ASSEMBLY ELECTION 2026

ദീദി വിയർക്കുമോ? ബംഗാളിൽ താമര വിരിയുമെന്ന് എക്സിറ്റ് പോൾ പ്രവചനങ്ങൾ

പ്രമുഖ ഏജൻസികളായ പി മാർക്ക്, പീപ്പിള്‍സ് പള്‍സ്, ചാണക്യ സ്ട്രാറ്റജീവ്, മാട്രിസ് എന്നിവരുടെ എക്സിറ്റ് പോളുകളാണ് ഭരണമാറ്റം പ്രവചിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെ അട്ടിമറിച്ച് ബിജെപി അധികാരത്തിലെത്തുമെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. മമത ബാനർജിയുടെ തുടർച്ചയായ ഭരണം അവസാനിപ്പിച്ച് എൻഡിഎ സഖ്യം വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് വിവിധ ഏജൻസികളുടെ എക്സിറ്റ്പോൾ പ്രവചനങ്ങൾ പറയുന്നത്. പ്രമുഖ ഏജൻസികളായ പി മാർക്ക്, പീപ്പിള്‍സ് പള്‍സ്, ചാണക്യ സ്ട്രാറ്റജീവ്, മാട്രിസ് എന്നിവരുടെ എക്സിറ്റ് പോളുകളാണ് ഭരണമാറ്റം പ്രവചിക്കുന്നത്.

ഇതിൽ പി മാർക്ക് പുറത്തുവിട്ട പ്രവചന കണക്കുകൾ പ്രകാരം 294 അംഗ നിയമസഭയിൽ ബിജെപിക്ക് 150 മുതൽ 175 വരെ സീറ്റുകൾ ലഭിച്ചേക്കും. കേവല ഭൂരിപക്ഷത്തിന് 148 സീറ്റുകൾ വേണ്ട സംസ്ഥാനത്താണ് ബിജെപിക്ക് ഇത്രയും വലിയ വിജയം ഈ സർവേ പ്രവചിക്കുന്നത്. അതേസമയം ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് ഇത്തവണ 118 മുതൽ 138 വരെ സീറ്റുകൾ മാത്രമേ ലഭിക്കാനിടയുള്ളൂ എന്നും സർവേ സൂചിപ്പിക്കുന്നു. മറ്റുള്ളവയ്ക്ക് രണ്ട് മുതൽ ആറ് വരെ സീറ്റുകൾ നേടുമെന്നും പി-മാർക്ക് പ്രവചിചിക്കുന്നു.

ബംഗാൾ ബിജെപി ഭരിക്കുമെന്നാണ് ചാണക്യ സ്ട്രാറ്റജീസ് എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നത്. 150 മുതൽ 160 വരെ സീറ്റുകൾ ബിജെപിയും 130 മുതൽ 140 വരെ സീറ്റുകൾ തൃണമൂൽ കോൺഗ്രസും ആറ്മുതൽ 10 വരെ സീറ്റുകൾ മറ്റുള്ളവയും നേടുമെന്നും ഇത് പ്രവചിക്കുന്നു. മാട്രിസ് പ്രവചന കണക്കുകൾ പ്രകാരം ബിജെപിക്ക് 146 മുതൽ 161 വരെ സീറ്റുകളും ടിഎംസിക്ക് 125 മുതൽ 140 വരെ സീറ്റുകളും ലഭിച്ചേക്കും. ആറ് മുതൽ 10 വരെ സീറ്റുകൾ മറ്റുപാർട്ടികൾക്കും ലഭിക്കുമെന്നാണ് പ്രവചനം.

പോൾ ഡയറി 142 മുതൽ 171 വരെ സീറ്റുകൾ ബിജെപിക്ക് പ്രവചിക്കുമ്പോൾ, 99 മുതൽ 127 വരെ സീറ്റുകൾ ടിഎംസിക്ക് പ്രവചിക്കുന്നു. ഒരു സീറ്റാണ് മറ്റുള്ളവർക്ക് പ്രവചിക്കുന്നത്. എന്നാൽ ബംഗാളിന്റെ പൾസ് തൃണമൂലിനൊപ്പമെന്നാണ് പീപ്പിൾസ് പൾസ് എക്സിറ്റ് പോൾ ഫലം പറയുന്നത്. തൃണമൂലിന് 117 മുതൽ 187വരെ സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം. ബിജെപി 95 മുതൽ 110 വരെയും കോൺഗ്രസ് ഒന്ന് മുതൽ മൂന്ന് വരെയും സിപിഐഎമ്മിന് ഒരു സീറ്റ് വരെയും ലഭിക്കുമെന്നാണ് പ്രവചനം.

SCROLL FOR NEXT