകും ഇക്കുറി ബേപ്പൂർ സാക്ഷിയാകുക. വാദ പ്രതിവാദങ്ങൾക്കൊടുവിൽ ബേപ്പൂരിലെ ജനത വികസനത്തിനൊപ്പം നിൽക്കുമോ അതോ മാറ്റത്തിന് വോട്ട് ചെയ്യുമോയെന്ന് കണ്ടറിയാം...

SCROLL FOR NEXT