ASSEMBLY ELECTION 2026

പേരാവൂരിൽ വീണ്ടും അടിപതറി ശൈലജ..! സിപിഐഎമ്മിനേറ്റ കനത്ത പ്രഹരം

സണ്ണി ജോസഫിന്റെ ഭൂരിപക്ഷം പതിനായിരം കടന്നതോടെ ശൈലജയും പാർട്ടിയും വൻ തോൽവി ഏറ്റുവാങ്ങി

Author : ലിൻ്റു ഗീത

ഇടത് കോട്ടകളിൽ ആഞ്ഞടിച്ച യുഡിഎഫ് കാറ്റിൽ പേരാവൂരും എൽഡിഎഫിനെ തുണച്ചില്ല. എന്തുവില കൊടുത്തും പേരാവൂർ തിരിച്ചു പിടിക്കുക എന്നതായിരുന്നു കെ.കെ. ശൈലജയിലൂടെ സിപിഐഎം ലക്ഷ്യമിട്ടത്. എന്നാൽ വിജയിക്കാനായില്ലെന്ന് മാത്രമല്ല കണ്ണൂരെന്ന സിപിഐഎമ്മിന്റെ ചെങ്കോട്ടയിൽ തോൽവിയുടെ ആഘാതം വർധിപ്പിക്കുന്നത് കൂടിയായിരുന്നു പേരാവൂരിലെ ഫലം. ആദ്യ രണ്ട് റൗണ്ടുകളിൽ മാത്രമാണ് ശൈലജ ലീഡെടുത്തത്. മൂന്നാം റൗണ്ട് മുതൽ ലീഡുയർത്തിയ സണ്ണി ജോസഫ് പിന്നീട് പടിപടിയായി അത് വർധിപ്പിച്ചു. സണ്ണി ജോസഫിന്റെ ഭൂരിപക്ഷം പതിനായിരം കടന്നതോടെ ശൈലജയും പാർട്ടിയും വൻ തോൽവി ഏറ്റുവാങ്ങി.

പേരാവൂരിന്റെ ചരിത്രം എടുത്തു നോക്കിയാൽ 1977ൽ രൂപീകൃതമായത് മുതൽ പേരാവൂർ കൂടുതൽ തവണയും നിന്നത് വലതിനൊപ്പം തന്നെയാണ്. മട്ടന്നൂരിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചതോടെയാണ് ശൈലജ ഇക്കുറി പോരാവൂരിലെത്തിയത്. 2021ൽ മട്ടന്നൂരിൽ മത്സരിച്ച് കേരള രാഷ്ട്രീയത്തിലെ റെക്കോഡ് ഭൂരിപക്ഷം നേടിയ ശൈലജയ്ക്ക് പാർട്ടിക്കപ്പുറമുള്ള വോട്ടുകൾ സമാഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പേരാവൂരിലേക്ക് നിയോഗിച്ചത്. 2006ൽ കോൺഗ്രസിനെ അട്ടിമറിച്ച് മണ്ഡലം പിടിച്ചടക്കിയതും മുൻ മന്ത്രിയെന്ന നിലയിൽ അവർ നേടിയ വ്യക്തി പ്രഭാവവും വോട്ടാകുമെന്നും പാർട്ടി വിശ്വാസിച്ചു. അതോടെയാണ് ഒന്നര പതിറ്റാണ്ടിനപ്പുറം സണ്ണി ജോസഫും ശൈലജയും വീണ്ടും നേർക്കുനേർ വന്നത്.

