റബർ വിലയും, വികസനവും, രാഷ്‌ട്രീയ വിവാദങ്ങളും ചർച്ചാവിഷയം; കാഞ്ഞിരപ്പള്ളിയിൽ നിർണായക പോരാട്ടം

മണ്ഡലത്തിൽ ഇത്തവണ വിജയിക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്.
Kanjirappally
എൻ. ജയരാജ്, റോണി കെ. ബേബി, ജോർജ് കുര്യൻ Source: Facebook
Published on
Updated on

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലമാണ് കാഞ്ഞിരപ്പള്ളി. റബർ വിലയും, വികസനവും, രാഷ്ട്രീയ വിവാദങ്ങളും എല്ലാം മണ്ഡലത്തിൽ ചർച്ചയാണ്. കാഞ്ഞിരപ്പള്ളി താലൂക്കിലെ ചിറക്കടവ്, കാഞ്ഞിരപ്പള്ളി, മണിമല ഗ്രാമ പഞ്ചായത്തുകളും ചങ്ങനാശേരി താലൂക്കിലെ കങ്ങഴ, കറുകച്ചാല്‍, നെടുംകുന്നം, വാഴൂര്‍, വെള്ളാവൂര്‍ ഗ്രാമ പഞ്ചായത്തുകളും കോട്ടയം താലൂക്കിലെ പള്ളിക്കത്തോട് ഗ്രാമ പഞ്ചായത്തും ചേരുന്നതാണ് കാഞ്ഞിരപ്പള്ളി നിയമസഭ മണ്ഡലം. 2021-ല്‍ എല്‍ഡിഎഫിലെ എന്‍. ജയരാജ് 13,703 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കേരള കോൺഗ്രസിനായി ഹാട്രിക് ജയം നേടിയിരുന്നു.

എൽഡിഎഫിനായി എന്‍. ജയരാജ് 60,299 ഉം യുഡഎഫിനായി ജോസഫ് വാഴയ്‌ക്കന്‍ 46,596 ഉം വോട്ടുകള്‍ നേടിയപ്പോള്‍ എൻഡിഎയ്ക്കായി അല്‍ഫോന്‍സ് കണ്ണന്താനം 29,157 വോട്ടുകളുമാണ് നേടിയത്. മണ്ഡലത്തിലെ വികസനം ഉയർത്തിയാണ് എൽഡിഎഫിൻ്റെ പ്രചരണം. എൻ ജയരാജൻ്റെ ജനകീയതയും പൊതു സ്വീകാര്യതയും ഇത്തവണയും വോട്ടായി മാറുമെന്ന കണക്കുകൂട്ടൽ ആണ് എൽഡിഎഫിന് ഉള്ളത്. മണ്ഡലത്തിൽ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ നടത്തിയെന്ന് എൽഡിഎഫ് സ്ഥാനാർഥി എൻ. ജയരാജ് പറഞ്ഞു.

Kanjirappally
തറക്കല്ലിട്ടിട്ട് ഒരു മാസം; വയനാട് ദുരന്ത ബാധിതർക്കായി കോൺഗ്രസ് പ്രഖ്യാപിച്ച വീട് നിർമാണം വൈകുന്നു

സ്ഥാനാർഥി നിർണയത്തിൽ യുഡിഎഫ് പ്രതിസന്ധി നേരിട്ട മണ്ഡലമാണ് കാഞ്ഞിരപ്പള്ളി. പല പേരുകൾ പരിഗണിച്ചിരുന്നെങ്കിലും ഒടുവിൽ പ്രാഥമിക ലിസ്റ്റിൽ ഇല്ലാതിരുന്ന റോണി കെ. ബേബിയെ സ്ഥാനാർഥിയായി നിശ്ചയിക്കുകയായിരുന്നു. മണ്ഡലത്തിൽ ഇത്തവണ വിജയിക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്.

2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 9,800 വോട്ടുകളുടെ ലീഡ് യുഡിഎഫിനായിരുന്നു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ ഫലവും യുഡിഎഫിന് ആത്മവിശ്വാസം നൽകുന്നുണ്ട്. ആർക്കും അസംതൃപ്തി ഇല്ലെന്നും കൂട്ടായ പ്രവർത്തനമാണ് മണ്ഡലത്തിൽ നടത്തുന്നതെന്നും യുഡിഎഫ് സ്ഥാനാർഥി റോണി കെ. ബേബി അവകാശപ്പെട്ടു.

കേന്ദ്രമന്ത്രിമാര്‍ ആയിരുന്നവര്‍ തുടര്‍ച്ചയായി രണ്ടാംവട്ടവും എന്‍ഡിഎ സ്ഥാനാര്‍ഥിയാവുന്ന മണ്ഡലമാണ് കാഞ്ഞിരപ്പള്ളി. ജോർജ് കുര്യൻ്റെ സ്ഥാനാർഥിത്വത്തിലൂടെ ന്യൂനപക്ഷ വോട്ടുകൾ ലഭിക്കുമെന്ന പ്രതീക്ഷയാണ് എൻഡിഎ ക്യാംപിനുള്ളത്. യാതൊരു വികസനവും എത്താത്ത മണ്ഡലമാണ് കാഞ്ഞിരപ്പള്ളിയെന്ന് ജോർജ് കുര്യൻ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com