കേരളത്തിന്റെ സാമുഹിക-രാഷ്ട്രീയ മുന്നേറ്റ ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുള്ള നാടാണ് ഗുരുവായൂര്‍. ആ ഗുരുവായൂരും ചാവക്കാട് നഗരസഭകളും ഒരുമനയൂര്‍, പുന്നയൂര്‍, പുന്നയൂര്‍ക്കുളം, ഏങ്ങണ്ടിയൂര്‍, വടക്കേക്കാട്, കടപ്പുറം ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് ഗുരുവായൂര്‍ നിയമസഭ മണ്ഡലം. തെരഞ്ഞെടുപ്പ് ചരിത്രം പരതിയാല്‍, മുസ്ലീം ലീഗിന് വ്യക്തമായ മുന്‍തൂക്കമുള്ള മണ്ഡലം. എന്നാല്‍ രണ്ട് പതിറ്റാണ്ടായി ആ ജനതയുടെ അംഗീകാരം ഇടതുപക്ഷത്തിനാണ്. ബാബ്റി മസ്‌ജിദ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ സാഹചര്യവും, ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിലെ പിളര്‍പ്പുമൊക്കെ പ്രതിഫലിച്ച രാഷ്ട്രീയ ഭൂമിക കൂടിയാണ് ഗുരുവായൂര്‍.
1957ലെ ആദ്യ തെരഞ്ഞെടുപ്പില്‍ സിപിഐ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച പി.കെ. കോരുവാണ് ഗുരുവായൂരിലെ ആദ്യ എംഎല്‍എ. കോണ്‍ഗ്രസിന്റെ എം.വി. അബൂബക്കറിനെ 2635 വോട്ടിനായിരുന്നു കോരു പരാജയപ്പെടുത്തിയത്. 1960ല്‍ കോണ്‍ഗ്രസിന്റെ കെ.ജി. കരുണാകര മേനോന്‍ ജയിച്ചു കയറി. സിപിഐയുടെ കെ. ദാമോദരനെ 1008 വോട്ടുകള്‍ക്കാണ് കരുണാകര മേനോന്‍ പരാജയപ്പെടുത്തിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളും സൈദ്ധാന്തികനുമായിരുന്നു ദാമോദരന്‍. 1965ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിപിഐ സ്വതന്ത്രനായ പി.കെ. അബ്ദുല്‍ മജീദ് ജയിച്ചു. രണ്ടാം വട്ടവും ജനവിധി തേടിയ എം.വി. അബൂബക്കറിനെ 491 വോട്ടുകള്‍ക്കായിരുന്നു മജീദ് പരാജയപ്പെടുത്തിയത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ആർക്കും ഭൂരിപക്ഷമില്ലാതിരുന്നതിനാൽ സര്‍ക്കാര്‍ രൂപീകരിക്കാനോ, തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്യാനോ സാധിച്ചിരുന്നില്ല.
1967ല്‍, സിപിഐഎം നേതൃത്വത്തിലുള്ള സപ്തകക്ഷി മുന്നണിയുടെ ഭാഗമായി മുസ്ലീം ലീഗ് ഗുരുവായൂര്‍ സീറ്റ് പിടിച്ചു. ബി.വി. സീതി തങ്ങളായിരുന്നു സ്ഥാനാര്‍ഥി. കോണ്‍ഗ്രസിന്റെ എ.എ. കൊച്ചുണ്ണിയെ 463 വോട്ടുകള്‍ക്കാണ് സീതി തങ്ങള്‍ പരാജയപ്പെടുത്തിയത്. 1970ല്‍ കെടിപിയുടെ വര്‍ക്കി വടക്കന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഗുരുവായൂരില്‍നിന്ന് ജയിച്ചു. കോൺഗ്രസ്, സിപിഐ, ലീഗ് സഖ്യസ്ഥാനാർഥിയായി മത്സരിച്ച സീതി തങ്ങളെ 5049 വോട്ടുകള്‍ക്കാണ് വടക്കന്‍ പരാജയപ്പെടുത്തിയത്. എന്നാല്‍ 1977ല്‍ സീതി തങ്ങള്‍ മണ്ഡലം തിരിച്ചുപിടിച്ചു. മുസ്ലീം ലീഗ് വിമത പക്ഷത്തുനിന്ന് മത്സരിച്ച വി.എം. സുലൈമാനെ 13,992 വോട്ടുകള്‍ക്കാണ് സീതി തങ്ങള്‍ അന്ന് പരാജയപ്പെടുത്തിയത്. 1980ലും തങ്ങള്‍ വിജയം ആവര്‍ത്തിച്ചു. സിപിഐഎമ്മിലെ സി.കെ. കുമാരനെ 1752 വോട്ടുകള്‍ക്കായിരുന്നു പരാജയപ്പെടുത്തിയത്. 1982ലും 1987ലും പി.കെ.കെ. ബാവയിലൂടെ ലീഗ് മണ്ഡലം നിലനിര്‍ത്തി. 82ല്‍ വി.കെ. ഗോപിനാഥനെയും, 87ല്‍ പി.സി. ഹമീദ് ഹാജിയെയുമാണ് ബാവ പരാജയപ്പെടുത്തിയത്. 1991ല്‍ പി.എം. അബൂബക്കറിലൂടെ മുസ്ലീം ലീഗ് ജയം ആവര്‍ത്തിച്ചു. ഇടതു സ്വതന്ത്രനായ കെ.കെ. കമ്മുവിനെ പരാജയപ്പെടുത്തിയാണ് അബൂബക്കര്‍ ജയിച്ചത്.
