കേരള നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ News Malayalam 24X7
ASSEMBLY ELECTION 2026

തുടര്‍വാഴ്‌ചയോ, തിരിച്ചുവരവോ? ചരിത്രം കുറിക്കുമോ ജനവിധി?

എല്‍ഡിഎഫ് ഭരണത്തുടര്‍ച്ചയില്‍ പ്രതീക്ഷ വയ്ക്കുമ്പോള്‍, പത്ത് വര്‍ഷത്തിനിപ്പുറം ഒരു തിരിച്ചുവരവാണ് യുഡിഎഫ് ക്യാമ്പിന്റെ പ്രതീക്ഷ.

Author : എസ്. ഷാനവാസ്

എല്‍ഡിഎഫ് തുടരുമോ? അതോ, യുഡിഎഫ് തിരിച്ചെത്തുമോ? എന്‍ഡിഎ വീണ്ടും അക്കൗണ്ട് തുറക്കുമോ? കൂട്ടിയും കിഴിച്ചുമുള്ള കണക്കുക്കൂട്ടലിന്റെ സമയം കഴിഞ്ഞു. ജനങ്ങളുടെ വിധിയെഴുത്ത് അറിയാന്‍ മണിക്കൂറുകള്‍ മാത്രം. 25 ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ വോട്ടെണ്ണുമ്പോള്‍, പ്രതീക്ഷ കൈവിടാതെയാണ് മുന്നണികളുടെ കാത്തിരിപ്പ്. എല്‍ഡിഎഫ് ഭരണത്തുടര്‍ച്ചയില്‍ പ്രതീക്ഷ വയ്ക്കുമ്പോള്‍, പത്ത് വര്‍ഷത്തിനിപ്പുറം ഒരു തിരിച്ചുവരവാണ് യുഡിഎഫ് ക്യാമ്പിന്റെ പ്രതീക്ഷ. രാഷ്ട്രീയവേരോട്ടത്തിനൊപ്പം, നിയമസഭയിലും പ്രാതിനിധ്യം ഉറപ്പിച്ചാണ് എന്‍ഡിഎയുടെ കാത്തിരിപ്പ്. ആരു ജയിച്ചാലും തോറ്റാലും രാഷ്ട്രീയ കേരളത്തിന് അത് പുതിയ ചരിത്രമാകും.

പതിനേഴാമത് നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തിനായാണ് രാഷ്ട്രീയകേരളം കാതോര്‍ക്കുന്നത്. 1957 മുതല്‍ 2021 വരെ 16 തെരഞ്ഞെടുപ്പുകള്‍ നടന്നു. എന്നാല്‍ 15 നിയമസഭകള്‍ മാത്രമാണ് നിലവില്‍ വന്നത്. 1965ല്‍ തെരഞ്ഞെടുപ്പ് നടന്നിരുന്നെങ്കിലും, ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാതിരുന്നതിനാല്‍ മന്ത്രിസഭ രൂപീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. തെരഞ്ഞെടുപ്പില്‍ ജയിച്ചവര്‍ക്ക് എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്യാന്‍ പോലും അന്ന് സാധിച്ചില്ല. ഇഎംഎസ് നമ്പൂതിരിപ്പാട് മുതല്‍ പിണറായി വിജയന്‍ വരെ 23 മന്ത്രിസഭകള്‍ ഉണ്ടായി. അടിയന്തരാവസ്ഥക്കാലത്ത് കാലാവധി നീട്ടിക്കിട്ടിയ രണ്ടാം അച്യുത മേനോന്‍ സര്‍ക്കാര്‍ ആറര വര്‍ഷത്തോളം അധികാരത്തിലിരുന്നു. ഇതു കൂടാതെ ആറ് മന്ത്രിസഭകള്‍ മാത്രമാണ് ഇക്കാലത്തിനിടെ അഞ്ച് വര്‍ഷം തികച്ചിട്ടുള്ളത്. 1982-87ല്‍ കെ. കരുണാകരന്‍, 1996-2001 ഇ.കെ. നായനാര്‍, 2006-11 വി.എസ്. അച്യുതാനന്ദന്‍, 2011-16 ഉമ്മന്‍ ചാണ്ടി, 2016-21, 2021-26 വര്‍ഷങ്ങളില്‍ പിണറായി വിജയന്‍ എന്നീ മന്ത്രിസഭകളാണ് കാലാവധി തികച്ചിട്ടുള്ളത്. 1987ല്‍ കാലാവധി ഒരുവർഷം ബാക്കിനിൽക്കെ നായനാര്‍ മന്ത്രിസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു.

