തിരുവനന്തപുരം: യുഡിഎഫിനെതിരെ രൂക്ഷ വിമർശനം തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫ് ചതിക്കും കേരളം നശിക്കും എന്ന മുദ്രാവാക്യമാണ് പ്രതിപക്ഷത്തിന് ചേരുകയെന്നാണ് മുഖ്യമന്ത്രിയുടെ വിമർശനം. ബിജെപി ഡീൽ ഏൽക്കാത്തതിനാലാണ് എസ്ഡിപിഐ ഡീൽ ഇറക്കിയത്. സാദിഖലി തങ്ങൾക്കെതിരായ പ്രചാരണത്തിൽ സിപിഐഎമ്മിനെ കുടുക്കാൻ ശ്രമിച്ചെങ്കിലും ലീഗ് പ്രവർത്തകനാണ് പിടിയിലായതെന്നും മുഖ്യമന്ത്രി മാതൃഭൂമി പത്രത്തിന് നൽകിയ പ്രതികരണത്തിൽ വ്യക്തമാക്കി. നേരിട്ടുള്ള സംവാദത്തിന് ആഗ്രഹമെന്ന് പറയുന്ന പ്രതിപക്ഷ നേതാവ് കോടതി പിരിയുമ്പോൾ ലോ പോയിൻ്റ് ഓർമ വരുന്ന വക്കീലാണോ എന്നും മുഖ്യമന്ത്രി പരിഹസിച്ചു.
ഉമ്മൻചാണ്ടി ഭരണ കാലത്ത് നാലായിരം വീട് മാത്രമേ നൽകിയുള്ളൂ എന്നതാണ് നിയമസഭാ രേഖകളിലുള്ളത്. യുഡിഎഫ് കാലത്ത് നാല് ലക്ഷം വീടുകൾ പണിതിട്ടില്ല. ശരിയല്ലാത്ത കാര്യമാണ് പ്രതിപക്ഷ നേതാവ് ആവർത്തിക്കുന്നത്. സംവാദത്തിന് നിയമസഭ ഉപയോഗപ്പെടുത്താത്ത വി.ഡി. സതീശൻ കോടതി പിരിഞ്ഞിട്ട് ലോ പോയിൻ്റ് ഓർക്കുന്ന വക്കീലിനെ പോലെയാണെന്നും മുഖ്യമന്ത്രി പരിഹാസിച്ചു.
അതേസമയം, എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ച സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കുമെന്ന് യുഡിഎഫും പ്രഖ്യാപിച്ചു. സിൽവർ ലൈൻ പദ്ധതി യുഡിഎഫ് ഒരു കാരണവശാലും നടപ്പാക്കില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞത്. യുഡിഎഫ് സർക്കാർ വന്നാൽ ഉടൻ തന്നെ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം ഡീനോട്ടിഫൈ ചെയ്ത് അവർക്ക് തിരിച്ച് നൽകുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
കിഫ്ബി സംവിധാനം പുനഃപരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രയോജനവും ഇല്ലാത്ത സ്ഥാപനമായി കിഫ്‌ബി മാറി. പരസ്യം നൽകുന്നതിന് വേണ്ടി മാത്രമായി കിഫ്‌ബി മാറിയെന്നും സർക്കാരിന്റെ പരസ്യം അല്ല കിഫ്‌ബിയുടെ ജോലിയെന്നും വി.ഡി. സതീശൻ വിമർശിച്ചു. ലൈഫ് മിഷൻ പദ്ധതി പരിഷ്കരിക്കുകയും കേരള ബാങ്കിൻ്റെ നടത്തിപ്പ് പുനരാലോചിക്കുകയും ചെയ്യും. കേരളത്തിലെ സഹകരബാങ്കുകളിൽ വ്യാപക കൊള്ളയാണ് നടക്കുന്നതെന്നും പ്രതിപക്ഷേ നേതാവ് ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടനപത്രിക പുറത്തിറക്കി കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.