കണ്ണൂർ: നിർണായക തെരഞ്ഞെടുപ്പിൻ്റെ ഉദ്വേഗത്തിൽ രാഷ്ട്രീയ കേരളം. ആദ്യമണിക്കൂറിൽ തന്നെ ധർമടം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പോളിങ് ബൂത്തിലേക്ക് കുടുംബസമേതം കാൽനടയായാണ് മുഖ്യമന്ത്രി എത്തിയത്. വികസനത്തിന് ഇടവേള ഉണ്ടാകരുതെന്ന് പിണറായി വിജയൻ പ്രതികരിച്ചു. കേരളം വർഗീയതയെ സ്വീകരിക്കില്ല. വികസന തുടർച്ചയ്ക്ക് എൽഡിഎഫ് വരണം. ജനങ്ങൾ തുടർഭരണം ആഗ്രഹിക്കുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിപ്രധാനമായ തെരഞ്ഞെടുപ്പാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. എൽഡിഎഫിന് മാത്രമേ പ്രതിബദ്ധതയുടെ നാടിന്റെ പുരോഗതിയെ മുന്നോട്ട് കൊണ്ടുപോകാനാകൂ. മറ്റേതെങ്കിലും കൂട്ടർക്ക് അതിന് കഴിയില്ല. പ്രതിസന്ധിക്കിടയിലും നാം മുന്നോട്ട് പോയി. വളരെ കൃത്യതയോടെ നാടിനെ മുന്നോട്ടു നയിക്കാൻ എൽഡിഎഫിന് കഴിഞ്ഞു. എൽഡിഎഫിനെ പൊളിക്കാൻ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചത് കൊണ്ട് ഫലം ലഭിക്കില്ല. ജനങ്ങളെയാണ് ഞങ്ങൾ എപ്പോഴും വിശ്വസിക്കുന്നത്, ജനങ്ങൾ ഞങ്ങളെയും വിശ്വസിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 2021 ലഭിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ ഇത്തവണ ജനങ്ങൾ എൽഡിഎഫിന് നൽകുമെന്ന ആത്മവിശ്വാസവും മുഖ്യമന്ത്രി പ്രകടിപ്പിച്ചു.
വോട്ട് ചെയ്ത് കെ.എൻ. ബാലഗോപാൽ, എം.ബി. രാജേഷ് ഉൾപ്പെടെയുള്ള മന്ത്രിമാരും. എൽഡിഎഫ് കഴിഞ്ഞ വർഷത്തേക്കാൾ അധികം സീറ്റുകൾ നേടി വീണ്ടും അധികാരത്തിൽ വരുമെന്ന് മന്ത്രി എം.ബി. രാജേഷ് പ്രതികരിച്ചു. യുഡിഎഫിനെ ഭരണമേൽപ്പിക്കുന്ന കാര്യം ആലോചിക്കാൻ പോലും കേരളത്തിലെ ജനങ്ങൾക്ക് കഴിയില്ല. തുടക്കം മുതലേ പറഞ്ഞിരുന്നു. തൃത്താല കംഫർട്ടബിൾ ആയി ജയിക്കുമെന്നും എം.ബി. രാജേഷ് പറഞ്ഞു.
ഇടതുമുന്നണിക്ക് അനുകൂലമാണ് ഈ തെരഞ്ഞെടുപ്പെന്ന് മന്ത്രി വി. ശിവൻകുട്ടി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഭാര്യ പാർവതി ദേവിക്കും മകനുമൊപ്പം ഈഞ്ചയ്ക്കൽ യു.പി സ്കൂളിലെത്തിയാണ് മന്ത്രി വോട്ട് രേഖപ്പെടുത്തിയത്. നല്ല ആത്മവിശ്വാസത്തിലാണ്. ഇടതുമുന്നണി സർക്കാർ മൂന്നാം തവണയും അധികാരത്തിൽ വരും. നേമത്ത് ഒരു ആശങ്കയ്ക്കും ഇടയില്ല. ഇടതുമുന്നണി തന്നെ വിജയിക്കും. ഇതിൽ ഒരു തർക്കത്തിനും ഇടയില്ല. ബിജെപിക്ക് അവരുടെ ആഗ്രഹം പ്രകടിപ്പിക്കാം. ബിജെപി ഈ തെരഞ്ഞെടുപ്പിൽ കോടിക്കണക്കിന് രൂപയുടെ മദ്യം ഒഴുക്കുകയാണെന്നും ശിവൻകുട്ടി ആരോപിച്ചു. ബിജെപിക്ക് വേണ്ടി കിറ്റും മദ്യവും പണവും ജോലിയും വാഗ്ദാനം ചെയ്യുന്നത് രാജീവ് ചന്ദ്രശേഖർ നേരിട്ടുതന്നെയാണെന്ന ഗുരുതര ആരോപണവും ശിവൻകുട്ടി മുന്നോട്ടുവച്ചു.
ഇടത് പക്ഷം മുന്നോട്ട് വച്ച കാര്യങ്ങൾ ജനങ്ങൾ ഏറ്റെടുത്തുവെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പ്രതികരിച്ചു. അനുകൂല സാഹചര്യമാണ് ഉള്ളത്. മികച്ച വിജയം ഉണ്ടാകുമെന്നും കെ.എൻ. ബാലഗോപാൽ പ്രതികരിച്ചു.
ബേപ്പൂരിലെ എതിർ സ്ഥാനാർഥി പി.വി. അൻവർ ശ്രമിച്ചത് പണാധിപത്യത്തിനെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രതികരിച്ചു. യുഡിഎഫ് സ്ഥാനാർഥിക്കൊപ്പം നടക്കുന്നവർ പോലും തനിക്ക് വോട്ട് ചെയ്യുമെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു. കോട്ടൂളി എയുപി സ്കൂളിലെത്തിയാണ് മന്ത്രി വോട്ട് രേഖപ്പെടുത്തിയത്.
ജനാധിപത്യത്തിനു മേലുള്ള പണാധിപത്യമാണ് ബിജെപി കേരളത്തിൽ നടപ്പിലാക്കുന്നതെന്ന് മന്ത്രി ആർ. ബിന്ദു പ്രതികരിച്ചു. ബിജെപിക്ക് കനത്ത തിരിച്ചടി ലഭിക്കുമെന്നും മന്ത്രി പ്രതികരിച്ചു.
2021ൽ ഉണ്ടായതിനേക്കാൾ മികച്ച ഭൂരിപക്ഷം 2026ൽ ഉണ്ടാകുമെന്ന് മന്ത്രി വീണാ ജോർജ് പ്രതികരിച്ചു. താൻ പലതരത്തിലുള്ള വ്യക്തിഹത്യ നേരിട്ടുവെന്നും പരാജയഭീതി കാരണമാണ് അവയെല്ലാമെന്നും മന്ത്രി പ്രതികരിച്ചു.
കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ വോട്ട് നേടി മൂന്നാം എൽഡിഎഫ് സർക്കാർ വരുമെന്ന് മന്ത്രി വി.എൻ. വാസവൻ പ്രതികരിച്ചു. കോട്ടയം പാമ്പാടി എംജിഎം സ്‌കൂളിൽ കുടുംബത്തോടൊപ്പം എത്തിയാണ് മന്ത്രി വോട്ട് ചെയ്തത്.