തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ് ശതമാന കണക്കുകൾ പുറത്തുവിടണമെന്ന ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കണക്കുകൾ അടിയന്തരമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി.
തെരഞ്ഞെടുപ്പ് പൂർത്തിയായി ദിവസങ്ങൾ പിന്നിട്ടിട്ടും ഇതുവരെയും ആകെ പോൾ ചെയ്ത വോട്ടുകളുടെ കണക്കുകൾ ലഭ്യമായിട്ടില്ല. മണ്ഡലങ്ങൾ തിരിച്ചുള്ള വോട്ടിങ് കണക്കുകളും പോസ്റ്റൽ വോട്ടുകളുടെ എണ്ണവും ഇതുവരെ പുറത്തുവന്നിട്ടില്ല. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കണമെങ്കിൽ ഈ കണക്കുകൾ അടിയന്തരമായി പുറത്തുവിടണമെന്നാണ് ആവശ്യം.
സംസ്ഥാനത്ത് തീവ്രവോട്ടർ പട്ടിക പരിഷ്കരണം നടപ്പിലാക്കിയ ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു പതിനാറാം നിയമസഭയിലേക്ക് നടന്നത്. പോളിങ് ശതമാനത്തിലെ വർധനവ് ഇരു മുന്നണികളും തങ്ങൾക്ക് അനുകൂലമാണെന്ന് ചർച്ചകൾ തുടരുന്നതിനിടെയാണ് കണക്കുകൾ പുറത്തുവരാൻ വൈകുന്നത്.