ASSEMBLY ELECTION 2026

രണ്ടാം അങ്കത്തിന് കെ.എം. സച്ചിൻ ദേവ്, തിരികെ പിടിക്കാൻ വി.ടി. സൂരജ്; ബാലുശേരി ആരെ തുണയ്ക്കും?

2011-ൽ മണ്ഡലം പട്ടികജാതി സംവരണമായതോടെ ഇടതുപക്ഷത്തിൻ്റെ സ്വാധീനം ശക്തമാക്കി.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: വടക്കൻ കേരളത്തിലെ നിർണായക രാഷ്ട്രീയ കേന്ദ്രങ്ങളിലൊന്നാണ് ബാലുശേരി. യുവത്വത്തിന്‍റെ കരുത്തിൽ ഇടതുപക്ഷം ഉറപ്പിച്ച കോട്ട. പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്യപ്പെട്ട മണ്ഡലം കഴിഞ്ഞ ഏതാനം പതിറ്റാണ്ടുകളായി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഉറച്ച കോട്ടയാണ്. മണ്ഡലം സംവരണമാകുന്നതിന് മുൻപ് കോൺഗ്രസും സോഷ്യലിസ്റ്റ് പാർട്ടികളും ബാലുശേരിയിൽ വിജയിച്ചിട്ടുണ്ട്. എന്നാൽ 2011-ൽ മണ്ഡലം പട്ടികജാതി സംവരണമായതോടെ ഇടതുപക്ഷത്തിൻ്റെ സ്വാധീനം ശക്തമാക്കി.

ബാലുശേരിയിൽ ഇത്തവണ യുവനേതാക്കളാണ് തെരഞ്ഞെടുപ്പ് പോരിന് ഇറങ്ങുന്നത്. ഇടതുകോട്ടയെന്ന് അറിയപ്പെടുന്ന ബാലുശേരി മണ്ഡലം നിലനിർത്താൻ രണ്ടാം അങ്കത്തിന് ഇറങ്ങുകയാണ് കെ.എം. സച്ചിൻ ദേവ്. കാലങ്ങളായി കൈ പിടിക്കാത്ത ബാലുശേരിയെ പാളയത്തിൽ യുഡിഎഫ് എത്തിക്കാൻ കന്നിയങ്കത്തിനിറങ്ങിയത് കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് വി.ടി. സൂരജാണ്. യുവ ജനപ്രതിനിധികൾ ഏറ്റുമുട്ടുന്ന മണ്ഡലത്തിൽ യുവവോട്ടർമാരുടെ തീരുമാനവും നിർണായകമാകും.

സച്ചിൽ ദേവ് നടത്തിയ വികസന പ്രവർത്തനങ്ങളും സംസ്ഥാനത്ത് ആകമാനം ഉണ്ടായ അടിസ്ഥാന സൗകര്യ വികസനങ്ങളും ചർച്ചയാക്കിയാണ് എൽഡിഎഫ് പ്രചാരണം. തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടി ഏറ്റെങ്കിലും രാഷ്ട്രീയ വോട്ടുകളിൽ മേൽകൈ ഇടതുപക്ഷത്തിന് തന്നെയാണ് എന്നാണ് ഇടത് ക്യാംപിൻ്റെ വിലയിരുത്തൽ. കെഎസ്‌യുവിലൂടെ രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ച സൂരജിനെ ഇത്തവണ മത്സര രംഗത്തേക്കിറക്കുന്നതിലൂടെ യുവാക്കളുടെ വോട്ട് ഏകീകരിച്ച് മണ്ഡലത്തിൽ വിജയം കൈവരിക്കാനാകുമെന്നാണ് യുഡിഎഫിൻ്റെ പ്രതീക്ഷ.

വേട്ട് വിഹിതം കുറവായ എൻഡിഎയ്ക്ക് മണ്ഡലത്തിൽ സ്വാധീനം വളരെ കുറവാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 16,490 വോട്ടുകളാണ് എൻഡിഎയ്ക്ക് നേടാനായത്. ഇത്തവണ വോട്ട് വിഹിതം വർധിപ്പിക്കാനാണ് എൻഡിഎയുടെ ശ്രമം.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ബാലുശ്ശേരി മണ്ഡലത്തിൽ 69,225 വോട്ടുകളാണ് യുഡിഎഫ് നേടിയത്. എൽഡിഎഫ് ന് നേടാനായത് 68,028 വോട്ടുകളും. ഇതേ കാറ്റ് നിയമസഭയിലും ആഞ്ഞടിക്കുമെന്നാണ് യുഡിഎഫിന്‍റെ പ്രതീക്ഷ. സർക്കാരിന്മേലുള്ള ഭരണ വിരുദ്ധതയും കോൺഗ്രസ് പ്രചരണ ആയുധമാക്കും.

2001 മുതൽ യുഡിഎഫ് ഘടക കക്ഷികൾ മത്സരിക്കുന്ന ബാലുശേരി സീറ്റിലാണ് ഇത്തവണ കോൺഗ്രസ് മത്സരിക്കുന്നത്. 2021ൽ 20,000-ന് മുകളിൽ ഭൂരിപക്ഷം നേടിയാണ് സച്ചിൻ ദേവ് വിജയിച്ചത്. സിനിമാ താരമായ ധർമ്മജനെ സ്ഥാനാർഥിയാക്കിയെങ്കിലും പിടിച്ചു നിക്കാൻ കോൺഗ്രസിന് സാധിച്ചില്ല. യുവാക്കൾ ഏറ്റുമുട്ടുന്ന മണ്ഡലത്തിൽ യുവ വോട്ടർമാരുടെ മനസും ഇത്തവണ നിർണായകമാകും.

SCROLL FOR NEXT