ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ; വോട്ടെണ്ണൽ എങ്ങനെ?

ആറ് മണിയോടെ ഉദ്യോഗസ്ഥരും തുടർന്ന് നിരീക്ഷകൻ, സ്ഥാനാർഥികൾ കൗണ്ടിങ് ഏജൻ്റുമാർ തുടങ്ങിയവരും വോട്ടെണ്ണൽ കേന്ദ്രങ്ങളിലെത്തും.
വോട്ടെണ്ണൽ കേന്ദ്രം
വോട്ടെണ്ണൽ കേന്ദ്രംSource: ANI
Published on
Updated on

തിരുവനന്തപുരം: കേരളം ആർക്കൊപ്പം എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. നാളെ രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിക്കുക. ആദ്യഘട്ടത്തിൽ തപാൽ വോട്ടുകളും തുടർന്ന് ഇവിഎമ്മിലെ വോട്ടുകളും എണ്ണും. 8.30 മുതൽ തന്നെ ആദ്യഫലസൂചനകൾ പുറത്തുവരും.

വോട്ടെണ്ണൽ എങ്ങനെയാണ്?

ആറ് മണിയോടെ ഉദ്യോഗസ്ഥരും തുടർന്ന് നിരീക്ഷകൻ, സ്ഥാനാർഥികൾ കൗണ്ടിങ് ഏജൻ്റുമാർ തുടങ്ങിയവരും വോട്ടെണ്ണൽ കേന്ദ്രങ്ങളിലെത്തും.

ഏഴ് മണിയോടെ ചുമതലയുള്ള ഉദ്യോഗസ്ഥനും സഹായിയും ചേർന്ന് സ്ട്രോങ് റൂം തുറക്കുന്നതും ഇവിഎം ഹാളിലേക്ക് കൊണ്ടുവരുന്നതുമെല്ലാം വീഡിയോയിൽ ചിത്രീകരിക്കും. ഇവിഎമ്മിൻ്റെ കൺട്രോൾ യൂണിറ്റും ഫോറം 14 സിയുമാണ് ഹാളിലേക്ക് കൊണ്ടുവരിക.

വോട്ടെണ്ണൽ കേന്ദ്രം
"കേരളത്തിൻ്റെ മുഖ്യമന്ത്രിയായി കാണണം"; ചെന്നിത്തലയ്ക്ക് വേണ്ടി പരുമല പള്ളിയിൽ പ്രത്യേക കുർബാന

ഒരു ഹാളിൽ ഒരു റൗണ്ടിൽ പരമാവധി 14 ബുത്തുകളുടെ ക്രമനമ്പർ അനുസരിച്ച് വോട്ടെണ്ണും. ഒരു ഇവിഎമ്മിന് ഒരു മേശ എന്ന വിധത്തിലും, തപാൽ വോട്ടുകൾക്ക് 500 എണ്ണത്തിന് ഒരു മേശയും, സർവീസ് വോട്ടിന് പ്രത്യേക മേശയും ക്രമീകരിക്കും. ഉദ്യോഗസ്ഥർ, തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിരീക്ഷകൻ, സ്ഥാനാർഥി അല്ലെങ്കിൽ അംഗീകൃത പ്രതിനിധി എന്നിവരുടെ സാന്നിധ്യത്തിലാണ് നടപടി ക്രമങ്ങൾ പൂർത്തീകരിക്കുക.

റൂമിൽ വരണാധികാരിയെ സഹായിക്കാൻ കൗണ്ടിങ് സൂപ്പർ വൈസറും അസിസ്റ്റൻ്റും വോട്ടെണ്ണുന്ന ഹാളിൻ്റെ മേൽനോട്ടം വഹിക്കാൻ ഒരു ഉപവരണാധികാരിയും ഉണ്ടാകും. 14 ബുത്തുകളിലെ വോട്ടുകൾ ഒരേസമയം എണ്ണിത്തീരുന്നതോടെ ഒരു റൗണ്ട് പൂർത്തിയാകും. ഒരു മണ്ഡലത്തിൽ ശരാശരി 220 ബൂത്തുകളാണ് ഉണ്ടാവുക.

