പാലക്കാട്: മണ്ണാർക്കാട് അതൃപ്തി തുടർന്ന് മുസ്ലിം ലീഗിലെ ഒരു വിഭാഗം. മത്സര രംഗത്തു നിന്ന് എൻ. ഷംസുദ്ദീനെ മാറ്റണമെന്ന ആവശ്യം ലീഗ് നേതൃത്വം തള്ളി.നൂറിൽ അധികം നേതാക്കളും പ്രവർത്തകരും അതൃപ്തി പരസ്യമാക്കിയിരുന്നു. പാണക്കാട്ട് എത്തി ഇവർ ചർച്ച നടത്തിയെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല.
മുൻ നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീറിനെ സ്ഥാനാർഥിയാക്കണം എന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ എൻ. ഷംസുദ്ദീന് സംസ്ഥാന നേതൃത്വം ഒരു വട്ടം കൂടി അവസരം നൽകാൻ തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെയാണ് ഒരു വിഭാഗം രംഗത്തെത്തിയത്. അസംതൃപ്തരുടെ കൺവെൻഷൻ നാളെ മണ്ണാർക്കാട് ചേരും.
അതേസമയം, പുനലൂരിലെ വിമത നീക്കത്തിൽ കടുത്ത അസംതൃപ്തി അറിയിച്ച് മുസ്ലീം ലീഗ് ജില്ലാ നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസ് മത്സരിക്കുന്ന പ്രധാന മണ്ഡലങ്ങളിൽ വിമതരെ നിർത്താൻ ആലോചന നടക്കുന്നുണ്ടെന്നാണ് സൂചന. ഇന്ന് ചേരുന്ന മുസ്ലീം ലീഗ് ജില്ലാ നേതൃയോഗത്തിൽ അന്തിമ തീരുമാനമെടുക്കും.
പുനലൂർ സീറ്റ് വേണ്ടെന്നും പകരം ചടയമംഗലം സീറ്റ് മതിയെന്നുമായിരുന്നു ലീഗിൻ്റെ ആവശ്യം. എന്നാൽ ചടയംംഗലം വിട്ട് നൽകാൻ കോൺഗ്രസ് തയ്യാറായില്ല. ഒടുവിൽ പുനലൂരിൽ തന്നെ മത്സരിക്കാൻ ലീഗ് തീരുമാനിക്കുകയായിരുന്നു. വിമത സ്ഥാനാർഥിയെ ഉയർത്തി കോൺഗ്രസ് പ്രചാരണം ആരംഭിച്ചതോടെയാണ് കോൺഗ്രസ് മത്സരിക്കുന്ന ഇടങ്ങളിൽ വിമത സ്ഥാനാർഥിയെ മത്സരിപ്പിക്കാനുള്ള നീക്കത്തിലേക്ക് ലീഗ് നേതാക്കൾ കടക്കുന്നത്.