മലപ്പുറം: എൽഡിഎഫ് സ്ഥാനാർഥിയാകും എന്ന് വാർത്തയ്ക്ക് പിന്നിൽ ആസൂത്രിതമായ അജണ്ട ഉണ്ടെന്ന് മങ്കടയിലെ സ്വതന്ത്ര സ്ഥാനാർഥി കുന്നത്ത് മുഹമ്മദ്. ഒരാഴ്ച്ച മുന്നെ താൻ എൽഡിഎഫ് സ്ഥാനാർഥിയാകും എന്ന് മാധ്യമങ്ങൾ വാർത്ത നൽകിയത് കണ്ടു. എന്നാൽ അത് തൻ്റെ അറിവോടെയല്ലെന്നും കുന്നത്ത് മുഹമ്മദ് പറഞ്ഞു. 32 വർഷമായി മുസ്ലീം ലീഗ് അംഗമാണ്. എംഎസ്എഫിലൂടെയാണ് രാഷ്ട്രീയ രംഗത്ത് വന്നതെന്നും കുന്നത്ത് മുഹമ്മദ് വ്യക്തമാക്കി.
ഇടതുമുന്നണി പിന്തുണയ്ക്കുമെന്ന് അറിയിച്ചാൽ അത് സ്വീകരിക്കുമെന്ന് മങ്കടയിലെ സ്വതന്ത്ര സ്ഥാനാർഥി കുന്നത്ത് മുഹമ്മദ്. എല്ലാവരുടെയും പിന്തുണയാണ് തേടുന്നത്. എൽഡിഎഫുമായി സംസാരിച്ചിട്ടില്ല. താൻ ഇടതുപക്ഷത്തേക്ക് പോയിട്ടുമില്ല. ആർക്കു വേണമെങ്കിലും തന്നെ പിന്തുണക്കാമെന്നും കുന്നത്ത് മുഹമ്മദ് അറിയിച്ചു.
താൻ വണ്ടൂരിൽ സ്ഥാനാർഥിയാകും ഉറപ്പായപ്പോൾ തന്നെ മഞ്ഞളാംകുഴി അലിയുടെ നേതൃത്വത്തിൽ പുറത്താക്കുകയായിരുന്നു. മങ്കടയിലെ വികസനത്തിന് വേണ്ടി മഞ്ഞളാംകുഴി അലി ഒന്നും ചെയ്തിട്ടില്ല. ഒരു കാരണവുമില്ലാതെയാണ് പാർട്ടിയിൽ നിന്ന് എന്നെ പുറത്താക്കിയത്. മഞ്ഞളാം കുഴി അലി ഒഴികെ ആര് സ്ഥാനാർഥിയായാലും താൻ പിന്തുണക്കുമെന്നും കുന്നത്ത് മുഹമ്മദ് കൂട്ടിച്ചേർത്തു.