Source: News Malayalam 24x7
ASSEMBLY ELECTION 2026

"2019ലും മണൽ മാറ്റാൻ സർക്കാർ ശ്രമം നടത്തി", വീണ്ടും ആരോപണവുമായി മാത്യു കുഴൽനാടൻ; ജീവിതത്തിൽ ഇന്നേവരെ ഒരു അഴിമതിയും നടത്തിയിട്ടില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി

"തോട്ടപ്പള്ളിയിൽ നിന്ന് മഴയ്ക്ക് മുൻപ് മണൽ മാറ്റാൻ നിർദേശം നൽകി"

Author : ന്യൂസ് ഡെസ്ക്

എറണാകുളം: പ്രളയ വിവാദത്തിൽ മന്ത്രി കെ. കൃഷ്ണൻകുട്ടിക്കെതിരെ വീണ്ടും ആരോപണവുമായി കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. 2019ലും മണൽ മാറ്റാൻ സർക്കാർ ശ്രമം നടത്തി. തോട്ടപ്പള്ളിയിൽ നിന്ന് മഴയ്ക്ക് മുൻപ് മണൽ മാറ്റാൻ നിർദേശം നൽകി. 2018ലെ അനുഭവം വച്ച് മണൽ ഒഴുകി പോകരുതെന്നായിരുന്നു മന്ത്രി നിർദേശം നൽകിയത്. മണ്ണ് നഷ്ടപ്പെടും മുൻപ് എങ്ങനെയും മണൽ എടുക്കണമെന്ന് ആയിരുന്നു ഉത്തരവിലെ നിർദേശമെന്നും ആരോപണം.

അതേസമയം, മാത്യു കുഴൽനാടൻ്റെ ആരോപണങ്ങളെ ഇന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി തള്ളി. ജീവിതത്തിൽ ഇതുവരെ താൻ ഒരു അഴിമതിയും നടത്തിയിട്ടില്ലെന്ന് കൃഷ്ണൻകുട്ടി വ്യക്തമാക്കി. തോട്ടപ്പള്ളി സ്പിൽവേ ഷട്ടറുകൾ തുറന്നതുമായി ബന്ധപ്പെട്ട് നിയമസഭയിൽ കാര്യങ്ങൾ വ്യക്തമാക്കിയതാണ്. നിയമസഭയിൽ ചർച്ച നടന്നിട്ടും എന്തുകൊണ്ട് കുഴൽനാടൻ മിണ്ടാതിരുന്നുവെന്ന് മന്ത്രി ചോദിച്ചു. വിഷയത്തിൽ നിയമനടപടി സ്വീകരിക്കും. രാജി ആവശ്യവുമായി ചിറ്റൂർ യുഡിഎഫ് സ്ഥാനാർഥി സുമേഷ് അച്യുതൻ്റെ നിരാഹാര സമരം രാഷ്ട്രീയ പ്രേരിതമെന്നും കൃഷ്ണൻകുട്ടി ആരോപിച്ചു.

2018ലെ പ്രളയവുമായി ബന്ധപ്പെട്ട ആരോപണം വ്യാജമെന്ന് തെളിയിച്ചാൽ രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കുമെന്ന് മാത്യു കുഴൽനാടൻ കഴിഞ്ഞ ദിവസം വെല്ലുവിളിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ ജയിച്ചാൽ എംഎൽഎ സ്ഥാനം രാജിവയ്ക്കാനും തയ്യാറാണ്. പുറത്തുവിട്ട ശബ്ദരേഖ എഐ ഓഡിയോ എങ്കിൽ നിയമനടപടി സ്വീകരിക്കട്ടെ എന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

പ്രളയം കരിമണൽ ലോബിക്ക് വേണ്ടി പിണറായി സർക്കാർ ഉണ്ടാക്കിയതാണ് എന്നായിരുന്നു മാത്യു കുഴൽനാടൻ്റെ ആരോപണം. മേരി മാത കൺസ്ട്രക്ഷൻ കമ്പനിക്ക് വേണ്ടിയാണ് തോട്ടപ്പള്ളി സ്പിൽവേ തുറക്കാതിരുന്നത്. ഡാം തുറക്കാഞ്ഞത് ഉദ്യോഗസ്ഥരുടെ അഴിമതിയെന്നും മാത്യു കുഴൽനാടൻ ആരോപിച്ചിരുന്നു.

ആദ്യ പിണറായി മന്ത്രിസഭയിലെ ജലസേചന മന്ത്രിയായിരുന്ന മാത്യു ടി. തോമസ് മേരിമാതാ കണ്‍സ്ട്രക്ഷന്‍ എന്ന സ്വകാര്യ കമ്പനികൾക്ക് ലാഭം ഉണ്ടാക്കാൻ തോട്ടപ്പള്ളി സ്പിൽവേ തുറക്കുന്നത് ഒരു മാസം വൈകിപ്പിച്ചെന്നായിരുന്നു മാത്യു കുഴൽനാടൻ പറഞ്ഞത്. തെളിവായി കെ. കൃഷ്ണൻകുട്ടിയുടേതെന്ന് ആരോപിക്കുന്ന ശബ്ദരേഖയും കുഴൽനാടൻ വാർത്ത സമ്മേളനത്തില്‍ പുറത്തുവിട്ടിരുന്നു. അതേസമയം, കെ. കൃഷ്ണൻകുട്ടിയും മാത്യു ടി. തോമസും ആരോപണം തള്ളിയിരുന്നു.

SCROLL FOR NEXT