തൃശൂർ: തൃശൂർ മുൻ മേയർ എം.കെ. വർഗീസ് കോൺഗ്രസിലേക്ക് മടങ്ങുന്നു. തൃശൂരിലെ യുഡിഎഫ് സ്ഥാനാർഥി രാജൻ പല്ലന് പിന്തുണ പ്രഖ്യാപിച്ചു. വർഗീസിനെ രാജൻ പല്ലൻ വീട്ടിലെത്തി സന്ദർശിച്ചു.
തന്റെ മനസ് പറഞ്ഞത് അനുസരിച്ച് പഴയ തറവാട്ടിലേക്ക് തിരിച്ചു പോകുകയാണെന്ന് എം.കെ. വർഗീസ് പറഞ്ഞു. രാജൻ പല്ലൻ വീട്ടിലെത്തി പിന്തുണ ആവശ്യപ്പെട്ടു. അദ്ദേഹത്തിന് പൂർണ പിന്തുണ പ്രഖ്യാപിക്കാൻ തന്നെയാണ് തീരുമാനമെന്നും എം.കെ. വർഗീസ് പറഞ്ഞു. തൃശൂരിൽ ഇത്തവണ വിജയം രാജൻ പല്ലനായിരിക്കുമെന്നും എം.കെ. വർഗീസ് പറഞ്ഞു.
എം.കെ. വർഗീസിന്റെ മടങ്ങിവരവ് ഉപാധികളൊന്നും ഇല്ലാതെ ആണെന്ന് രാജൻ ജെ. പല്ലൻ പറഞ്ഞു. ഏതെങ്കിലും സാഹചര്യത്തിൽ പാർട്ടി വിട്ട് പോയവരെ തിരികെ കൊണ്ടുവരണമെന്നതാണ് എന്നും തൻ്റെ നിലപാട്. എം.കെ. വർഗീസിൻ്റെ മടങ്ങി വരവ് പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും രാജൻ പല്ലൻ പറഞ്ഞു.
നേരത്തെ തൃശൂരിൽ വർഗീസിനെ ബിജെപി സ്ഥാനാർഥിയാക്കാൻ നീക്കം നടക്കുന്നുവെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ, കോൺഗ്രസിലേക്ക് തിരിച്ച് പോകാനാണ് താത്പര്യമെന്നും എന്ത് ഓഫർ നൽകിയാലും ബിജെപിയുമായി സഹകരിക്കില്ലെന്നും എം.കെ. വർഗീസ് പറഞ്ഞിരുന്നു.