ആലപ്പുഴ: മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പ്രയോഗത്തിൽ പ്രതികരണവുമായി ജി.സുധാകരൻ. ചെറ്റ എന്നത് അടിസ്ഥാന വർഗം താമസിക്കുന്ന സ്ഥലമാണ്. പതിനെട്ട് വയസുവരെ താൻ താമസിച്ചതും ചെറ്റപ്പുരയിലാണെന്നും ചെറ്റ എന്ന് വിളിച്ചതിൽ അഭിമാനമുണ്ടെന്നും ജി. സുധാകരൻ പറഞ്ഞു. ഇടതുപക്ഷത്തെ ആരും തോൽക്കാത്ത മണ്ഡലമായ ധർമ്മടത്താണ് പിണറായി ജയിക്കുന്നതെന്നും ജി. സുധാകരൻ പറഞ്ഞു. യുഡിഎഫ് ജനറൽ ബോഡി യോഗത്തിലായിരുന്നു സുധാകരൻ്റെ പ്രതികരണം.
തനിക്ക് പാർലമെൻ്ററി വ്യാമോഹമാണെന്ന് മുഖ്യമന്ത്രി പറഞ്ഞതായി കേട്ടുവെന്നും ആർക്കും ജയിക്കാൻ കഴിയുന്ന മണ്ഡലത്തിൽ നിന്നാൽ ആർക്കു വേണമെങ്കിലും ജയിക്കാമെന്നും സുധാകരൻ പരിഹസിച്ചു. കണ്ണൂർ പോലെയല്ല ആലപ്പുഴയെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയോട് ഇടഞ്ഞ് യുഡിഎഫ് പിന്തുണയിൽ അമ്പലപ്പുഴയിൽ മത്സരിക്കുന്ന ജി. സുധാകരൻ കാണിച്ചത് രാഷ്ട്രീയ ചെറ്റത്തരം എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ പരാമർശം.
പരാമർശത്തിനെതിരെ കെ.സി.വേണുഗോപാൽ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. പിണറായിയുടെ തനിനിറം വീണ്ടും പുറത്ത് വന്നെന്നായിരുന്നു വേണുഗോപാലിന്റെ വിമർശനം. പുതിയ വിവാദം യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ച് വിടാനാണെന്നാണ് സിപിഐഎം നേതാക്കളുടെ പ്രതിരോധം.