ASSEMBLY ELECTION 2026

വി. അബ്‌ദുറഹിമാന് വിജയം ഉറപ്പില്ലെന്ന് സിപിഐഎം, മൂന്ന് സിറ്റിങ് സീറ്റുകൾ നഷ്ടപ്പെട്ടേക്കാം എന്ന് സിപിഐ; പ്രാഥമിക വിലയിരുത്തൽ

എറണാകുളത്ത് നേട്ടമുണ്ടാകുമെന്ന് സിപിഐഎം വിലയിരുത്തൽ.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ജയസാധ്യതകൾ വിലയിരുത്തി മുന്നണികൾ. തിരൂരില്‍ മന്ത്രി വി. അബ്ദുറഹിമാന് വിജയം ഉറപ്പില്ലെന്നാണ് സിപിഐഎം വിലയിരുത്തൽ. ശക്തമായ പോരാട്ടമാണ് തിരൂർ മണ്ഡലത്തിൽ നടന്നത്. താനൂരിൽ ടി. മുഹമ്മദ് സമീറും പരാജയപ്പെടുമെന്നും സീറ്റ് നഷ്ടമാകുമെന്നും സിപിഐഎം പ്രാഥമിക വിലയിരുത്തൽ.

മലപ്പുറത്ത് തവനൂരും പൊന്നാനിയും നിലനിർത്തും. തവനൂരിൽ 3000മുതൽ 5000വോട്ടുകൾ വരെ ഭൂരിപക്ഷം ഉണ്ടാകുമെന്നും, പൊന്നാനിയിൽ 70000വോട്ട് വരെ ഭൂരിപക്ഷം നേടുമെന്നും വിലയിരുത്തുന്നുണ്ട്. വേങ്ങര, ഏറനാട്, മങ്കട മണ്ഡലങ്ങളിൽ ഇടതു മുന്നണി നില മെച്ചപ്പെടുത്തുമെന്നാണ് ബൂത്തു തല കണക്കുകളുടെ അടിസ്ഥാനത്തിൽ സിപിഐഎം വിലയിരുത്തുന്നത്.

എറണാകുളത്ത് നേട്ടമുണ്ടാകുമെന്നും സിപിഐഎം അവകാശപ്പെട്ടു. 5 സിറ്റിങ് സീറ്റുകൾ നിലനിർത്തുമെന്നും തൃപ്പൂണിത്തുറ പിടിച്ചെടുക്കുമെന്നുമാണ് സിപിഐഎം പറയുന്നത്. എ.എം. ആരിഫ് ആലുവയിൽ മികച്ച പോരാട്ടമാണ് കാഴ്ച വച്ചത്. തൃക്കാക്കരയിലടക്കം സംഘടന സംവിധാനം മികച്ച രീതിയിൽ പ്രവർത്തിച്ചു എന്നും വിലയിരുത്തിയ റിപ്പോർട്ട് ജില്ല സെക്രട്ടേറിയേറ്റ് സംസ്ഥാന നേതൃത്വത്തിന് കൈമാറി.

കൊല്ലത്ത് ആറ് മുതൽ ഒൻപത് വരെ സീറ്റുകൾ നേടുമെന്ന് സിപിഐഎം ജില്ലാ നേതൃത്വത്തിൻ്റെ വിലയിരുത്തൽ.അഞ്ച് മണ്ഡലങ്ങളിൽ ശക്തമായ പോരാട്ടം നടന്നു. കൊല്ലം, ചവറ, കുന്നത്തൂർ, കുണ്ടറ, പത്തനാപുരം മണ്ഡലങ്ങളിൽ കടുത്ത പോരാട്ടമുണ്ടായി. ജില്ലയിൽ തിരിച്ചടി ഉണ്ടാകില്ലെന്നും ഭരണവിരുദ്ധ വികാരമില്ലെങ്കിൽ മികച്ച വിജയം നേടുമെന്നുമാണ് നേതാക്കളുടെ കണക്ക് കൂട്ടൽ.

തിരുവനന്തപുരത്ത് നാല് മണ്ഡലങ്ങളിൽ കടുത്ത മത്സരമെന്ന് സിപിഐഎം വിലയിരുത്തി. നെയ്യാറ്റിൻകര, അരുവിക്കര, കാട്ടാക്കട, നേമം എന്നീ മണ്ഡലങ്ങളിലാണ് ശക്തമായ മത്സരം നടന്നത്. തിരുവനന്തപുരം, കോവളം സീറ്റുകളിൽ വിജയ പ്രതീക്ഷ കുറവാണെങ്കിലും, ജില്ലയിൽ പത്ത് സീറ്റിൽ കുറയില്ലെന്നും സിപിഐഎം വിലയിരുത്തി.

കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രൻ വിജയിക്കുമെന്നും, വട്ടിയൂർക്കാവിൽ വി.കെ. പ്രശാന്ത് തുടരുമെന്നും സിപിഐഎം അവകാശപ്പെട്ടു. പാറശാല, ആറ്റിങ്ങൽ, വാമനപുരത്തും, വർക്കല, സീറ്റുകളിൽ വിജയം ഉറപ്പാണെന്നും സിപിഐഎം വിലയിരുത്തുന്നു.

അതേസമയം, മൂന്ന് സിറ്റിങ് സീറ്റുകൾ നഷ്ടപ്പെടാൻ സാധ്യത ഉണ്ടെന്ന് സിപിഐ വിലയിരുത്തുന്നു. പീരുമേട്, തൃശൂര്‍, നാദാപുരം മണ്ഡലങ്ങള്‍ കൈവിടുമെന്ന് പ്രാഥമിക വിലയിരുത്തൽ. പട്ടാമ്പിയും അടൂരും വിജയ സാധ്യത കുറവായ സീറ്റുകളുടെ പട്ടികയിലാണ്.

മന്ത്രിമാരായ കെ. രാജനും, ജെ. ചിഞ്ചുറാണിയും കടുത്ത മത്സരം നേരിട്ടുവെന്നും സിപിഐ റിപ്പോർട്ട് ചെയ്തു. നെടുമങ്ങാട്, ചിറയിന്‍കീഴ്, പുനലൂര്‍, ചേര്‍ത്തല, ചാത്തന്നൂര്‍, വൈക്കം, കൈപ്പമംഗലം, കൊടുങ്ങല്ലൂര്‍, നാട്ടിക, കാഞ്ഞങ്ങാട് എന്നിവയാണ് ജയിക്കുമെന്നാണ് സിപിഐ വിലയിരുത്തൽ.

ആറന്മുളയിൽ വീണാ ജോർജ് ഏഴായിരം വോട്ടിന് ജയിക്കുമെന്ന് സിപിഐഎം വിലയിരുത്തുന്നു. 4,500-5,000 വോട്ടിന് അടൂർ നിലനിർത്തുമെന്നാണ് സിപിഐയുടെ നിഗമനം. കോന്നിയിൽ എണ്ണായിരം വോട്ടിന് ജനീഷ് ജയിക്കും. റാന്നിയിലും തിരുവല്ലയിലും എൽഡിഎഫ് 5000 വോട്ടിന് ജയിക്കുമെന്നുമാണ് കണക്കുക്കൂട്ടൽ.

SCROLL FOR NEXT