

കേരളാ നിയമസഭ തെരഞ്ഞെടുപ്പില്‍ രണ്ടിടത്തു മത്സരിക്കുകയും രണ്ടിടത്തും ജയിക്കുകയും ചെയ്ത ഒരു നേതാവുണ്ട്. നാല് തവണ കേരളത്തിന്റെ മുഖ്യമന്ത്രിയായ കെ. കരുണാകരനാണ് തെരഞ്ഞെടുപ്പ് ചരിത്രത്തിലെ വേറിട്ടൊരു റെക്കോഡിന് അര്‍ഹന്‍.
1965 മുതല്‍ തുടര്‍ച്ചയായി തൃശൂര്‍ ജില്ലയിലെ മാള മണ്ഡലത്തില്‍ നിന്നായിരുന്നു കരുണാകരന്‍ ജനവിധി നേടി സഭയിലെത്തിയിരുന്നത്. എന്നാല്‍ 1982ലെ തെരഞ്ഞെടുപ്പില്‍, മാളയ്ക്കൊപ്പം നേമത്തും കൂടി കരുണാകരന്‍ മത്സരിച്ചു. പാര്‍ട്ടി ഗ്രൂപ്പിസം മാളയില്‍ തിരിച്ചടി ആയേക്കുമെന്ന കണക്കുക്കൂട്ടലായിരുന്നു അത്തരമൊരു തീരുമാനത്തിന് കാരണം. എന്നാല്‍, ഫലം വന്നപ്പോള്‍ രണ്ടിടത്തും കരുണാകരന്‍ ജയിച്ചു. മാളയില്‍ സിപിഐയിലെ ഇ. ഗോപാല കൃഷ്ണമേനോനെ 3410 വോട്ടിനും നേമത്ത് സിപിഎമ്മിലെ പി.ഫക്കീര്‍ഖാനെ 3348 വോട്ടിനുമാണ് കരുണാകരന്‍ തോല്‍പ്പിച്ചത്. പിന്നാലെ, മാള നിലനിര്‍ത്തി നേമം ഒഴിഞ്ഞു. തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ നേമം കോണ്‍ഗ്രസിന് നഷ്ടമായി. സിപിഐഎമ്മിലെ വി.ജെ. തങ്കപ്പനായിരുന്നു ജയം. 87ലും 91ലും തങ്കപ്പന്‍ വിജയം ആവര്‍ത്തിക്കുകയും ചെയ്തു.
കരുണാകരനു മുമ്പ് രണ്ടു മണ്ഡലങ്ങളില്‍ മത്സരിച്ച ആള്‍ ബി.വെല്ലിങ്ടണ്‍ ആണ്. 1965ല്‍ കല്‍പ്പറ്റയില്‍നിന്നും മണലൂരില്‍ നിന്നുമാണ് വെല്ലിങ്ടണ്‍ ജനവിധി തേടിയത്. കല്‍പ്പറ്റയില്‍ ജയവും, മണലൂരില്‍ തോല്‍വിയുമായിരുന്നു ഫലം. ഏറെ കാലങ്ങള്‍ക്കുശേഷം, 2021ലാണ് രണ്ട് മണ്ഡലങ്ങളില്‍ ഒരു സ്ഥാനാര്‍ഥി മത്സരിച്ചത്. ബിജെപി നേതാവ് കെ. സുരേന്ദ്രനാണ് മഞ്ചേശ്വരത്തും കോന്നിയിലും ഭാഗ്യം തേടിയത്. പക്ഷേ, രണ്ടിടത്തും തോറ്റു.