എന്നാല്‍, 1992 ഡിസംബര്‍ ആറിന് ബാബ്റി മസ്‌ജിദ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ സാഹചര്യം ഗുരുവായൂരിലും പ്രതിഫലിച്ചു. പ്രതിരോധ മാര്‍ഗങ്ങളോ, നിയമ നടപടികളോ സ്വീകരിക്കാതെ കര്‍സേവകര്‍ക്കും സംഘപരിവാരങ്ങള്‍ക്കും അനുകൂല സാഹചര്യം ഒരുക്കിയെന്ന് നരസിംഹ റാവു സര്‍ക്കാരിനെതിരെ പ്രതിഷേധം ഉയര്‍ന്നു. കേരളത്തില്‍ കോണ്‍ഗ്രസുമായുള്ള മുന്നണി ബന്ധം ഉപേക്ഷിക്കണമെന്നും ആവശ്യമുയര്‍ന്നു. എന്നാല്‍ ലീഗ് നേതൃത്വം അതിന് തയ്യാറായില്ല. ഇതോടെ, മുസ്ലീം ലീഗ് ദേശീയ പ്രസിഡന്റ് ആയിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടി വിട്ടു. ഇന്ത്യന്‍ നാഷണല്‍ ലീഗ് എന്ന പുതിയ പാര്‍ട്ടിക്ക് രൂപംകൊടുത്തു. സേട്ടിനൊപ്പം നിന്ന അബൂബക്കര്‍ ഗുരുവായൂര്‍ എംഎല്‍എ സ്ഥാനം രാജിവച്ചു. ഇതോടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി.
1994ല്‍ നടന്ന അഭിമാനപ്പോരാട്ടത്തില്‍ യുഡിഎഫ് മുസ്ലീം ലീഗിലെ എം.പി. അബ്ദുല്‍ സമദ് സമദാനിയെയാണ് കളത്തിലിറക്കിയത്. മതപ്രഭാഷകന്‍, വാഗ്മി എന്നിങ്ങനെ ഘടകങ്ങള്‍ കൂടി പരിഗണിച്ചായിരുന്നു സമദാനിയുടെ സ്ഥാനാര്‍ഥിത്വം. സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദിനെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചു. മത്സരരംഗത്തുനിന്ന് പിന്മാറിയ ഐഎന്‍എലും ഇടതുപക്ഷത്തിനൊപ്പം നിന്നു. വാശിയേറിയ തെരഞ്ഞെടുപ്പില്‍, 2052 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കുഞ്ഞുമുഹമ്മദ് ജയിച്ചു കയറി. മുസ്ലീം ലീഗിലെ പിളര്‍പ്പിന്റെ ആഘാതം പ്രകടമാകുന്നതായി തെരഞ്ഞെടുപ്പ് ഫലം. മുസ്ലീം വോട്ടുകള്‍ ഭിന്നിച്ചതിന്റെ ഗുണം അബ്ദുല്‍ നാസര്‍ മദനിയുടെ പുതുതായി രൂപീകരിക്കപ്പെട്ട പിഡിപിക്കും നേട്ടമായി. കുഞ്ഞുമുഹമ്മദ് 32,560 വോട്ട് നേടിയപ്പോള്‍ സമദാനി 30,508 വോട്ടും പിഡിപിയുടെ കെ.എ. ഹസ്സന്‍ 14,384 വോട്ടും നേടി.
