Source:X
ASSEMBLY ELECTION 2026

തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധി അയയുന്നു? ടിവികെയെ പിന്തുണയ്ക്കാൻ ഇടത് പാർട്ടികളും വിസികെയും

സിപിഐഎം, സിപിഐ ദേശീയ നേതൃത്വങ്ങൾ ഇരു പാർട്ടികൾക്കും പ്രാദേശിക സഖ്യം സംബന്ധിച്ച് തീരുമാനം എടുക്കാൻ സമ്മതം നൽകിയിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധി അയയുന്നതായി സൂചന. ഇടതുകക്ഷികളും വിസികെയും ടിവികെയ്ക്ക് പിന്തുണ നൽകിയേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. സർക്കാർ രൂപീകരിക്കാൻ ഭൂരിപക്ഷമില്ലാത്തിനാൽ ഗവർണർ അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ടിവികെയ്ക്ക് പിന്തുണ നൽകുവാനുള്ള തീരുമാനം.

സിപിഐഎം, സിപിഐ ദേശീയ നേതൃത്വങ്ങൾ ഇരു പാർട്ടികൾക്കും പ്രാദേശിക സഖ്യം സംബന്ധിച്ച് തീരുമാനം എടുക്കാൻ സമ്മതം നൽകിയിട്ടുണ്ട്. ഇക്കാര്യം സംസ്ഥാന നേതൃത്വങ്ങൾ എം.കെ.സ്റ്റാലിനെ അറിയിച്ചു. വിസികെയും ഈ തീരുമാനത്തിന് ഒപ്പം നിൽക്കും. നിർണായക രാഷ്ട്രീയ സാഹചര്യത്തിൽ ടിവികെയെ പിന്തുണയ്ക്കുന്ന നിലപാടാണ് ഡിഎംകെയും സ്വീകരിച്ചിട്ടുള്ളത്. സ്റ്റാലിൻ്റെ അറിവോടെയും സമ്മതത്തോടെയുമാണ് പിന്തുണയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

നേരത്തെ ഡിഎംകെ സഖ്യം വിട്ട കോൺഗ്രസ് എംഎൽമാരുടെ പിന്തുണ ലഭിച്ചാലും ടിവികെയ്ക്ക് 118 എന്ന ഭൂരിപക്ഷത്തിലേക്ക് എത്തുവാൻ സാധിക്കാത്ത സാഹചര്യത്തിലാണ് മറ്റു കക്ഷികളും പിന്തുണയ്ക്കുവാനുള്ള തീരുമാനം എടുത്തിരിക്കുന്നത്. അതേസമയം, കോൺഗ്രസിൻ്റെ തീരുമാനം എടുത്തത് സഖ്യകക്ഷികളോട് ആലോചിക്കാതെ എന്നും വിമർശനം ഉയർന്നിരുന്നു. നാളെ നടക്കുന്ന സംസ്ഥാന നേതൃയോഗങ്ങൾ ഇക്കാര്യത്തിൽ തീരുമാനം എടുക്കും.

ടിവികെയ്ക്ക് സർക്കാർ രൂപീകരിക്കാൻ അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് ഗവർണർ ജനാധിപത്യത്തെ അനാദരിക്കുകയാണെന്ന് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കമൽഹാസൻ ആരോപിച്ചിരുന്നു.

തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) 108 സീറ്റുകൾ നേടിയാണ് തെരഞ്ഞെടുപ്പ് അരങ്ങേറ്റത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായയത്.ഭരണകക്ഷിയായിരുന്ന ഡിഎംകെയ്ക്ക് 59 സീറ്റുകളും എഐഎഡിഎംകെയ്ക്ക് 47 സീറ്റുകളുമാണ് നേടാനായത്.

SCROLL FOR NEXT