കൊല്ലം: വർഗീയ പരാമർശത്തിൽ ബി. ഗോപാലകൃഷ്ണനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഒരു മതത്തിന് എതിരെയും പറയാൻ ബിജെപിക്ക് താൽപ്പര്യമില്ല. നിയമം നിയമത്തിൻ്റെ വഴിക്ക് പോട്ടെ. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
തെരഞ്ഞെടുപ്പിലെ വോട്ട് ഡീൽ ആരോപണത്തെപ്പറ്റിയും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. ബിജെപിയെ ഉൾപ്പെടുത്തി ഡീൽ ആരോപണം നടത്തുന്നത് ശ്രദ്ധ തിരിക്കാനാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സിപിഐഎമ്മും കോൺഗ്രസും രണ്ടല്ല ഒന്നാണ്. ഭയം കൊണ്ടാണ് ഡീൽ ആരോപണം ഉന്നയിക്കുന്നത്. യുഡിഎഫ് 100 സീറ്റ് നേടില്ലെന്നും പരമാവധി 40 സീറ്റ് മാത്രമേ ലഭിക്കുകയുള്ളു എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെയും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ കഴിയില്ല. വീട്ടിൽ പോയി ചോദിക്കണം. ചോദ്യങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രിക്ക് ധൈര്യവും നട്ടെല്ലും ഉണ്ടാകണമെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. സ്റ്റാലിൻ മോഡലാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ജനാധിപത്യ ശൈലി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.