2021-ല്‍ ഗുരുവായൂരിലും സിപിഐഎം-ബിജെപി ഡീല്‍ നടന്നെന്ന് മുസ്ലീം ലീഗ് നേതാവ് കെ.എന്‍.എ ഖാദര്‍. തന്റെ ആത്മകഥയായ 'വ്യാകരണമില്ലാത്ത പുസ്തക'ത്തിലാണ് സിപിഐഎം-ബിജെപി ഡീല്‍ ആരോപണം. ഡീലിന് ചുക്കാന്‍ പിടിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ഡീല്‍ വ്യക്തമാക്കുന്ന തരം സൂചനകള്‍ നാമനിര്‍ദേശ പത്രിക നല്‍കുന്ന സമയം തന്നെ ലഭിച്ചിരുന്നുവെന്നുമാണ് കെ.എന്‍.എ ഖാദര്‍ പറയുന്നത്. പുസ്തകം ഇന്ന് പുറത്തിറങ്ങും.
2021 തെരഞ്ഞെടുപ്പിലെ ഗുരുവായൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു കെഎന്‍എ ഖാദര്‍. തന്റെ പരാജയത്തിന് കാരണം സിപിഐഎം ബിജെപിയുമായി ഉണ്ടാക്കിയ ഡീല്‍ ആണെന്നും ബിജെപി അതിനായി മണ്ഡലത്തില്‍ സജീവമല്ലാത്ത, ഒട്ടും പ്രാധാന്യമില്ലാത്ത ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തുകയായിരുന്നുവെന്നും കെഎന്‍എ ഖാദര്‍ ആരോപിക്കുന്നു. ഗുരുവായൂരിലെ ഒക്കച്ചങ്ങാതിമാര്‍' എന്ന അധ്യായത്തിലാണ് ആരോപണങ്ങള്‍.
ബിജെപി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയത് ഡീലിന്റെ അടിസ്ഥാനത്തിലാണെന്നും പത്രിക തള്ളിയ ബിജെപി പിന്തുണച്ചത് സ്വതന്ത്രനെയാണെന്നും ഇതുവഴി ബിജെപി വോട്ടുകള്‍ ഭൂരിപക്ഷവും സിപിഎമ്മിലേക്ക് പോയെന്നുമാണ് അധ്യായത്തില്‍ പറയുന്നത്.
'മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പ്രത്യേകം ജാഗ്രത പുലര്‍ത്തിയ മണ്ഡലമായിരുന്നു ഗുരുവായൂര്‍.എനിക്കതിരെ അദ്ദേഹം നേരിട്ട് ചില പ്രസ്താവനകള്‍ നടത്തി. ബിജെപിയുമായി ധാരണയുണ്ടാക്കിയെന്ന് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ചു. സത്യത്തില്‍ മറിച്ചാണ് സംഭവിച്ചത്. അതാണ് യുഡിഎഫിന്റെ തോല്‍വിക്ക് കാരണമായത്. സിപിഐഎമ്മും ബിെജപിയും തമ്മിലായിരുന്നു ധാരണ. മുഖ്യമന്ത്രിയടക്കം ഇടപെട്ട് ബിജെപിയുടെ മുഴുവന്‍ വോട്ടുകളും എല്‍ഡിഎഫിലേക്കെത്തിച്ചു. വിജയം ഉറപ്പാക്കാന്‍ മറ്റുചില മണ്ഡലങ്ങളിലും സിപിഐഎം സമാനരീതിയില്‍ ഒത്തുകളിച്ചിരുന്നു,' പുസ്തകത്തില്‍ പറയുന്നു.
ഗുരുവായൂരിലെ സിപിഐഎം ബിജെപി ധാരണ പകല്‍ പോലെ വ്യക്തമായിരുന്നു. ബിജെപി പ്രതിനിധിയായി ആദ്യം നല്ലരു സ്ഥാനാര്‍ഥി പത്രിക കൊടുത്തിരുന്നു. മുമ്പ് മത്സരിച്ച മണ്ഡലത്തില്‍ സുപരചിതയാണവര്‍. 2016ല്‍ 25490 വോട്ട് നേടിയിട്ടുണ്ട്. അഭിഭാഷകയായ അവര്‍ക്ക് തെരഞ്ഞെടുപ്പിന്റെയും നാമനിര്‍ദേശ പത്രികയുടെയും എല്ലാ നിയമങ്ങളുമറിയാം. എന്നിട്ടും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ഒപ്പില്ലെന്ന് പറഞ്ഞ് അവരുടെ പത്രിക തള്ളുകയായിരുന്നു. ബിജെപി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയപ്പോള്‍ പാര്‍ട്ടി പ്രതിനിധികളാരും തന്നെ അക്കാര്യം പ്രശ്‌നമാക്കുകയോ ചോദ്യം ചെയ്യുകയോ പോലും ചെയ്തില്ല. എല്ലാവരും അത് പ്രതീക്ഷിച്ചിരിക്കുകയായിരുന്നുവെന്ന പോലെയായിരുന്നു പെരുമാറിയതെന്നും കെ.എന്‍.എ ഖാദര്‍ പറയുന്നു. ബിജെപി പ്രതിനിധികള്‍ ആരും സ്വാഭാവിക എതിര്‍പ്പ് പോലും ഉന്നയിച്ചില്ലെന്നും ഖാദര്‍ ഉന്നയിക്കുന്നു.
2016ല്‍ 25000 വോട്ടുകള്‍ക്ക് മുകളില്‍ ബിജെപിക്ക് ലഭിച്ചിരുന്നു. അത് കഴിഞ്ഞ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 33000 വോട്ടുകളും ലഭിച്ചു. എന്നാല്‍ 2021ല്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഇല്ലാതായതോടെ ബിജെപി പിന്തുണ പ്രഖ്യാപിച്ച സ്വതന്ത്രന് 6294 വോട്ട് മാത്രമാണ് കിട്ടിയത്. ബാക്കി വോട്ടുകള്‍ സിപിഐഎമ്മിലേക്ക് പോയെന്നാണ് കെ.എന്‍.എ ഖാദറിന്റെ ആരോപണം.