സി.വി. ശാന്തകുമാർ Source: News Malayalam 24x7
ASSEMBLY ELECTION 2026

'കൈപ്പട്ടൂര്‍ രാമചന്ദ്രന്‍ കൊലപാതകത്തില്‍ കോടതി വെറുതെ വിട്ടത് തെളിവുകളുടെ അഭാവത്തില്‍'; കേസുകൾ ഉണ്ടായിരുന്നില്ലെന്ന സി.വി. ശാന്തകുമാറിൻ്റെ വാദം തെറ്റ്; എഫ്ഐആർ പുറത്ത്

കൈപ്പട്ടൂർ സ്വദേശിയായ രാമചന്ദ്രന്റെ കൊലപാതകത്തിൽ ഒന്നാം പ്രതിയായി സി.വി. ശാന്തകുമാർ ഉൾപ്പെട്ട എഫ്ഐആർ ന്യൂസ് മലയാളത്തിന് ലഭിച്ചു...

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: അടൂരിലെ യുഡിഎഫ് സ്ഥാനാർഥി സി.വി. ശാന്തകുമാറിനെതിരെ കേസുകൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന വാദം തെറ്റ്. കൈപ്പട്ടൂർ സ്വദേശിയായ രാമചന്ദ്രന്റെ കൊലപാതകത്തിൽ ഒന്നാം പ്രതിയായി സി.വി. ശാന്തകുമാർ ഉൾപ്പെട്ട എഫ്ഐആർ ന്യൂസ് മലയാളത്തിന് ലഭിച്ചു. മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു തനിക്കെതിരെ കേസുകൾ ഒന്നും ഉണ്ടായിട്ടില്ലെന്ന് ശാന്തകുമാർ പറഞ്ഞത്. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് ശാന്തകുമാറിന് എതിരെ കേസെടുക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകി.

സി.വി. ശാന്തകുമാറിനെ കൊലക്കേസ് പ്രതിയാക്കിയുള്ള ലഘുലേഖ വിതരണം ചെയ്ത സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സിപിഐ പ്രവർത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നോട്ടീസ് വിതരണം ചെയ്യുന്നതിനിടെയാണ് രണ്ടുപേർ പിടിയിൽ ആയത്. പിടികൂടിയവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ചിറ്റയം ഗോപകുമാർ പൊലീസ് സ്റ്റേഷനിലെത്തി. സംഭവത്തിൽ സിപിഐ പ്രവർത്തകർ അടൂർ സ്റ്റേഷൻ ഉപരോധിച്ചു. പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകരും രം​ഗത്തെത്തിയിട്ടുണ്ട്. പറക്കോട് മണ്ണടി ഭാ​ഗത്താണ് നോട്ടീസ് വിതരണം ചെയ്തത്.

സംഭവത്തിൽ വികാരാധീനനായായിരുന്നു സി.വി. ശാന്തകുമാർ പ്രതികരിച്ചത്. താൻ പ്രതിയല്ലെന്നും തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണ് എന്നുമാണ് സി.വി. ശാന്തകുമാർ പ്രതികരിച്ചത്. വളരെ മാന്യമായി പൊതുപ്രവർത്തനം നടത്തുന്ന തന്നെ വധിക്കാനാണ് എൽഡിഎഫ് പ്രവർത്തകർ ശ്രമിക്കുന്നത്. തന്റെ ജീവൻ പോലും ഭീഷണിയിലാണെന്നും കോൺ​ഗ്രസ് പ്രവർത്തകരാണ് ആശ്രയമെന്നും സി.വി. ശാന്തകുമാർ പറഞ്ഞു. മാനസികമായ ആഘാതമുണ്ടാക്കിയ ഈ നോട്ടീസ് ഇറക്കിയവര്‍ ഉത്തരവാദിത്തം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

SCROLL FOR NEXT