"ക്ഷേമ പെൻഷനുകൾ 3000 രൂപയായി ഉയർത്തും, കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര"; പ്രകടന പത്രിക പ്രകാശനം ചെയ്ത് യുഡിഎഫ്

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് പ്രകടന പത്രിക പുറത്തിറക്കിയത്
"ക്ഷേമ പെൻഷനുകൾ 3000 രൂപയായി ഉയർത്തും, കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര"; പ്രകടന പത്രിക പ്രകാശനം ചെയ്ത് യുഡിഎഫ്
Published on
Updated on

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടനപത്രിക പുറത്തിറക്കി യുഡിഎഫ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് പ്രകടന പത്രിക പുറത്തിറക്കിയത്. കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജ്യന്യ യാത്ര, കോളേജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം, ക്ഷേമ പെൻഷനുകൾ 3000 ആയി ഉയർത്തും തുടങ്ങി പ്രധാന ആറ് കാര്യങ്ങളാണ് യുഡിഎഫ് പ്രകടന പത്രികയുടെ ഒന്നാം പേജിൽ നൽകിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് മുതൽ യുഡിഎഫ് മുന്നോട്ട് വയ്ക്കുന്ന ഇന്ദിരാ ​ഗ്യാരന്റിയിൽ എല്ലാ കുടുംബങ്ങൾക്കും 25,00,000 രൂപവരെയുള്ള സൗജന്യ ഉമ്മൻ ചാണ്ടി ആരോ​ഗ്യ ഇൻഷൂറൻസ്, യുവജനങ്ങൾക്ക് ബിസിനസ് ആരംഭിക്കുന്നതിന് 5,00,000 ലക്ഷം രൂപ പലിശ രഹിത വായ്പ, മുതിർന്ന പൗരൻമാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് തുടങ്ങിയവയും മുന്നണിയുടെ പ്രധാന വാ​ഗ്ദാനങ്ങളാണ്.

"ക്ഷേമ പെൻഷനുകൾ 3000 രൂപയായി ഉയർത്തും, കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര"; പ്രകടന പത്രിക പ്രകാശനം ചെയ്ത് യുഡിഎഫ്
"ഒരാളെയും വിടുന്നില്ല; വോട്ട് ചോദിക്കുന്നവരില്‍ എല്ലാ പാര്‍ട്ടിക്കാരുമുണ്ട്"; എസ്ഡിപിഐ വോട്ട് തള്ളാതെ മഞ്ചേശ്വരം എല്‍ഡിഎഫ് സ്ഥാനാര്‍ഥി

പ്രകടന പത്രികയിലെ സ്വപ്നപദ്ധതികൾ

  • മിഷൻ സമുദ്ര: കേരളത്തിന്റെ 600 കിലോമീറ്റർ തീരദേശം, 44 നദികൾ, 34 തടാകങ്ങൾ, നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ, മലനാട്, ഇടനാട് മേഖലകളിലെ സമഗ്ര സാധ്യതകൾ സംയോജിപ്പിച്ച് അഞ്ചുവർഷത്തിനുള്ളിൽ കേരളത്തെ ലോക ടൂറിസം ഭൂപടത്തിൽ ശക്തമായ സാന്നിധ്യമായി ഉയർത്തുന്ന സാധ്യതകളുടെ "മിഷൻ സമുദ്ര" നടപ്പിലാക്കും.

  • വ്യോമയാന വികസനം: കേരളത്തിന്റെ സമഗ്ര വ്യോമയാന വികസനത്തിനായി സംസ്ഥാനത്ത് ഫുൾ-ഫ്‌ളൈറ്റ് സിമുലേറ്ററുകളോടെയുള്ള ആധുനിക പൈലറ്റ് പരിശീലനം, ഏവിയേഷൻ സ്റ്റാഫ് ട്രെയിനിങ് അടക്കം നടത്തുന്ന ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ട്, കൊച്ചി വിമാനത്താവളത്തിൽ രണ്ടാം ഘട്ട റൺവേ നിർമാണം, എയർപോർട്ട് സാമ്പത്തിക മേഖലകൾ, സ്വതന്ത്ര വ്യാപാര ഗോഡൗൺ മേഖലകൾ, കണ്ണൂർ വിമാനത്താവളത്തിൽ റൺവേ, ടെർമിനൽ, ഏപ്രൺ വികസനം, വിമാനങ്ങളുടെ പരിപാലനം, അറ്റകുറ്റപ്പണി, സമ്പൂർണ പരിശോധനയ്ക്കായി എംആർഒ കേന്ദ്രങ്ങൾ, ലോജിസ്റ്റിക്സ് പാർക്കുകൾ, പുതിയ വിമാന സർവീസുകൾക്ക് പിൻതുണ നൽകാൻ റൂട്ട് ഡെവലപ്മെന്റ് ആൻഡ് കണക്റ്റിവിറ്റി ഫണ്ട് അടക്കമുള്ള ഹ്രസ്വകാല-ദീർഘകാല പദ്ധതികൾക്ക് രൂപം നൽകും.