ഉപതെരഞ്ഞെടുപ്പ് ജയം 1996ലെ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചു. സ്വതന്ത്രനായി വീണ്ടും ഇറങ്ങിയ കുഞ്ഞുമുഹമ്മദ് വിജയം ആവര്‍ത്തിച്ചു. മുസ്ലീം ലീഗിന്റെ ആര്‍.പി. മൊയ്തൂട്ടിയെ 2,836 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. എന്നാല്‍, മൂന്നാം ജയം തേടി 2001ല്‍ മത്സരിച്ച കുഞ്ഞുമുഹമ്മദിനെ പി.കെ.കെ. ബാവയെ ഇറക്കി മുസ്ലീം ലീഗ് വെട്ടി. 9,526 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബാവ നിയമസഭയിലെത്തി. പക്ഷേ, 2006ല്‍ കാറ്റ് മാറി വീശി. സിപിഎമ്മിന്റെ കെ.വി. അബ്ദുല്‍ ഖാദര്‍ മുസ്ലീം ലീഗിന്റെ സി.എച്ച്. റഷീദിനെ 12,309 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് ഇടതുമുന്നണി നേടുന്ന ആദ്യ ജയം. 2011ല്‍ രണ്ടാമങ്കത്തിലും അബ്ദുല്‍ ഖാദര്‍ ജയം ആവര്‍ത്തിച്ചു. ഇക്കുറി മുസ്ലീം ലീഗിന്റെ അഷ്റഫ് കോക്കൂരിനെയാണ് തോല്‍പ്പിച്ചത്. യുഡിഎഫ് അനുകൂല തരംഗത്തിനിടെയിലും, 9,968 വോട്ടിന്റെ ഭൂരിപക്ഷം നേടാന്‍ അബ്ദുല്‍ ഖാദറിനായി. 2016ല്‍ ഭൂരിപക്ഷം 15,098 വോട്ടായി ഉയര്‍ത്തി അബ്ദുല്‍ ഖാദര്‍ ഹാട്രിക് ജയം സ്വന്തമാക്കി. 2021ല്‍ സിപിഐഎമ്മിലെ എന്‍.കെ. അക്ബറാണ് എല്‍ഡിഎഫിനായി മത്സരത്തിനിറങ്ങിയത്. യുഡിഎഫിനായി മുസ്ലീം ലീഗിന്റെ കെ.എന്‍.എ. ഖാദറും. 18,268 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അക്ബര്‍ നിയമസഭയിലെത്തി.
വിജയം ആവര്‍ത്തിക്കാനുറച്ച് അക്ബറിനെ തന്നെയാണ് എല്‍ഡിഎഫ് ഇക്കുറിയും സ്ഥാനാര്‍ഥിയാക്കിയത്. അതേസമയം, മണ്ഡലം തിരിച്ചുപിടിക്കാനൊരുങ്ങി ലീഗിലെ സി.എച്ച്. റഷീദിനെയാണ് യുഡിഎഫ് നിര്‍ത്തിയിരിക്കുന്നത്. എന്‍ഡിഎയ്ക്കായി ബി. ഗോപാലകൃഷ്ണനാണ് കളത്തിലിറങ്ങുന്നത്. കൊടുങ്ങല്ലൂരില്‍നിന്ന് ഗുരുവായൂരിലേക്ക് എത്തിയ ഗോപാലകൃഷ്ണന്‍ വര്‍ഗീയ കാര്‍ഡിറക്കിയാണ് വരവറിയിച്ചത്. അനാവശ്യ പരാമര്‍ശം തിരിച്ചടിയായിട്ടും കുലുങ്ങാതെയാണ് ഗോപാലകൃഷ്ണന്റെ പ്രചാരണം. ഇക്കുറി മത്സരം മുറുകുമെന്ന് ഉറപ്പാണ്. രണ്ട് പതിറ്റാണ്ടായി ഇടതുപക്ഷത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഗുരുവായൂര്‍ ഇക്കുറി ആരെ തുണയ്ക്കുമെന്നത് കാത്തിരുന്ന് കാണേണ്ടതുണ്ട്.