തപാൽ വോട്ട്

തപാൽവോട്ടിനാണ് ആദ്യപരിഗണന നൽകുക. എട്ട് മണിക്ക് വോട്ട് എണ്ണുമ്പോൾ ആദ്യം തപാൽ വോട്ടാണ് എണ്ണുക. തപാൽവോട്ടുകൾ ഇല്ലെങ്കിൽ ഇവിഎമ്മിലെ വോട്ട് എണ്ണിത്തുടങ്ങും. എട്ടരയോടെയാണ് ഇവിഎമ്മിലെ വോട്ടുകൾ എണ്ണാൻ തുടങ്ങുക. ആ സമയത്ത് തപാൽ വോട്ട് എണ്ണി തീർന്നില്ലെങ്കിൽ അത് എണ്ണി പൂർത്തിയാക്കും.

വോട്ടെണ്ണൽ കേന്ദ്രം
"നേരിയ ഭൂരിപക്ഷത്തിൽ എൽഡിഎഫ് ഭരണം തിരിച്ചു പിടിക്കും"; ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ

വോട്ടെണ്ണുന്ന ഹാളിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡിൽ സ്ഥാനാർഥികളുടെ പേരും ഏത് റൗണ്ടാണ് എണ്ണുന്നതെന്നും പ്രദർശിപ്പിക്കും. ഓരോ മേശയിലെയും വോട്ടെണ്ണി തീരുമ്പോൾ കൗണ്ടിങ് സൂപ്പർവൈസർ, വരണാധികാരി, നിരീക്ഷകൻ എന്നിവർ വോട്ട് കണക്കുകൾ പരിശോധിച്ച് ഉറപ്പുവരുത്തും.

ഏജൻ്റുമാരും ഉദ്യോഗസ്ഥരും രേഖകൾ ഒത്തുനോക്കി സാക്ഷ്യപ്പെടുത്തിയതിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ എൻകോർ സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തും. ഓരോ മേശയ്ക്കടുത്തും തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിക്കുന്ന പ്രത്യേക ഉദ്യോഗസ്ഥരായ മൈക്രോ ഒബ്‌സർവർമാർ ഉണ്ടാകും. പ്രശ്നങ്ങളൊന്നും ഇല്ലെങ്കിൽ അഞ്ചുമുതൽ എട്ടു മിനിറ്റുവരെ ഒരു റൗണ്ടിന് വേണ്ടിവരും.

വി.വി. പാറ്റ്

നിരീക്ഷകർ ഒരോ റൗണ്ടിലെയും രണ്ട് ഇവിഎം റാൻഡമായി എണ്ണും. കൃത്യത ഉറപ്പാക്കാൻ വേണ്ടിയാണ് ഇത് നടത്തുന്നത്. ഓരോ മണ്ഡലത്തിലെയും അഞ്ച് ബുത്തുകളിലെ വീതം വി.വി പാറ്റുകളും നിർബന്ധമായും എണ്ണും. ഇവിഎമ്മിലെയും ബൂത്തിൽ രേഖപ്പെടുത്തിയ വോട്ടിൻ്റെയും എണ്ണത്തിൽ വ്യത്യാസമുണ്ടായാൽ, ആ സമയത്ത് വി.വി പാറ്റ് സ്ലിപ്പുകൾ നോക്കി ഫൈനലെസ് ചെയ്യും.

വോട്ടെണ്ണൽ കേന്ദ്രം
"വിജയപ്രതീക്ഷ"; യുഡിഎഫ് അധികാരത്തിൽ വരുമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ

ഓരോ റൗണ്ടും പൂർത്തിയായാൽ ഇവിഎം സ്ട്രോങ് റൂമിലേക്ക് മാറ്റിവയ്ക്കും. വോട്ടെണ്ണൽ പൂർത്തിയായാൽ കണക്കുകൾ പരിശോധിച്ച് ഫലപ്രഖ്യാപനം നടത്തുകയും വിജയിക്ക് റിട്ടേണിങ് ഓഫീസർ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യും.

ഹാളിലുള്ള സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടിയിലെ ഏജൻ്റുമാരും തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ തിരിച്ചറിയൽ കാർഡ് കാണത്തക്കവിധം ധരിക്കണം. മൊബൈൽ ഫോണുകൾ ഹാളിന് പുറത്തുള്ള ഡിപ്പോസിറ്റ് യൂണിറ്റിൽ ഏൽപ്പിക്കണം. ഇവിഎമ്മിലോ തെരഞ്ഞെടുപ്പിൻ്റെ മറ്റുരേഖകളിലോ തൊടരുത്. വോട്ടെണ്ണുന്ന മേശയ്ക്ക് സമീപം ബാരിക്കേഡിന് പിന്നിലായിരിക്കും ഏജൻ്റുമാർക്ക് ഇരിപ്പിടം സജ്ജീകരിക്കുക.

News Malayalam 24x7
newsmalayalam.com