Source: News Malayalam 24x7
ASSEMBLY ELECTION 2026

"സത്യവിശ്വാസിയായ ഒരു സ്ഥാനാര്‍ഥിയെ മുനാഫിക് എന്ന് വിളിച്ചത് ഗൗരവതരം"; ഷാനവാസ് പാദൂരിനെതിരായ വിദ്വേഷ പ്രസംഗത്തിൽ വനിതാ ലീഗ് നേതാവിനെതിരെ കുമ്പോൽ തങ്ങള്‍

തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ സഭ്യേതര ഭാഷ ഉപയോഗിക്കണമെന്നും കുമ്പോൽ തങ്ങൾ...

Author : ന്യൂസ് ഡെസ്ക്

വയനാട്: കാസർഗോട്ടെ വനിതാ ലീഗ് നേതാവ് ആയിഷാ ഫർസാനയുടെ 'മുനാഫിഖ്' പരാമർശത്തിന് എതിരെ വിമർശനവുമായി സമസ്ത നേതാവ് കുമ്പോൽ തങ്ങൾ. വിശ്വാസിയായ ഒരു സ്ഥാനാർഥിയെ മുനാഫിഖ് എന്ന് വിളിച്ചത് ഗൗരവതരമെന്നും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ സഭ്യേതര ഭാഷ ഉപയോഗിക്കണമെന്നും കെ.എസ്. സയ്യിദ് അലി തങ്ങൾ കുമ്പോൽ വിമർശിച്ചു. വികസനവും ക്ഷേമ പ്രവർത്തനവും മുൻനിർത്തി വോട്ട് തേടുകയാണ് വേണ്ടതെന്നും കുമ്പോൽ തങ്ങൾ പറഞ്ഞു.

അതേസമയം, 'മുനാഫിഖ്' പരാമർശം ചർച്ചയാകുന്നതിനിടെ ഒന്നിച്ച് നിൽക്കാത്ത ഒരു വിഭാഗത്തിനും അള്ളാഹുവിൻ്റെ സഹായം ഉണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം ആയിഷ ഫർസാന പറഞ്ഞിരുന്നു. മൊഗ്രാൽ പുത്തൂരിലെ രാഷ്ട്രീയ പ്രസംഗത്തിനിടെയായിരുന്നു പരാമർശം. നിങ്ങൾ ദൈവത്തിൽ അടിയുറച്ചു നിൽക്കുക. ആശയ, ആദർശ വ്യത്യാസങ്ങൾ നമ്മുടെ സമുദായത്തിന് ദോഷം വരുന്ന രീതിയിൽ ആവരുതെന്ന് ആവശ്യപ്പെടുകയാണ്. ഒന്നിച്ചു നിൽക്കാത്ത ഒരു സമുദായത്തെയും അല്ലാഹു പിന്തുണക്കില്ല. ഭിന്നിച്ചു പോകാതെ ഒന്നിച്ചു നിന്നാൽ മാത്രമേ സമുദായത്തിന് നേട്ടങ്ങൾ കൈവരിക്കാനാവൂ എന്നുമായിരുന്നു ആയിഷ ഫർസാനയുടെ വാക്കുകൾ.

ആയിഷ ഫർസാന ഷാനവാസ് പാദൂരിനെതിരെ പറഞ്ഞ വിദ്വേഷ പരാമർശങ്ങൾ ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. കപട വിശ്വാസിയുടെ പണിയെടുക്കുന്നവൻ എന്നാണ് ഷാനവാസിനെ ആയിഷ ഫർസാനയുടെ പ്രസംഗത്തിൽ പരാമർശിച്ചത്. മുള്ളേരിയയിലെ യുഡിഎഫ് കുടുംബ യോഗത്തിലെ പ്രസംഗത്തിനിടെയായിരുന്നു പ്രതികരണം.

മണ്ഡലം പിടിക്കാൻ മതം പറയുന്നത് ലീഗിൻ്റെ കാലാകാലങ്ങളായുള്ള പ്രയോഗമാണെന്ന് എന്നായിരുന്നു ഷാനവാസ് പാദൂരിൻ്റെ പ്രതികരണം. മതം പറഞ്ഞുകൊണ്ട് കടുത്ത മതവിശ്വാസികളായ മുസ്ലീം സ്ത്രീകളുടെ ഇടയിൽ തന്നെ ഒരു മുനാഫിക്ക് ആയി, അവിശ്വാസിയായി ചിത്രീകരിക്കാനാണ് ലീഗ് നേതൃത്വം ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് ചടങ്ങൾക്ക് വിരുദ്ധമായ പ്രസ്താവന എന്ന നിലയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ടെന്നും ഷാനവാസ് പാദൂർ ന്യൂസ് മലയാളത്തോട് പറഞ്ഞു.

SCROLL FOR NEXT