ASSEMBLY ELECTION 2026

Poll Lab | ഇതുവരെ 23 മന്ത്രിസഭകള്‍; കാലാവധി തികച്ചത് ഏഴ്

12 പേര്‍ മുഖ്യമന്ത്രി പദം അലങ്കരിച്ചു. എന്നാല്‍ വിരലിലെണ്ണാവുന്ന മന്ത്രിസഭകള്‍ മാത്രമാണ് കാലാവധി തികച്ചത്.

Author : എസ്. ഷാനവാസ്

കേരളത്തിലെ 17മത് നിയമസഭാ തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. ഇതുവരെ 16 തെരഞ്ഞെടുപ്പുകള്‍ നടന്നെങ്കിലും 15 നിയമസഭകളാണ് നിലവില്‍ വന്നത്. ഇക്കാലത്തിനിടെ 23 മന്ത്രിസഭകളുണ്ടായി. 12 പേര്‍ മുഖ്യമന്ത്രി പദം അലങ്കരിച്ചു. എന്നാല്‍ വിരലിലെണ്ണാവുന്ന മന്ത്രിസഭകള്‍ മാത്രമാണ് കാലാവധി തികച്ചത്.

1957 മുതല്‍ 2021 വരെ 16 തെരഞ്ഞെടുപ്പുകളാണ് നടന്നത്. എന്നാല്‍ 15 നിയമസഭകള്‍ മാത്രമാണ് നിലവില്‍ വന്നത്. 1965ല്‍ തെരഞ്ഞെടുപ്പ് നടന്നിരുന്നെങ്കിലും, ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാതിരുന്നതിനാല്‍ മന്ത്രിസഭ രൂപീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. തെരഞ്ഞെടുപ്പില്‍ ജയിച്ചവര്‍ക്ക് എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്യാന്‍ പോലും അന്ന് സാധിച്ചില്ല.

ഇഎംഎസ് നമ്പൂതിരിപ്പാട് മുതല്‍ പിണറായി വിജയന്‍ വരെ 23 മന്ത്രിസഭകള്‍ ഉണ്ടായി. അടിയന്തരാവസ്ഥക്കാലത്ത് കാലാവധി നീട്ടിക്കിട്ടിയ രണ്ടാം അച്യുത മേനോന്‍ സര്‍ക്കാര്‍ ആറര വര്‍ഷത്തോളം അധികാരത്തിലിരുന്നു. ഇതു കൂടാതെ ആറ് മന്ത്രിസഭകള്‍ മാത്രമാണ് ഇക്കാലത്തിനിടെ അഞ്ച് വര്‍ഷം തികച്ചിട്ടുള്ളത്. 1982-87ല്‍ കെ. കരുണാകരന്‍, 1996-2001 ഇ.കെ. നായനാര്‍, 2006-11 വി.എസ്. അച്യുതാനന്ദന്‍, 2011-16 ഉമ്മന്‍ ചാണ്ടി, 2016-21, 2021-26 വര്‍ഷങ്ങളില്‍ പിണറായി വിജയന്‍ എന്നീ മന്ത്രിസഭകളാണ് കാലാവധി തികച്ചിട്ടുള്ളത്. 1987ല്‍ കാലാവധി ഒരുവർഷം ബാക്കിനിൽക്കെ നായനാര്‍ മന്ത്രിസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു.

ഇതുവരെ 12 പേരാണ് മുഖ്യമന്ത്രി പദം വഹിച്ചിട്ടുള്ളത്. ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രിയായത് കെ. കരുണാകരനാണ്, നാലു തവണ. ഇ.കെ. നായനാരും എ.കെ. ആന്റണിയും മൂന്ന് തവണയും, ഇഎംഎസ്, സി. അച്യുത മേനോന്‍, ഉമ്മന്‍ ചാണ്ടി, പിണറായി വിജയന്‍ എന്നിവര്‍ രണ്ട് തവണയും, പട്ടം താണു പിള്ള, ആര്‍. ശങ്കര്‍, പി.കെ. വാസുദേവന്‍ നായര്‍, സി.എച്ച്. മുഹമ്മദ് കോയ, വി.എസ്. അച്യുതാനന്ദന്‍ എന്നിവര്‍ ഓരോ തവണയും മുഖ്യമന്ത്രിമാരായി.

കൂടുതല്‍ കാലം മുഖ്യമന്ത്രിയായത് നായനാരാണ്. മൂന്ന് ടേമുകളിലായി നായനാര്‍ പത്ത് വര്‍ഷവും 353 ദിവസവും മുഖ്യമന്ത്രി പദം വഹിച്ചു. ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ് രണ്ടാമത്, ഒമ്പത് വര്‍ഷവും 312 ദിവസവും പിന്നിടുന്നു. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നതിന്റെ റെക്കോഡും പിണറായിക്കാണ്. ആറ് വര്‍ഷവും 172 ദിവസം മുഖ്യമന്ത്രി പദത്തിലിരുന്ന അച്യുത മേനോനാണ് രണ്ടാമത്. ഏറ്റവും കുറഞ്ഞ കാലം മുഖ്യമന്ത്രിയായത് സിഎച്ചായിരുന്നു. അഞ്ചാം നിയമസഭയുടെ അവസാനകാലത്ത് 50 ദിവസമാണ് സിഎച്ച് മുഖ്യമന്ത്രിയായത്.

തുടര്‍ച്ചയായി തെരഞ്ഞെടുപ്പ് നേരിട്ട് മുഖ്യമന്ത്രിയായ രണ്ടുപേരുണ്ട്, അച്യുത മേനോനും പിണറായി വിജയനും. 1969ല്‍ മുഖ്യമന്ത്രിയായ അച്യുത മേനോന്‍ 1970ലെ രാഷ്ട്രപതി ഭരണത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പ് ജയിച്ചാണ് വീണ്ടും മുഖ്യമന്ത്രിയായത്. 2016ല്‍ മുഖ്യമന്ത്രിയായ പിണറായി വിജയന്‍, 2021 തെരഞ്ഞെടുപ്പും ജയിച്ചാണ് വീണ്ടും മുഖ്യമന്ത്രിയായത്. ഇക്കുറി എല്‍ഡിഎഫ് ജയിച്ച്, പിണറായി വിജയന്‍ മുഖ്യമന്ത്രിയായാല്‍ അത് പുതിയ ചരിത്രമാകും. യുഡിഎഫ് ജയിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതിയൊരാളെയും ലഭിക്കും.

SCROLL FOR NEXT