ASSEMBLY ELECTION 2026

പ്രചാരണം ശക്തമാക്കി മുന്നണികൾ; നാമനിർദേശ പത്രികാ സമർപ്പണത്തിനുള്ള സമയപരിധി നാളെ അവസാനിക്കും

ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം 537 നാമനിർദേശ പത്രികകളാണ് ലഭിച്ചത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് നാമനിർദേശ പത്രിക നാളെ വരെ സമർപ്പിക്കാം. നാളെ വൈകിട്ട് 11മണി മുതൽ മൂന്നു മണിവരെ ബന്ധപ്പെട്ട വരണാധികാരികൾ മുമ്പാകെ പത്രിക സമർപ്പിക്കാൻ അവസരമുണ്ടാകും. മറ്റന്നാളാണ് ലഭിച്ച പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുക.

വ്യാഴാഴ്ച വരെ പത്രികകൾ പിൻവലിക്കാൻ അവസരം ഉണ്ടാകും. ശേഷമായിരിക്കും സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളുടെ ചിത്രം തെളിയുക. അതേസമയം, ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം 537 നാമനിർദേശ പത്രികകളാണ് ലഭിച്ചത്. തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കേ, പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് മുന്നണികൾ.

അതേസമയം, എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ മുതൽ വിവിധ ജില്ലകളിൽ പര്യടനം നടത്തും. ഏപ്രിൽ മൂന്നുവരെയുള്ള ദിവസങ്ങളിലായി 48 കേന്ദ്രങ്ങളിൽ പ്രസംഗിക്കും. സിപിഐ എം നേതാക്കളായ എം.എ. ബേബി, എം.വി. ഗോവിന്ദൻ, എ. വിജയരാഘവൻ, പ്രകാശ്‌ കാരാട്ട്‌, ബൃന്ദാ കാരാട്ട്‌, വിജൂ കൃഷ്‌ണൻ, മറിയം ധാവ്‌ളെ, സുഭാഷിണി അലി തുടങ്ങിയവരും വിവിധയിടങ്ങളിൽ പൊതുയോഗങ്ങളിൽ സംസാരിക്കും. മുഖ്യമന്ത്രിയുടെ പര്യടനത്തിന്‌ നാളെ പത്തനംതിട്ടയിലാണ്‌ ആരംഭിക്കുന്നത്.

എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരും സംസ്ഥാനത്തുടനീളമുള്ള പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. ബിജെപിയും പ്രചാരണത്തിൽ ഒട്ടുപിന്നിലല്ല. അഞ്ച് സീറ്റുകൾ തീർച്ചയായും ലഭിക്കുമെന്ന കണക്കുക്കൂട്ടലിലാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. നേമം, വട്ടിയൂർകാവ്, കഴക്കൂട്ടം, പാലക്കാട്, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളാണ് ബിജെപി പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.

SCROLL FOR NEXT