2021ൽ പേരാവൂരിൽ കിതച്ച് ജയിച്ച സണ്ണി ജോസഫ് ഇത്തവണ ശൈലജയ്ക്ക് മുന്നിൽ വീഴുമെന്ന ഉറച്ച പ്രതീക്ഷ എൽഡിഎഫിനുണ്ടായിരുന്നു. എന്നാൽ, അതൊന്നും ജനവിധിയിൽ പ്രതിഫലിച്ചില്ലെന്ന് ഉറപ്പിച്ച് പറയാം. ഇക്കുറിയും ജനം സണ്ണി ജോസഫിന് കൈകൊടുത്തതോടെ സിപിഐഎം വൻ തിരിച്ചടിയാണ് നേരിട്ടത്. കേരള സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടി മട്ടന്നൂരിൽ വിജയിച്ച വലിയ ജനസമ്മിതിയുള്ള, സിപിഐഎമ്മിൻ്റെ കരുത്തുറ്റ മുഖങ്ങളിലൊരാളെ മണ്ഡലം മാറ്റി തോൽപ്പിച്ചെന്ന വിമർശനവും ഇതോടെ പാർട്ടി ഏറ്റു വാങ്ങേണ്ടിവരും.

മണ്ഡലം രൂപീകൃതമായശേഷം ഇടതുപക്ഷം നേടിയ ഏറ്റവും വലിയ വിജയമായിരുന്നു 2006ൽ ആദ്യമായി ശൈലജ നേടിയത്. കോൺഗ്രസിന്റെ സിറ്റിങ് എംഎൽഎയായിരുന്ന എഡി മുസ്തഫയെ 9,099 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. അത് ആവർത്തിക്കുമെന്ന പ്രതീക്ഷ തെറ്റിയെന്നു മാത്രമല്ല, കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാൾ യുഡിഎഫ് ഭൂരിപക്ഷം ഉയർത്തുകയും ചെയ്തു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 23,481 വോട്ടുകളുടെ ലീഡാണ് നേടിയത്. തദ്ദേശത്തിലും മികച്ച ലീഡ് നേടാൻ യുഡിഎഫിനായിരുന്നു. 10,230 വോട്ടുകൾക്കാണ് തദ്ദേശത്തിൽ യുഡിഎഫ് പേരാവൂരിൽ മുന്നിലെത്തിയത്. നിയമസഭയിലും അതാവർത്തിക്കപ്പെട്ടതോടെ ശൈലജയ്ക്ക് വീണ്ടും അടിതെറ്റി.

2006ൽ എ.ഡി. മുസ്തഫയെ തോൽപ്പിച്ച് യുഡിഎഫിൽ നിന്ന് മണ്ഡലം പിടിച്ചെടുത്ത ശൈലജ 2011ൽ വീണ്ടും മത്സരിച്ചെങ്കിലും സണ്ണി ജോസഫിനോട് 3440 വോട്ടിനാണ് തോറ്റത്. പിന്നീടിങ്ങോട്ട് സണ്ണി ജോസഫ് പേരാവൂരിൽ ഇരിപ്പുറപ്പിച്ചു. നിയമസഭയിലേക്ക് ആറ് തവണ മത്സരിച്ച ശൈലജ രണ്ട് തവണ മാത്രമാണ് പരാജയപ്പെട്ടത്. ആ രണ്ട് വട്ടവും സണ്ണി ജോസഫിനോടാണ് ശൈലജ തോറ്റത്. 1996ലും 2016ലും കൂത്തുപറമ്പിലും 2006ൽ പേരാവൂരിലും 2021ൽ മട്ടന്നൂരിലും എംഎൽഎ ആയി. 2011ലും 2026ലെ ഈ തെരഞ്ഞെടുപ്പിലുമാണ് ശൈലജ പരാജയപ്പെട്ടത്. കഴിഞ്ഞ തവണ റെക്കോഡ് ഭൂരിപക്ഷത്തിൽ മട്ടന്നൂരിൽ നിന്നും വിജയിച്ച ശൈലജയെ ഇക്കുറി മണ്ഡലം മാറ്റി പരീക്ഷിച്ചത് ലക്ഷ്യം കണ്ടില്ലെന്നുമാത്രമല്ല സണ്ണി ജോസഫ് വീണ്ടും എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടതും പാർട്ടിക്കും ശൈലജയ്ക്കും തിരിച്ചടിയായി എന്നുതന്നെ പറയാം.

SCROLL FOR NEXT