ASSEMBLY ELECTION 2026

പാർട്ടി vs വിമതർ; കണ്ണൂരിൽ ജയം ആർക്കൊപ്പം?

രാഷ്ട്രീയ കേരളത്തിൻ്റെ ചൂടേറിയ ച‍‍‍‍ർച്ചാ വിഷയങ്ങളിൽ അന്നും ഇന്നും ഇടംപിടിക്കുന്ന ജില്ലയാണ് കണ്ണൂർ.

Author : പ്രിയ പ്രകാശന്‍

ഇടതുപക്ഷത്തിൻ്റെ ഉരുക്കുകോട്ടയെന്ന് കണ്ണൂരിനെ അടയാളപ്പെടുത്തിയാലും അതിൽ തെറ്റില്ല. ഇടതിനെ ഒപ്പം കൂട്ടിയ ഒരു കൂട്ടം മനുഷ്യരാണ് ഇവിടെയുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിലായാലും വ്യക്തമായ ആധിപത്യം നേടാൻ ഇടതുമുന്നണിക്ക് സാധിച്ചിട്ടുണ്ട്. ജില്ലയിലെ 71 ഗ്രാമ പഞ്ചായത്തുകളില്‍ 48 ഇടത്തും,ജില്ലാ പഞ്ചായത്തിൽ 18 ഡിവിഷനുകളിലും, 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ എട്ടിടത്തും, എട്ട് നഗരസഭകളില്‍ അഞ്ചിടത്തും എല്‍ഡിഎഫാണ് ഭരിക്കുന്നത്.

രാഷ്ട്രീയ കേരളത്തിൻ്റെ ചൂടേറിയ ച‍‍‍‍ർച്ചാ വിഷയങ്ങളിൽ അന്നും ഇന്നും ഇടംപിടിക്കുന്ന ജില്ലയാണ് കണ്ണൂർ. ഇത്തവണ കണ്ണൂരിനെ ചർച്ചാ വിഷയമാക്കിയത് സ്ഥാനാർഥി പ്രഖ്യാപനത്തെക്കാളുപരി വിമതനീക്കങ്ങളായിരുന്നു. കണ്ണൂരിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇതുവരെ കാണാത്ത സംഭവവികാസങ്ങൾക്കാണ് കേരളം സാക്ഷിയായത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പതിവിലും ഏറെ ആരോപണങ്ങൾ ഉയരുന്നത് സ്വാഭാവികമാണ്. എന്നാൽ അതിനപ്പുറത്തേക്ക് സിപിഐഎമ്മിന് സംഘടനാപരമായ നടപടികൾ എടുക്കേണ്ടതും പ്രതിരോധം തീർക്കേണ്ടതുമായ ഒരു സാഹചര്യത്തിലൂടെ കടന്നുപോകേണ്ടി വന്നു.

പാർട്ടിക്കുള്ളിൽ ആരോപണങ്ങളും അഭിപ്രായഭിന്നതകളും ഒക്കെ ഉണ്ടെങ്കിലും, സിപിഐഎമ്മിനെ സംബന്ധിച്ച് അത് പരസ്യ പ്രതികരണങ്ങളിലേക്ക് കടക്കുന്നത് അപൂർവമായ ഒന്നാണ്. പാർട്ടിക്കെതിരെ കടുത്ത ആരോപണം ഉന്നയിക്കുകയും, ഒടുക്കം വർഷങ്ങളോളം നീണ്ട പാർട്ടി ബന്ധം ഉപേക്ഷിച്ച് സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിക്കുകയും ചെയ്യുന്ന സ്ഥിതി വിശേഷം. അത്തരമൊരു സവിശേഷമായ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെയാണ് ജില്ലയിലെ ഇത്തവണത്തെ തെരഞ്ഞെടുപ്പ് കടന്നുപോകുന്നത്.

പയ്യന്നൂരിലെ വിമതസ്വരമായിരുന്നു ആദ്യത്തേത്. ധനരാജ് രക്തസാക്ഷി ഫണ്ടിൽ തട്ടിപ്പ് നടന്നുവെന്നായിരുന്നു സിപിഐഎമ്മിനെതിരെ വി. കുഞ്ഞികൃഷ്ണൻ ഉന്നയിച്ച പ്രധാന ആരോപണം. കോടാലി കൈകളുടെ സ്ഥാനം എന്നും ചവറ്റുകൊട്ടയിൽ ആണെന്നായിരുന്നു പാർട്ടി സെക്രട്ടറി കുഞ്ഞികൃഷ്ണൻ്റെ കാര്യത്തിലെടുത്ത നിലപാട്. അച്ചടക്ക നടപടി നേരിട്ട കുഞ്ഞികൃഷ്ണൻ പിന്നീട് പയ്യന്നൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിക്കുന്നിടത്താണ് ആ വിവാദം എത്തിനിൽക്കുന്നത്.

അപ്പോഴേക്കും അടുത്ത വിവാദവും ഉയർന്നുവന്നു. വിമത സ്വരം തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർഥിത്വത്തെ ചൊല്ലിയായിരുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറിക്കെതിരെയാണ് മുതിർന്ന നേതാവ് ആരോപണശരങ്ങൾ ഉയർത്തിയത്. മണ്ഡലത്തിലെ എംഎഎൽഎയായ എം.വി. ഗോവിന്ദൻ കാലാവധി പൂർത്തിയാക്കി മടങ്ങുമ്പോൾ ഭാര്യ പി.കെ. ശ്യാമളയെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കാനാണ് ശ്രമിക്കുന്നതെന്ന് ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായിരുന്ന ടി.കെ. ഗോവിന്ദൻ ആരോപിച്ചു. പിന്നാലെ 6 പതിറ്റാണ്ട് കാലം പാർട്ടിയുടെ സന്തത സഹചാരിയായി നടന്ന. സിപിഐഎം നേതാവിന് പാർട്ടിയിൽ നിന്നും പുറത്തു പോകേണ്ടിവന്നു. അല്ല. പാർട്ടിക്ക് പുറത്താക്കേണ്ടി വന്നു. സമാനമായ രീതിയിൽ പാർട്ടി ബന്ധം ഉപേക്ഷിച്ച് ജി. സുധാകരനെ പോലൊരു പ്രമുഖ നേതാവ് പാർട്ടി വിട്ടതും ഈ തെരഞ്ഞെടുപ്പ് കാലത്തെ അടയാളപ്പെടുത്തുന്ന ഒന്നാണ്.

കണ്ണൂരിലെ ഈ രണ്ട് വിമത സ്വരങ്ങളും പാർട്ടിക്ക് വെല്ലുവിളിയാകും വിധം സ്ഥാനാർഥിത്വത്തിലേക്ക് എത്തിയെന്നത് ശ്രദ്ധേയമാണ്. ഇടതുപക്ഷത്തെ സംബന്ധിച്ച് ഭരണത്തുടർച്ച ലക്ഷ്യം വച്ചുള്ള ഒരു തെരഞ്ഞെടുപ്പാണിത്. മൂന്നാം തവണയും അധികാരത്തിലെത്താനുള്ള പരിശ്രമങ്ങളും, ഇത്തരം ആരോപണങ്ങളിൽ സ്വീകരിച്ച നിലപാടുകളും, പ്രതിരോധ നീക്കങ്ങളും എത്രത്തോളം വിജയം കണ്ടെന്ന് മെയ് 4ലെ ഫലപ്രഖ്യാപനത്തിൽ അറിയാം.

SCROLL FOR NEXT