ASSEMBLY ELECTION 2026

"ഒപ്പമുണ്ടെന്ന് പറയുന്നതല്ലാതെ നീതി ലഭിച്ചില്ല"; ആറന്മുളയിൽ അബിന്‍ വര്‍ക്കിയുടെ പ്രചാരണത്തിനെത്തി ചികിത്സാപ്പിഴവിന് ഇരയായ ഹർഷിന

താന്‍ അനിഭവിച്ച വേദനയെ ഒരു സ്ത്രീ ആയ വീണ ജോര്‍ജ് അപമാനിച്ചെന്നും ഹർഷിന പറ‍ഞ്ഞു

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ആറന്മുള മണ്ഡലത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പ്രചാരണവുമായി ചികിത്സാപ്പിഴവിന് ഇരയായ ഹർഷിനയും ആശാസമരസമിതി നേതാക്കളും. ഒപ്പമുണ്ടെന്ന് പറയുന്നതല്ലാതെ നീതി ലഭിച്ചില്ല. അവഗണിച്ച് അപമാനിച്ച് വിടുന്ന ജനപ്രതിനിധികളെ നമുക്ക് വേണ്ടെന്നും ഹർഷിന പറഞ്ഞു. ആറന്‍മുളയിലെ യുഡിഎഫ് സ്ഥാനാര്‍ഥി അബിന്‍ വര്‍ക്കിയുടെ പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു അവരുടെ പ്രതികരണം.

ഏഴ് വര്‍ഷമായി താന്‍ ദുരിതം അനുഭവിക്കുകയാണ്. വീണജോര്‍ജ് ഐസിയുവില്‍ വച്ച് നെറ്റിയില്‍ ഉമ്മവച്ചു പോയതല്ലാതെ നാലുവര്‍ഷമായിട്ടും ഒരു സഹായവും കിട്ടിയിട്ടില്ല. താന്‍ അനിഭവിച്ച വേദനയെ ഒരു സ്ത്രീ ആയ വീണ ജോര്‍ജ് അപമാനിച്ചെന്നും ഹർഷിന പറ‍ഞ്ഞു.

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് ആശാ സമരക്കാര്‍ പ്രചാരണം തുടങ്ങിയത്. 266 ദിവസം സെക്രട്ടേറിയറ്റ് നടയില്‍ സമരം ചെയ്തു. തന്ന ഉറപ്പുകളൊന്നും ആരോഗ്യമന്ത്രി പാലിച്ചില്ല. സിപിഐഎമ്മും സര്‍ക്കാരും ആശാസമരക്കാരെ അപമാനിച്ചു. ഈ സര്‍ക്കാരിനും ആരോഗ്യമന്ത്രിക്കും വോട്ട് നല്‍കരുത് എന്നായിരുന്നു സമരസമിതിയുടെ ആവശ്യം. സമരസമിതി നേതാക്കളായ എസ്. മിനി, കെ.എസ്. ബിന്ദു എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു പ്രചാരണം. പത്തനംതിട്ട, കോഴഞ്ചേരി, പുല്ലാട്, ആറന്‍മുള തുടങ്ങി വിവിധ മേഖലകളില്‍ മന്ത്രിക്കെതിരെ ആശാ പ്രവര്‍ത്തകര്‍ പ്രചാരണത്തിന് ഇറങ്ങിയത്. എല്ലാവരും ഈ പ്രചാരണത്തിന് ഇല്ലെന്നാണ് സിഐടിയു സംഘനയില്‍പ്പെട്ട ആശാപ്രവര്‍ത്തകരുടെ നിലപാട്.

SCROLL FOR NEXT