കോഴിക്കോട്: നിയമസഭാ തെരഞ്ഞെടപ്പിലേക്കുള്ള കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ കെ.സി. വേണുഗോപാൽ പക്ഷത്തിന് മുൻതൂക്കം. സീറ്റ് ലഭിച്ചവരിൽ മൂന്നിലൊന്ന് സ്ഥാനാർഥികൾ കെ.സി. പക്ഷത്ത് നിൽകുന്നവരാണ്. എ-ഐ ഗ്രൂപ്പുകളിൽപ്പെട്ടവർ കെ.സി. പക്ഷത്തേക്ക് മാറുന്നതും തുടരുകയാണ്. കെ.സിയുടെ ചിത്രം വച്ച പോസ്റ്ററുകൾ തയ്യാറാക്കിയാണ് പല സ്ഥാനർഥികളുടെയും പ്രചാരണം.
ദിവസങ്ങളോളം നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കും അനിശ്ചിതത്വത്തിനും ഒടുവിലാണ് തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചത്. 55 മണ്ഡലങ്ങളിലേക്കുളള സ്ഥാനാർത്ഥികളെയാണ് ആദ്യം പ്രഖ്യാപിച്ചത്. പട്ടികയിൽ 19 സിറ്റിങ് എംഎൽഎമാരാണ് ഉള്ളത്. ആദ്യ പട്ടികയില്‍ എംപിമാർ ആരും ഇടം പിടിച്ചിരുന്നില്ല.
പിന്നാലെയാണ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക കഴിഞ്ഞ ദിവസം രാത്രിയോടെ കോൺഗ്രസ് പുറത്ത് വിട്ടത്. 37 പേരാണ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയിലുള്ളത്. പാർട്ടിയോട് ഇടഞ്ഞ് പിന്നീട് അനുനയപ്പെട്ട കെ. സുധാകരൻ്റെയും, അടൂർ പ്രകാശിൻ്റെയും എൽദോസ് കുന്നപ്പിള്ളിയുടേയും അലോഷ്യസ് സേവ്യറിൻ്റെയും ദീപ്തി മേരി വർഗീസിൻ്റെയും പേരുണ്ടായിരുന്നില്ല.