ആലപ്പുഴ: യു. പ്രതിഭയ്ക്കെതിരായ മുസ്ലീം ലീഗ് നേതാവിന്റെ അധിക്ഷേപ പരാമർശത്തിൽ ആലപ്പുഴ ജില്ലാ കലക്ടറോട് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. ഉച്ചയ്ക്ക് ഒരു മണിക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം.
കായംകുളം എൽഡിഎഫ് സ്ഥാനാർഥിയായ പ്രതിഭയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതിന് പിന്നാലെ എ. ഇർഷാദിനെ അന്വേഷണ വിധേയമായി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വം സസ്‌പെന്റ് ചെയ്തിരുന്നു.
നേരത്തെ യുഡിഎഫ് കായംകുളം മണ്ഡലം ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. പകരം മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എച്ച്. ബഷീർ കുട്ടിയെ പുതിയ ചെയർമാനായി നിയമിച്ചു. പരാമർശം വലിയ രാഷ്ട്രീയ വിവാദമായതിനെത്തുടർന്നായിരുന്നു യുഡിഎഫിന്റെ അടിയന്തര നടപടി. സ്ത്രീ വിരുദ്ധ പരാമർശത്തിൽ മുഖ്യമന്ത്രി അടക്കമുള്ളവർ കഴിഞ്ഞ ദിവസം അപലപിക്കുകയും ചെയ്തു .