പത്തനംതിട്ട: കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കം തുടരുന്നതിനിടെ പത്തനംതിട്ടയിലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനായി ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിന് സമീപമാണ് ഫ്ലക്സ് വച്ചിരിക്കുന്നത്. "കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി, നിലപാടുകളുടെ രാജകുമാരൻ സതീശൻ" എന്നാണ് ഫ്ലക്സിൽ എഴുതിയിരിക്കുന്നത്. "കേരളത്തിൻ്റെ ഭാവി ഈ കൈകളിൽ സുരക്ഷിതമെന്നും" ഫ്ലക്സിലെഴുതിയിട്ടുണ്ട്. എന്നാൽ ആരാണ് ഫ്ലക്സ് സ്ഥാപിച്ചതെന്ന് എഴുതിയിട്ടില്ല.
വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കഴിഞ്ഞ ദിവസം ഇടുക്കിയിലും വി.ഡി. സതീശനായി ഫ്ളക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടിരുന്നു. തൊടുപുഴ പട്ടയംകവലയ്ക്ക് സമീപം ഇന്നലെ രാത്രിയാണ് ഫ്ളക്സ് പ്രത്യക്ഷപ്പെട്ടത്. "പട നയിച്ചവൻ നാടു നയിക്കും, നിലപാടിൻ്റെ രാജകുമാരന് അഭിവാദ്യം" എന്നിങ്ങനെയാണ് ബോർഡിലുള്ളത്. ടീം യുഡിഎഫ് തൊടുപുഴ എന്ന പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞത് മുതൽ കേരളത്തിലുടനീളം വി.ഡി. സതീശന് അനുകൂലമായും പ്രതികൂലമായും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഫ്ലക്സ് പോരില്‍ വി.ഡി. സതീശനാണ് ഏറ്റവും മുന്നിലുള്ളത്. രമേശ് ചെന്നിത്തലയുടെ ആരാധകരാണ് തൊട്ടുപിന്നിൽ. കെ.സി വേണുഗോപാലിനായും ചിലയിടങ്ങളില്‍ ഫ്ലക്സുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മുഖ്യമന്ത്രി ചര്‍ച്ചയില്‍ പരസ്യ പ്രതികരണം വിലക്കിയതോടെയാണ് ഫ്ലക്സ് യുദ്ധം ആരംഭിച്ചത്.