Source: Files
ASSEMBLY ELECTION 2026

അന്തിമ പോളിങ് കണക്കുകളിൽ അവ്യക്തത തുടരുന്നതിനിടെ പഴയ കണക്കുകൾ വീണ്ടും പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

നേരത്തെ പ്രസിദ്ധീകരിച്ച പോസ്റ്റൽ, ഹോം വോട്ടുകളുടെ കണക്ക് തന്നെയാണ് വീണ്ടും പ്രസിദ്ധീകരിച്ചിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ അന്തിമ പോളിങ് കണക്ക് എവിടെ എന്ന ചോദ്യം ഉയരുന്നതിനിടെ പഴയ കണക്ക് വീണ്ടും പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. 78.27 ശതമാനം പോളിങ് എന്ന കണക്കാണ് വീണ്ടും പുറത്ത് വിട്ടത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ സീലോട് കൂടിയാണ് ഡാറ്റ പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ പ്രസിദ്ധീകരിച്ച പോസ്റ്റൽ, ഹോം വോട്ടുകളുടെ കണക്ക് തന്നെയാണ് വീണ്ടും പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കണക്ക് പുറത്ത് വിടാത്തതിന് എതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മന്ത്രി വി. ശിവൻകുട്ടിയും രംഗത്ത് എത്തിയിരുന്നു. കണക്കുകൾ അടിയന്തരമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വി.ഡി. സതീശൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിരുന്നു.

തെരഞ്ഞെടുപ്പ് പൂർത്തിയായി ദിവസങ്ങൾ പിന്നിട്ടിട്ടും ഇതുവരെയും ആകെ പോൾ ചെയ്ത വോട്ടുകളുടെ കണക്കുകൾ ലഭ്യമായിട്ടില്ല. മണ്ഡലങ്ങൾ തിരിച്ചുള്ള വോട്ടിങ് കണക്കുകളും പോസ്റ്റൽ വോട്ടുകളുടെ എണ്ണവും ഇതുവരെ പുറത്തുവന്നിട്ടില്ല. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കണമെങ്കിൽ ഈ കണക്കുകൾ അടിയന്തരമായി പുറത്തുവിടണമെന്നു കത്തിൽ വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

എന്നാൽ കണക്ക് വൈകുന്നതിൽ അസ്വാഭാവികതയില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിശദീകരണം. കണക്കുകൾ മനപ്പൂർവം വൈകിപ്പിക്കുന്നില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. വരണാധികാരികൾ കണക്കുകൾ ക്രോഡീകരിച്ച് പൂർത്തിയാക്കിയ ഉടൻ വിവരങ്ങൾ പുറത്തുവിടുമെന്നും ഓരോ ബൂത്തിലെയും കണക്ക് രാഷ്ട്രീയ പാർട്ടി ഏജന്റുമാർക്ക് നൽകിയിട്ടുണ്ടെന്നും കമ്മീഷൻ അറിയിച്ചിരുന്നു.

SCROLL FOR NEXT