സംസ്ഥാന ചരിത്രത്തില്‍ ഇതുവരെ 12 പേരാണ് മുഖ്യമന്ത്രി പദം വഹിച്ചിട്ടുള്ളത്. ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രിയായത് കെ. കരുണാകരനാണ്; നാലു തവണ. ഇ.കെ. നായനാരും എ.കെ. ആന്റണിയും മൂന്ന് തവണയും, ഇഎംഎസ്, സി. അച്യുത മേനോന്‍, ഉമ്മന്‍ ചാണ്ടി, പിണറായി വിജയന്‍ എന്നിവര്‍ രണ്ട് തവണയും, പട്ടം താണു പിള്ള, ആര്‍. ശങ്കര്‍, പി.കെ. വാസുദേവന്‍ നായര്‍, സി.എച്ച്. മുഹമ്മദ് കോയ, വി.എസ്. അച്യുതാനന്ദന്‍ എന്നിവര്‍ ഓരോ തവണയും മുഖ്യമന്ത്രിമാരായി. കൂടുതല്‍ കാലം മുഖ്യമന്ത്രിയായത് നായനാരാണ്. മൂന്ന് ടേമുകളിലായി നായനാര്‍ പത്ത് വര്‍ഷവും 353 ദിവസവും മുഖ്യമന്ത്രി പദം വഹിച്ചു. ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ് രണ്ടാമത്, ഒമ്പത് വര്‍ഷവും 343 ദിവസവും പിന്നിടുന്നു. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നതിന്റെ റെക്കോഡും പിണറായിക്കാണ്. ആറ് വര്‍ഷവും 172 ദിവസം മുഖ്യമന്ത്രി പദത്തിലിരുന്ന അച്യുത മേനോനാണ് രണ്ടാമത്. ഏറ്റവും കുറഞ്ഞ കാലം മുഖ്യമന്ത്രിയായത് സിഎച്ചായിരുന്നു. അഞ്ചാം നിയമസഭയുടെ അവസാനകാലത്ത് 50 ദിവസമാണ് സിഎച്ച് മുഖ്യമന്ത്രിയായത്.

തുടര്‍ച്ചയായി തെരഞ്ഞെടുപ്പ് നേരിട്ട് മുഖ്യമന്ത്രിയായ രണ്ടുപേരുണ്ട്, അച്യുത മേനോനും പിണറായി വിജയനും. 1969ല്‍ മുഖ്യമന്ത്രിയായ അച്യുത മേനോന്‍ 1970ലെ രാഷ്ട്രപതി ഭരണത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പ് ജയിച്ചാണ് വീണ്ടും മുഖ്യമന്ത്രിയായത്. അതേസമയം, 2016ല്‍ മുഖ്യമന്ത്രിയായ പിണറായി വിജയന്‍, 2021 തെരഞ്ഞെടുപ്പും ജയിച്ച് മുഖ്യമന്ത്രിയായാണ് ചരിത്രം കുറിച്ചത്. ഇക്കുറിയും എല്‍ഡിഎഫ് ജയിച്ച്, പിണറായി വിജയന്‍ മുഖ്യമന്ത്രിയായാല്‍ അതും ചരിത്രമാകും. തുടര്‍ച്ചയായി മൂന്ന് തവണ അധികാരത്തിലേറുന്ന ആദ്യ മുഖ്യമന്ത്രിയാകും പിണറായി വിജയന്‍. എല്‍ഡിഎഫ് ജയിച്ച് മറ്റൊരാള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വന്നാലും, യുഡിഎഫ് ജയിച്ചാലും കേരളത്തിന് 13മത്തെ മുഖ്യമന്ത്രിയെ ലഭിക്കും.

തുടര്‍ വിജയം എല്‍ഡിഎഫിന് കേരളത്തിലും, ഇടതുപക്ഷത്തിന് ദേശീയ രാഷ്ട്രീയത്തിലും സവിശേഷ സ്ഥാനം നല്‍കും. മറിച്ച് തോല്‍വിയാണ് ഫലമെങ്കില്‍, ഒരു സംസ്ഥാനത്തും ഭരണമില്ലാത്തവരെന്ന പഴിയാകും ഇടതുപക്ഷം കേള്‍ക്കേണ്ടിവരിക. പത്ത് വര്‍ഷത്തിനിപ്പുറം ഭരണത്തിലേറാന്‍ സാധിച്ചാല്‍ യുഡിഎഫിന്, പ്രത്യേകിച്ച് കോണ്‍ഗ്രസിന് അത് വലിയ ആത്മവിശ്വാസം നല്‍കും. തിരിച്ചുവരവ് സാധ്യമായില്ലെങ്കില്‍, കോണ്‍ഗ്രസിന്റെ പതനവും, യുഡിഎഫ് മുന്നണി രാഷ്ട്രീയത്തിന്റെ തകര്‍ച്ചയുമൊക്കെ കാണേണ്ടിവരും. അത്തരമൊരു രാഷ്ട്രീയ സാഹചര്യം ഭാവിയില്‍ ഒരുപക്ഷേ ബിജെപിക്കാവും ഗുണം ചെയ്യുക.

എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്കൊപ്പം ബിജെപിയും ഇക്കുറി വലിയ പ്രതീക്ഷയോടെയാണ് ഫലം കാത്തിരിക്കുന്നത്. ബിഡിജെഎസ്, ട്വന്റി 20 എന്നിവര്‍ക്കൊപ്പം മുന്നണി രാഷ്ട്രീയം പയറ്റിയ ബിജെപിക്ക് ഒന്നോ രണ്ടോ സീറ്റുകള്‍ കിട്ടിയേക്കാമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍. 2016ല്‍ ഒ. രാജഗോപാലിലൂടെ നിയമസഭയില്‍ അക്കൗണ്ട് തുറന്ന ബിജെപിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം സാധ്യമായെങ്കിലും ഒരാള്‍ക്കും ജയിക്കാനായിരുന്നില്ല. ഇക്കുറി സീറ്റുകള്‍ നേടാനായാല്‍ അതും ചരിത്രമാകും.

SCROLL FOR NEXT