  • എംഎസ്എംഇ സംരംഭങ്ങൾ: 100 കോടിയിലധികം വാർഷിക വരുമാനം ശേഷിയുള്ള 10,000 എംഎസ്എംഇ സംരംഭങ്ങൾ സംസ്ഥാനത്തുടനീളം ആരംഭിക്കുന്നതിന് ആവശ്യമായ സഹായം നൽകുന്ന സമഗ്ര പദ്ധതിക്ക് രൂപം നൽകും. സംരംഭകർക്ക് ആവശ്യമായ മൂലധന പിന്തുണ നൽകുന്നതിനായി റിവോൾവിങ് ഫണ്ട്, ടെക്നോളജി ഫണ്ട്, ചാലഞ്ച് ഫണ്ട് എന്നിവ ലഭ്യമാക്കും.

  • അന്താരാഷ്ട്ര തൊഴിൽ മാർക്കറ്റിൽ ജോലിയുടെ സ്വഭാവം മാറിക്കൊണ്ടിരിക്കുകയാണ്. മാറുന്ന ജോലിയിലെ സ്വഭാവം പഠിക്കാനും, അതിന്റെ അടിസ്ഥാനത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങൾ വരുത്താനും വിദഗ്ധർ അടങ്ങുന്ന ‘ജോബ് വാച്ച് സഭ’ രൂപീകരിക്കും.

  • വയനാട് ട്രൈബൽ യൂണിവേഴ്സിറ്റി: വയനാട് ജില്ലയിലെ ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹിക പുരോഗതിയെ ലക്ഷ്യമാക്കി ആധുനിക സൗകര്യങ്ങളോടുകൂടിയ "ട്രൈബൽ യൂണിവേഴ്സിറ്റി" സ്ഥാപിക്കും.

"ക്ഷേമ പെൻഷനുകൾ 3000 രൂപയായി ഉയർത്തും, കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര"; പ്രകടന പത്രിക പ്രകാശനം ചെയ്ത് യുഡിഎഫ്
പെൻഷൻ 3000 രൂപയാക്കും, ഡിസൈന്‍ഡ് സ്മാര്‍ട്ട് റോഡുകള്‍, പലിശരഹിത വായ്പ; 950 വാഗ്ദാനങ്ങളുമായി എല്‍ഡിഎഫ് പ്രകടനപത്രിക

പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍

  • സാമൂഹിക സുരക്ഷാ പെൻഷൻ 3000 രൂപയാക്കുകയും അർഹരായവർക്ക് പെൻഷൻ ഉറപ്പാക്കാൻ നിയമം കൊണ്ടുവരികയും ചെയ്യും.

  • ഏറ്റവും ദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്തി 'ആശ്രയ' പദ്ധതിയുടെ രണ്ടാംഘട്ടമായ 'നവ ആശയം' ആരംഭിക്കും.

  • വിശപ്പു രഹിത കേരളം ഉറപ്പാക്കാൻ ഇന്ദിര കാന്റീൻ. പ്രത്യേക സാഹചര്യങ്ങളിലും പ്രത്യേക മേഖലകളിലും അർഹരായ ജനവിഭാഗങ്ങൾക്ക് സൗജന്യ റേഷൻ.

