കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് 
ASSEMBLY ELECTION 2026

"നേതാക്കന്മാരെ പരസ്യവിചാരണക്ക് ഇട്ടുകൊടുത്താൽ പേരെടുത്ത് വിമർശിക്കേണ്ടി വരും"; കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

വി.ഡി. സതീശന് അനുകൂലമായ പ്രകടനങ്ങളെ പരോക്ഷമായി വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റ്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉടനീളം വി.ഡി. സതീശന് വേണ്ടി കോൺഗ്രസ് പ്രവർത്തകർ പ്രകടനവുമായി തെരുവിലിറങ്ങിയതിന് എതിരെ പരോക്ഷ വിമർശനവുമായി കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. പ്രവർത്തകരെ നിയന്ത്രിക്കാൻ നേതാക്കൾ തയ്യാറാകണമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് ആവശ്യപ്പെട്ടു.

നേതാക്കന്മാരെ പരസ്യ വിചാരണക്ക് ഇട്ടുകൊടുത്താൽ ഉന്നത നേതാക്കളെ പേരെടുത്തു വിമർശിക്കേണ്ടിവരുമെന്നും അലോഷ്യസ് സേവ്യർ മുന്നറിയിപ്പ് നൽകി. വി.ഡി. സതീശന് അനുകൂലമായ പ്രകടനങ്ങളെ പരോക്ഷമായി വിമർശിച്ചാണ്ഫേസ് ബുക്ക് പോസ്റ്റ്.

'പട നയിക്കാൻ ഒരു സായുധ വിപ്ലവവും നടന്നിട്ടില്ല','പടച്ചട്ട ഇട്ട് ആരും ഇറങ്ങിയിട്ടില്ല', ഭയപ്പെടുത്തി കീഴ്പ്പെടുത്താം എന്ന നിലപാട് തിരുത്തണമെന്നും അലോഷ്യസ് സേവ്യർ പോസ്റ്റിൽ പറയുന്നു.

അലോഷ്യസ് സേവ്യറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

പ്രവർത്തകരെ നിയന്ത്രിക്കാൻ നേതാക്കൾ തയ്യാറാവണം...!

ഈ പാർട്ടിയിൽ എല്ലാതവണയും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങളെക്കുറിച്ചു ബോധ്യമില്ലാത്ത ആളുകൾ അല്ലല്ലോ ഉന്നത നേതൃത്വം. കൃത്യമായ നടപടിക്രമങ്ങളുമായ് പാർട്ടി മുന്നോട്ട് പോവുമ്പോൾ കണ്ണടച്ചു ഇരുട്ടാക്കാൻ ശ്രമിച്ച് ഈ പാർട്ടിയേയും അതിന്റെ നേതാക്കന്മാരെയും തെരുവ് വിചാരണയ്ക്ക് വിധേയമാക്കിയാൽ എത്ര ഉന്നത നേതാക്കന്മാർ ആയാലും പരസ്യമായി പേരെടുത്ത് വിമർശിക്കേണ്ടി വരും.

പൊതു സമൂഹത്തിനു മുന്നിൽ ഈ പാർട്ടിയെ അപഹാസ്യമാക്കുന്ന നടപടിയെ അംഗീകരിക്കാൻ ആവില്ല....!

പട നയിക്കാൻ ഇവിടെ ഒരു സായുധ വിപ്ലവവും നടന്നിട്ടില്ല. പടച്ചട്ട ഇട്ടാരും ഇറങ്ങിയിട്ടുമില്ല...! താഴെ തട്ടിലുള്ള പ്രവർത്തകർ തുടങ്ങി എല്ലാവരും കൂടെ വെട്ടിയപ്പോൾ മരം വീണു...!

ഭയപ്പെടുത്തി കീഴ്പ്പെടുത്താം എന്ന നിലപാട് തിരുത്തപ്പെടണം....! കോൺഗ്രസ് നേതാക്കന്മാരുടെ യോഗ്യതയും അയോഗ്യതയും തെരുവ് വിസ്താരത്തിന് വിധേയമാകണമെന്ന ധാരണ നേതൃത്വത്തിൽ ആർക്കെങ്കിലും ഉണ്ടെങ്കിൽ ഈ പ്രതിഭാസത്തിന് ശേഷം അതിനെല്ലാം മറുപടി പറയേണ്ടി വരും.

മുഖ്യമന്ത്രി ആയി ആര് വേണമെങ്കിലും വരട്ടെ. അത് പാർട്ടി തീരുമാനിക്കും.

പരിധി വിട്ടാൽ എല്ലാ പരിധിയും വിടും...!ഓർമ്മ പുസ്തകത്തിന്റെ താളുകൾ തുറപ്പിക്കരുത്. Give respect and take respect...!

~അലോഷ്യസ് സേവ്യർ KSU സംസ്ഥാന പ്രസിഡന്റ്

SCROLL FOR NEXT