രാജ്‍നാഥ് സിംഗ് Source: News Malayalam 24x7
ASSEMBLY ELECTION 2026

ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ ദൈവം സുരക്ഷിതനല്ല, സ്വർണത്തിന് വേണ്ടി എൽഡിഎഫ് അയ്യപ്പനെ ഒറ്റി: രാജ്‍നാഥ് സിംഗ്

എൽഡിഎഫ് സ്വർണം മോഷ്ടിച്ചപ്പോൾ യുഡിഎഫ് വിൽക്കാൻ സഹായിച്ചുവെന്നും രാജ്‍നാഥ് സിംഗ്...

Author : ന്യൂസ് ഡെസ്ക്

എറണാകുളം: തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ ഡീൽ ആരോപണവും ശബരിമല സ്വർണക്കൊള്ളയും ഉയർത്തി പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗ്. ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ ദൈവം സുരക്ഷിതനല്ല. കുറച്ച് സ്വർണത്തിന് വേണ്ടി എൽഡിഎഫ് അയ്യപ്പനെ ഒറ്റി. എൽഡിഎഫ് സ്വർണം മോഷ്ടിച്ചപ്പോൾ യുഡിഎഫ് വിൽക്കാൻ സഹായിച്ചു. സ്വർണം കട്ടവർക്കൊപ്പം ഉന്നത കോൺഗ്രസ് നേതാവ് നിൽക്കുന്ന ചിത്രം പുറത്തുവന്നെന്നും സോണിയാ ഗാന്ധിയെ ഉന്നമിട്ട് പ്രതിരോധ മന്ത്രി പറഞ്ഞു.

യുഡിഎഫിൻ്റെയും എൽഡിഎഫിൻ്റെയും കൊടികൾ വേറെയാണെങ്കിലും ചിന്തകൾ ഒന്നാണെന്നും കൊച്ചി പറവൂരിലെ എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ രാജ്നാഥ് സിംഗ് കുറ്റപ്പെടുത്തി. ഇരുമുന്നണികളും സമൂഹത്തെ ഭിന്നിപ്പിക്കുകയും കേരളത്തെ കൊള്ളയടിക്കുകയും ചെയ്തു. അഴിമതി മുന്നണിയാണ് ഇരുവരുടേതുമെന്നും പ്രതിരോധമന്ത്രി വിമർശിച്ചു.

എൽഡിഎഫും യുഡിഎഫും തീവ്രസംഘടനകൾക്ക് ഒപ്പമാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി, പിഡിപി, എസ്ഡിപിഐ എന്നിവരിൽ നിന്ന് കേരളത്തെ ആര് രക്ഷിക്കും. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ വാങ്ങി. മഞ്ചേശ്വരത്ത് കോൺഗ്രസ് എസ്ഡിപിഐ പിന്തുണയോടെ ജയിക്കാൻ ശ്രമിക്കുന്നു. കോൺഗ്രസ് അധികാരത്തിന് വേണ്ടി രാജ്യം പോലും വിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൻ്റെ സ്ഥിതി വളരെ മോശമാണെന്നും സ്‌ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾ വർധിച്ചുവെന്നും രാജ്നാഥ് സിംഗ് വിമർശിച്ചു. ലഹരി ഉപയോഗം സംസ്ഥാനത്ത് വർധിക്കുമ്പോൾ സർക്കാർ നിഷ്ക്രിയമാണ്. പഠനത്തിനും ജോലിക്കും വേണ്ടി യുവാക്കൾ നാടുവിടുന്നു. എൽഡിഎഫും യുഡിഎഫും കേരളത്തിൻ്റെ ഭാവി നശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

SCROLL FOR NEXT