  • യുവ ശക്തി നാടിന്റെ സമ്പത്ത് യുവാക്കൾക്ക് പദ്ധതി വിഹിതത്തിന്റെ 5 ശതമാനം. യുവാക്കൾക്ക് കുടുംബശ്രീ മോഡൽ യുവശ്രീ സംഘങ്ങൾ.

  • ഭിന്നശേഷിക്കാർക്ക് സാമൂഹ്യ സുരക്ഷാ പെൻഷന്റെ 25% കൂടുതൽ തുക.

  • ട്രാൻസ്ജെൻഡർ വിഭാഗത്തോടുള്ള അവഗണന അവസാനിപ്പിക്കാൻ നടപടി. പ്രത്യേക വികസന പാക്കേജ്.

  • അർഹമായ സ്പെഷ്യൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി.

  • ഭിന്നശേഷി നിയമനത്തിനായി നിശ്ചിത തസ്തികകൾ മാറ്റിവെച്ചിട്ടുള്ള എല്ലാ മാനേജ്മെന്റുകൾക്കും കീഴിലുള്ള എയ്ഡഡ് സ്കൂൾ അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകാൻ നടപടി സ്വീകരിക്കും.

  • നിർദ്ധനരായ രോഗികൾക്ക് സഹായം എത്തിക്കാൻ യുഡിഎഫ് ഭരണ കാലത്ത് കാര്യക്ഷമമായി നടപ്പിലാക്കിയ കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി, ശ്രുതി തരംഗം അടക്കമുള്ള കാരുണ്യ പദ്ധതികൾ പുനരാരംഭിക്കും.

  • മത്സ്യബന്ധന ബോട്ടുകൾ, കെഎസ്ആർടിസി, ഓട്ടോറിക്ഷ, ഉടമസ്ഥർ ഓടിക്കുന്ന ടാക്സികൾ എന്നിവയ്ക്ക് സംസ്ഥാന നികുതിയിൽ നിന്നും ഇന്ധന സബ്സിഡി.

  • ആശാ വർക്കർമാരുടെ ദിവസ വേതനം കുറഞ്ഞത് 700 രൂപയാക്കും, അംഗനവാടി തൊഴിലാളികൾ, ആശ, സ്കൂൾ പാചക തൊഴിലാളികൾ അടക്കമുള്ള സ്കീം തൊഴിലാളികളുടെ വേതനം പരിഷ്ക്കരിക്കും. അനുകൂല്യങ്ങൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കും.

  • സംസ്ഥാനത്ത് ബിപിഎൽ കുടുംബങ്ങളിലെ രോഗികൾക്കുള്ള ഡയാലിസിസ് സൗജന്യമാക്കും.

  • അർഹരായ കുട്ടികൾക്ക് ഇന്ത്യയിലും വിദേശത്തും പഠനത്തിന് കെ.ആർ. നാരായണൻ സ്കോളർഷിപ്പ്, ലോൺ സ്കോളർഷിപ്പ്

  • ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും കുടിശികകൾ സമയബന്ധിതമായി നൽകാനും നടപടി.

  • കേരളത്തിൽ പാവപ്പെട്ടവർക്ക് കുറഞ്ഞ ചിലവിൽ വിവാഹം നടത്താൻ ആധുനിക സൗകര്യങ്ങളുള്ള “സ്നേഹ സുമംഗലി' വിവാഹ മണ്ഡപങ്ങൾ.

  • ആരോഗ്യമേഖലയ്ക്ക് പ്രഥമ പരിഗണന. ആരോഗ്യത്തിനുള്ള ബജറ്റ് വിഹിതം വർധിപ്പിക്കും. മരുന്നുകൾക്കും രോഗ പരിശോധനകൾക്കുമായി കൃത്യമായ ബജറ്റ് വിഹിതം.

  • ആശുപത്രികളിൽ എത്തുന്ന രോഗികൾക്ക് ബെഡ് അവരുടെ അവകാശമാക്കും.

  • ആരോഗ്യമേഖലയിൽ ഔട്ട് ഓഫ് പോക്കറ്റ് ചിലവ് കുറയ്ക്കാനുള്ള നടപടി.

  • സർക്കാർ ആശുപത്രികളിൽ വയോജനങ്ങൾക്കും, അവശതയുള്ളവർക്കും മികച്ച സേവനം ലഭ്യമാക്കാൻ കർമ സേന.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com